ADVERTISEMENT

വിജയം പ്രതീക്ഷിച്ചല്ല എത്തിയത്. പക്ഷേ ഓരോ റൗണ്ട് പിന്നിടുമ്പോഴും ആത്മവിശ്വാസം വർധിച്ചു. ഒടുവിൽ ഫസ്റ്റ് റണ്ണറപ്പ് ആയി. എറണാകുളം സ്വദേശിയും എൻജിനീയറിങ് വിദ്യാർഥിനിയുമായി ലിവ്യ ലിഫിയുടെ ഇംപ്രസാരിയോ മിസ് കേരള മത്സരത്തിലെ  നേട്ടത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. മിസ് കേരള മത്സരത്തിലെ പ്രകടനവും മറ്റു വിശേഷങ്ങളും ലിവ്യ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

∙ മിസ് കേരളയില്‍ ഫസ്റ്റ് റണ്ണറപ്പ്. എന്തു തോന്നുന്നു?

ഒരുപാട് പ്രതീക്ഷയോടെ അല്ല മത്സരത്തിന് എത്തിയത്. പക്ഷേ ഒരോ ഘട്ടം കഴിഞ്ഞ് മുന്നോട്ട് പോകും തോറും എന്റെ ആത്മവിശ്വാസം വർധിച്ചു കൊണ്ടിരുന്നു. ഞാൻ കഠിനമായി പരിശ്രമിച്ചിരുന്നു. എന്റെ പരമാവധി നൽകണമെന്ന് തീരുമാനിച്ചിരുന്നു. അതിന്റെ ഫലമാണ് ഈ നേട്ടമെന്ന് വിശ്വസിക്കുന്നു. 

livya-liffy-2

∙ മത്സരശേഷം സ്വയം വിലയിരുത്തി കാണുമല്ലോ? മെച്ചപ്പെടുത്തണമെന്നു തോന്നിയത് ഏതു റൗണ്ടിലാണ്?

ചോദ്യോത്തര റൗണ്ടിനെക്കുറിച്ചായിരുന്നു ആദ്യം മുതലേ ടെൻഷൻ. ഞാൻ അതിൽ കുറച്ച് പിന്നിലാണ് എന്ന തോന്നൽ. എന്താണ് പറയേണ്ടത് എന്ന കാര്യത്തിൽ ചില സമയത്ത് വ്യക്തത ഉണ്ടാകില്ല. അത് ആത്മവിശ്വാസം കുറയ്ക്കും. എങ്കിലും സംഘാടകരുടെ ഭാഗത്തുനിന്നു ലഭിച്ച മികച്ച ഗ്രൂമിങ് ഈ പ്രശ്നം മറികടക്കാൻ സഹായിച്ചു. കൂടുതൽ ധൈര്യത്തോടെ ഈ റൗണ്ടിൽ പ്രകടനം നടത്താനായി. എങ്കിലും ഇക്കാര്യത്തിൽ കൂടുതൽ മെച്ചപ്പെടേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. അതിനായി ശ്രമിക്കുന്നുമുണ്ട്.

∙ ഏറ്റവും ആത്മവിശ്വാസം പ്രകടമായ റൗണ്ട് ഏതായിരുന്നു ?

എല്ലാം മികച്ച റൗണ്ടുകൾ ആയിരുന്നു. എങ്കിലും എനിക്ക് ഏറ്റവും കൂടുതൽ ആത്മവിശ്വാസം തോന്നിയത് ഗൗൺ റൗണ്ടിലാണ്. സഞ്ജന ജോൺ ഡിസൈൻ ചെയ്ത ഔട്ട്ഫിറ്റ് ആയിരുന്നു ആ റൗണ്ടിൽ ധരിച്ചത്. അതിലെ എന്റെ പ്രകടനം മികച്ചതായിരുന്നു എന്നു സ്വയം തോന്നി. ബോൾഡ് ആയി അനുഭവപ്പെട്ടു. മറ്റു റൗണ്ടുകളിൽ സാരിയും ലെഹംഗയുമായിരുന്നു വേഷം. 

miss-kerala-winners-1

∙ ബ്യൂട്ടി പേജന്റുകളിൽ മുമ്പ് പങ്കെടുത്തിട്ടുണ്ടോ ?

10 വയസ്സുള്ളപ്പോഴാണ് ആദ്യമായി റാംപിൽ നടക്കുന്നത്. എന്നാൽ ആദ്യത്തെ പ്രഫഷനൽ സൗന്ദര്യമത്സരം 16 ാം വയസ്സിലായിരുന്നു. മേയ് ക്വീൻ 2018ൽ ടോപ് 8 ൽ എത്തി. അടുത്ത വർഷം മേയ് ക്വീൻ, വൈജിസി ക്വീൻ മത്സരങ്ങളിൽ സെക്കന്റ് റണ്ണർ അപ് ആയി. തുടർന്ന് മിസ് മില്ലേനിയൽ ടോപ് മോഡൽ 2020 ന്റെ ടൈറ്റിൽ വിന്നറായി. 

∙ മോഡലിങ്ങുമായി മുന്നോട്ടു പോകാനാണോ തീരുമാനം ?

കാഞ്ഞിരപ്പള്ളിയിലെ അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ്ങിൽ ബിടെക് രണ്ടാംവർഷ വിദ്യാർഥിനിയാണ്. ഇപ്പോൾ പഠനത്തിനാണ് പ്രാധാന്യം നൽകുന്നത്. പഠനം പൂർത്തിയാക്കിയശേഷം മോഡലിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. 

miss-kerala-winners

∙ കുടുംബം 

എറണാകുളത്താണ് ജനിച്ചത്. പിന്നീട് ബഹ്റൈനിലേക്ക് പോയി. ഞാൻ 12 ാം ക്ലാസ് വരെ അവിടെ ആയിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലേക്ക് തിരിച്ചു വരികയായിരുന്നു. കുടുംബം ഇപ്പോഴും ബഹ്റൈനിലാണ്. അച്ഛൻ ലിഫി പൗലോസ്. ബിസിനസ് ആണ്. അമ്മ സിനി ആന്റണി എച്ച്.ആര്‍ ആയി ജോലി ചെയ്യുന്നു. സഹോദരി ലിയോണ ലിഫി വിദ്യാർഥിനിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com