വെഡ്ഡിങ് ഗൗണിന്റെ രൂപം മാറ്റി; തിളങ്ങി എമ്മ വാട്സൻ, കയ്യടി
Mail This Article
പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി പോരാടുന്നവരെ ആദരിക്കാൻ ഏർപ്പെടുത്തിയ എർത്ഷോട്ട് പുരസ്കാരദാന ചടങ്ങിൽ ഹോളിവുഡ് നടി എമ്മ വാട്സൻ എത്തിയത് അപ്സൈക്കിൾ ചെയ്തെടുത്ത വസ്ത്രം ധരിച്ച്. ചടങ്ങിൽ പങ്കെടുക്കാനായി ആരും പുതിയ വസ്ത്രം വാങ്ങരുതെന്ന് ആതിഥേയരായ വില്യം രാജകുമാരനും പത്നി കേറ്റ് മിഡിൽടണും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഇത്തരമൊരു വസ്ത്രം എമ്മ തിരഞ്ഞെടുത്തത്.
ഒരു വെഡ്ഡിങ് ഗൗൺ അപ്സൈക്കിൾ ചെയ്താണ് എമ്മയ്ക്കു വേണ്ടി ടോപ് ഒരുക്കിയത്. ഡിസൈനർ ഹാരിസ് റീഡ് ആണ് ഇതിനു പിന്നിൽ. ടോപ്പിനൊപ്പം ഒരു കറുപ്പ് പാന്റ്സ് ആണ് പെയർ ചെയ്തത്. കമ്മല്‍, മോതിരം, ബ്രേസ്‌ലറ്റ് എന്നിവ ആഭരണങ്ങളും ധരിച്ചു. എമ്മയുടെ വസ്ത്രധാരണത്തെ അഭിനന്ദിച്ച് പ്രമുഖരുൾപ്പടെ നിരവധിപ്പേർ രംഗത്തെത്തി.
പഴയ വസ്ത്രങ്ങൾ ധരിച്ചാണ് വില്യമും കേറ്റും പരിപാടിയിൽ പങ്കെടുത്തത്. ഇവരുടെ ഈ പ്രവൃത്തി വലിയ ചർച്ചകൾക്കു തുടക്കമിട്ടിരുന്നു. സുസ്ഥിര ഫാഷൻ എന്ന ആശയവും അതിലൂടെ ഭൂമിയുടെ സംരക്ഷണം എന്ന കടമയും ഓർമപ്പെടുത്തുകയാണ് പഴയ വസ്ത്രം ഉപയോഗിക്കുന്നതിലൂടെ ലക്ഷ്യമിട്ടത്. മികച്ച സ്വീകാര്യതയാണ് ഈ തീരുമാനത്തിന് ലഭിച്ചത്. ഒക്ടോബർ 17 ഞായറാഴ്ച, ലണ്ടനിൽ വച്ചായിരുന്നു പ്രഥമ എർത്ഷോട്ട് പുരസ്കാര ദാന ചടങ്ങ് നടന്നത്. 2030 വരെ പരിപാടിയുമായി മുന്നോട്ടു പോകാനാണ് സംഘാടകരായ ദ് റോയൽ ഫൗണ്ടേഷന്റെ തീരുമാനം.
English Summary : Emma Watson wore an upcycled wedding dress for Earthshot Prize Awards