‘ഞാൻ ഇപ്പോൾതന്നെ ഒരു വിജയി’; ഫൈനലിന് മുമ്പ് ഹർനാസ് സന്ധു കുറിച്ചത്
Mail This Article
വിശ്വസുന്ദരി മത്സരത്തിന്റെ ഫൈനലിന് മുമ്പ് ജേതാവ് ഹർനാസ് സന്ധു സമൂഹമാധ്യമത്തിൽ പങ്കുവച്ചത് പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്ന വിഡിയോ. ദൈവത്തിനും കുടുംബത്തിനും പിന്തുണച്ചവർക്കും നന്ദി അറിയിച്ചുള്ള കുറിപ്പും ഒപ്പമുണ്ടായിരുന്നു. ഞാൻ ഇപ്പോൾതന്നെ ഒരു വിജയിയാണ്. നിങ്ങളെല്ലാവരും എനിക്കൊപ്പമുണ്ട്. മിസ് യൂണിവേഴ്സ് 2021 ഫൈനലിൽ കാണാം എന്നും ഹർനാസ് കുറിച്ചു.
ഇസ്രയേലിലെ എയ്‌ലറ്റിലായിരുന്നു മിസ് യൂണിവേഴ്സ് 2021 മത്സരം. പഞ്ചാബിലെ ചണ്ഡീഗഡ് സ്വദേശിയും ഇരുപത്തിയൊന്നുകാരിയുമായ ഹർനാസ് പരാഗ്വെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സുന്ദരിമാരെയാണ് ഫൈനൽ റൗണ്ടിൽ പിന്തളളിയത്. 21 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യാക്കാരി വിശ്വസുന്ദരിപട്ടം ചൂടുന്നത്. 1994ൽ സുസ്മിത സെന്നും 2000ൽ ലാറ ദത്തയുമാണ് നേരത്തെ ഇന്ത്യയിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയത്.
ഹർനാസിന്റെ കുറിപ്പ് വായിക്കാം:
‘‘വിശ്വാസം അദൃശ്യമാണ്, അത് അനുഭവിക്കുന്നതാണ്. ഇന്ന് എന്റെ ഹൃദയത്തിലുള്ള വികാരം അതാണ്. ദൈവത്തിലും എന്റെ കുടുംബത്തിലും നിങ്ങൾ എല്ലാവരും എന്നിലേക്ക് ചൊരിഞ്ഞ അനുഗ്രഹത്തിലും ഞാൻ വിശ്വസിക്കുന്നു. ഞാൻ എന്റെ യാത്ര ആസ്വദിച്ചു. ഈ മനോഹരമായ മത്സരത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ എന്റെ കുടുംബവും പഞ്ചാബുമായുള്ള ഓർമകൾ പുനർജ്ജീപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ ഒന്നര മാസം എനിക്കുണ്ടായ അനുഭവങ്ങൾക്ക് ഓരോരുത്തരോടും ഞാൻ നന്ദിയുള്ളവളാണെന്ന് നിങ്ങൾ എല്ലാവരും അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇപ്പോൾതന്നെ ഒരു വിജയിയാണ്. നിങ്ങളെല്ലാവരും എനിക്കൊപ്പമുണ്ട്.മിസ് യൂണിവേഴ്സ് 2021 ഫൈനലിൽ കാണാം!’’