കൊറിയൻ സീരിസുകൾ അഥവാ ഫാഷൻ ലോകത്തെ പണക്കിലുക്കം
Mail This Article
ആരാധകരുടെ മനം കവരുന്ന ഓരോ കൊറിയൻ സീരീസുകളും ഇറങ്ങുമ്പോൾ കോളടിക്കുന്നതു നിർമാതാക്കൾക്കു മാത്രമല്ല, ഫാഷൻ ലോകത്തിനു കൂടിയാണ്. നായകന്റെയും നായികയുടെയും വസ്ത്രങ്ങളും ഷൂസുകളും എന്തിനേറെ സഹതാരം വയ്ക്കുന്ന തൊപ്പി വരെയും ഫാഷൻ ലോകത്തു പുതിയ ചലനങ്ങൾ ഉണ്ടാക്കും.
∙ ശൂ, ഷൂ...സ്ക്വിഡ് ഗെയിം
നെറ്റ്ഫ്ളിക്സിൽ വമ്പൻ ഹിറ്റായി മാറിയ ഈ കൊറിയൻ ത്രില്ലർ സീരിസിനു പിന്നാലെ ലോകമെമ്പാടുമുള്ള ഷൂ കടകളിൽ വലിയ തിരക്കായി. എല്ലാവർക്കും വേണ്ടതു വെള്ള സ്ലിപ് ഓൺ ഷൂസുകൾ. സീരീസിലെ എല്ലാ കഥാപാത്രങ്ങളും മുഴുവൻ സമയവും ഇടുന്ന ഷൂസാണ് വെള്ള സ്ലിപ് ഓണുകൾ.
∙ ടിപ്ടോപ് വിൻസെൻസോ
കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് കെ–ഡ്രാമ വിൻസെൻസോയിലെ കറുത്ത സ്യൂട്ട് ഡ്രസ്സുകൾ ഒരു ഇൻസ്റ്റന്റ് ഹിറ്റാണ്. സുങ് ജുങ് കിയും ജോൻ യോൻ ബിന്നും കറുത്ത ബ്ലേസറും ബട്ടൺ ലെഗ് വൈഡ് പാന്റ്സും ധരിച്ചെത്തുന്ന സീനുകൾ ഈ ഗ്യാങ്സ്റ്റർ ഡ്രാമയ്ക്ക് ഒരു എക്സിക്യൂട്ടീവ് സ്റ്റൈൽ മികവായി.
∙ ക്രാഷ് ലാൻഡിങ് ഓൺ ഫാഷൻ
2019ൽ പുറത്തിറങ്ങിയ റോം കോം സീരീസ് ‘ക്രാഷ് ലാൻഡിങ് ഓൺ യു’ വിൽ നായിക സൻ യേ ജിൻ വലിയൊരു ഫാഷൻ ബിസിനസിന്റെ തലപ്പത്തുള്ള വ്യക്തിയായാണ് അഭിനയിക്കുന്നത്. ഓരോ സീനിലും പുത്തൻ ഫാഷൻ വസ്ത്രങ്ങളാണു നായിക ധരിക്കുന്നത്. സീരീസിലെ ക്ലാസിക് ബ്രൗൺ ഡബിൾ ബ്രസ്റ്റഡ് കോട്ടും ഫെൻഡി കലിഗ്രഫി ബാഗും ഓഫ് വൈറ്റ് ബ്ലേസറും ചെക്ഡ് ബ്ലേസറും റഫിൾ ടോപ്പും റഫിൾ കോളർ ടോപ്പും വലിയ ഹിറ്റായി.
∙ ചാ ചാ ഹോംടൗൺ ബാഗ്
നെറ്റ്ഫ്ലിക്സിൽ ഏറ്റവുമധികം ആളുകൾ കണ്ട റോം കോം ചാ ചാ ഹോംടൗണിൽ നായിക ഉപയോഗിക്കുന്ന ബാഗാണു ട്രെൻഡായത്. നായിക ഷിൻ മിനാ വരുന്ന മിക്ക സീനുകളിലും കയ്യിലൊരു കറുത്ത ലെതർ ബാഗ് ഉണ്ടാകും. വെള്ള ലൂസ് ഷർട്ടിനൊപ്പം കറുത്ത ബാഗും കൂടിയാകുമ്പോൾ ഷിൻ കൂടുതൽ ക്യൂട്ടായി എന്നാണ് ആരാധകരുടെ അഭിപ്രായം.