ലാറ ജേതാവായപ്പോൾ ഹർനാസിന്റെ പ്രായം 70 ദിവസം; ഇപ്പോൾ കാത്തിരിപ്പിനും ജേതാവിനും 21 വയസ്സ്!
Mail This Article
2000 മേയ് 12, സൈപ്രസിലെ നികോസിയായിൽ മിസ് യൂണിവേഴ്സ് മത്സരത്തിന്റെ ഫൈനൽ. 79 സുന്ദരികൾ മാറ്റുരച്ച മത്സരത്തിന്റെ അവസാനം ഇന്ത്യൻ സുന്ദരി ലാറ ദത്ത കിരീടം ചൂടി. ചോദ്യോത്തര റൗണ്ടിൽ 9.95 പോയിന്റ് എന്ന റെക്കോർഡ് നേട്ടത്തോടെയായിരുന്നു ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി ലാറ കിരീടം നേടിയത്. 1994ൽ സുസ്മിത സെൻ വിശ്വസുന്ദരിയായി ആറു വർഷങ്ങൾക്കിപ്പുറമുള്ള ലാറയുടെ നേട്ടം രാജ്യത്തിന് അഭിമാനവും സന്തോഷവും നൽകി.
തുടർന്നുള്ള വർഷങ്ങളിലും ഇന്ത്യൻ സുന്ദരിമാർ വിശ്വസുന്ദരി പട്ടത്തിനുള്ള പോരാട്ടം തുടർന്നു. എങ്കിലും കിരീടം ഒഴിഞ്ഞു നിന്നു. 2020ൽ മൂന്നാം സ്ഥാനത്തെത്തിയ അഡ്‌ലിൻ കാസ്റ്റെലിനോയുടെ പ്രകടനമാണ് അതുവരെയുള്ളതിൽ മികച്ചത്. അങ്ങനെ കാത്തിരിപ്പ് 21 വർഷം പിന്നിടുമ്പോഴാണ് 21കാരി ഹർനാസിലൂടെയാണ് വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക് വീണ്ടുമെത്തുന്നത്.
പഞ്ചാബിൽ ചണ്ഡീഗണ്ഡിലെ ഒരു സിഖ് കുടുംബത്തിൽ 2000 മാർച്ച് 3ന് ആയിരുന്നു ഹർനാസ് സന്ധുവിന്റെ ജനനം. ലാറ കിരീടം ചൂടുമ്പോൾ ഹർനാസിന് പ്രായം 70 ദിവസം.
ചെറുപ്പം മുതൽ മോഡലിങ്ങിനോട് താൽപര്യം പ്രകടിപ്പിച്ചാണ് ഹർനാസ് വളർന്നത്. നിരവധി സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തു. ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019ൽ ജേതാവായി. ഫെമിന മിസ് ഇന്ത്യയുടെ അവസാന 12ൽ ഇടംപിടിക്കുകയും ചെയ്തു. Miss Diva 2021ൽ ജേതാവായതോടെ വിശ്വസുന്ദരി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം തേടിയെത്തി. ഡിസംബർ 12ന് ഇസ്രായേലിൽ എയ്‌ലറ്റിൽ നടന്ന മത്സരത്തിൽ ജേതാവായി ചരിത്രം കുറിക്കുകയും ചെയ്തു.
പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ഡിഗ്രി ചെയ്യുകയാണ് ഹർനാസ് ഇപ്പോൾ. മുൻ ലോകസുന്ദരിയും നടിയുമായ പ്രിയങ്ക ചോപ്രയാണ് തന്റെ മാതൃകയെന്ന് പല വേദികളും ഹർനാസ് പറഞ്ഞിട്ടുണ്ട്. മോഡലിങ്ങിനൊപ്പം അഭിനയത്തിലും സജീവമാണ്. ‘യാരാ ദിയാൻ പൂ ബാരൻ’ എന്ന പഞ്ചാബി സിനിമയിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. യോഗ, കുതിര സവാരി, െചസ്, പാചകം, നൃത്തം എന്നിവയാണ് വിനോദങ്ങൾ.