ADVERTISEMENT

ലോക്ഡൗൺ ആയതോടെ പഠനം പാതിവഴിയിൽ നിർത്തി ഓസ്ട്രേലിയയിൽനിന്നു നാട്ടിലേക്ക് എത്തിയതാണു ഗഗന ഗോപാൽ. പക്ഷേ അത് ജീവിതത്തിലെ സുവർണ നിമിഷങ്ങളാണ് ഗഗനയ്ക്ക് സമ്മാനിച്ചത്. കേരളത്തിലെ ഏറ്റവും പ്രശസ്ത സൗന്ദര്യ മത്സരം ഇംപ്രസാരിയോ മിസ് കേരളയുടെ സെക്കന്റ് റണ്ണറപ് ആണ് ഗഗന. ആദ്യമായി പങ്കെടുത്ത സൗന്ദര്യമത്സരത്തിലാണ് നേട്ടമെന്നതു ശ്രദ്ധേയം. ഗഗന ഗോപാൽ മിസ് കേരള മത്സരത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും പറയുന്നു. 

gagana-gopal-1

∙ മിസ് കേരള മത്സരത്തിലേക്ക്

ഞാൻ ഓസ്ട്രേലിയയിൽ പഠിക്കുകയായിരുന്നു. കോവിഡിനെ തുടർന്ന് നാട്ടിലേക്ക് വന്നതാണ്. അങ്ങനെയിരിക്കുമ്പോഴാണ് മിസ് കേരള മത്സരത്തെക്കുറിച്ച് അറിയുന്നത്. ‘എന്തായാലും വെറുതെ ഇരിക്കുകയല്ലേ, മത്സരത്തിൽ പങ്കെടുക്കൂ, നല്ലൊരു അനുഭവം ആകും’ എന്നു പറഞ്ഞ് മാതാപിതാക്കള്‍ എന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് മിസ് കേരളയുടെ ഭാഗമാകുന്നത്. വെറുതെ ഒന്നു ശ്രമിച്ചു നോക്കാം എന്നു കരുതി. പക്ഷേ ഇവിടെ വരെ എത്തി. എന്നെ സെക്കന്റ് റണ്ണറപ് ആയി പ്രഖ്യാപിച്ചപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. കാരണം അതു ഞാൻ സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല.

∙ പ്രിയപ്പെട്ട റൗണ്ട്

ഫൈനലിലെ ചോദ്യോത്തര റൗണ്ട് ആയിരുന്നു എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. എന്താണ് ചോദിക്കാൻ പോകുന്നത് നമുക്ക് അറിയില്ലല്ലോ. അതുകൊണ്ടു തന്നെ അതൊരു ചാലഞ്ചിങ് റൗണ്ട് ആയിരുന്നു. ഞാൻ ആ റൗണ്ട് വളരെയധികം ആസ്വദിച്ചു.

gagana-423

∙ ഈ മേഖലയിൽ തുടരാനാണോ തീരുമാനം ?

മിസ് കേരളയിലെ വിജയം മോഡലിങ്ങിൽ തുടരാൻ പ്രചോദനം നൽകുന്നതാണ്. ഇനിയുള്ള ഒരു വര്‍ഷം മുഴുവൻ അതിനായി ശ്രമിക്കാനാണ് തീരുമാനം. കോവിഡിന്റെ പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ അവസരങ്ങൾ കുറവായിരിക്കും എന്നറിയാം. എങ്കിലും പരമാവധി ശ്രമിക്കും. സിനിമയിൽ അഭിനയിക്കാനും താൽപര്യമുണ്ട്. എനിക്ക് അനുയോജ്യമായ വേഷങ്ങൾ ലഭിക്കുകയാണെങ്കിൽ തീർച്ചയായും ചെയ്യും. കൂടാതെ കേരളത്തിൽ ഫിസിക്കൽ ഫിറ്റ്നസിന് കൂടുതൽ പ്രചാരം നൽകണം എന്ന ആഗ്രഹവും എനിക്കുണ്ട്.

∙ പഠനം, പാഷൻ

സ്പോർട്സ് ആന്‍ഡ് എക്സർസൈസ് സയൻസ് ആണ് പഠിക്കുന്നത്. 16 വർഷമായി പ്രഫഷനൽ സ്വിമ്മിങ്ങിന്റെ ഭാഗമാണ്. മൂന്നു തവണ സംസ്ഥാന റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. സ്പോർട്സിലായിരുന്നു പാഷൻ. അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാൽ മോഡലിങ്, അഭിനയം എന്നിവയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. കഴിഞ്ഞ വർഷം രണ്ട് മോഡലിങ് അസൈൻമെന്റ് ചെയ്തു. പിന്നെ ഒരു മ്യൂസിക് വിഡിയോയിലും അഭിനയിച്ചു. അതിനുശേഷമാണ് ഈ പേജന്റിൽ പങ്കെടുക്കുന്നത്.

gagana-324

∙ കുടുംബം

അച്ഛൻ ഗോപാൽ മേലാർകോട്. അദ്ദേഹം 30 വർഷം ദുബായിലായിരുന്നു. അവിടെ ഒരു മൾട്ടി നാഷനൽ കമ്പനിയിലായിരുന്നു ജോലി. കുടുംബസമേതം അവിടെയായിരുന്നു. ഞാൻ ജനിച്ചതും വളർന്നതുമെല്ലാം അവിടെയാണ്. കഴിഞ്ഞ വർഷം അച്ഛൻ വിരമിച്ചു. അതോടെ ഞങ്ങളെല്ലാവരും തിരിച്ചു വന്നു. അമ്മ ഗീതാലക്ഷ്മി. സൈക്കോളജിയാണ് പഠിച്ചത്. ദുബായിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി പ്രവർത്തിച്ചിരുന്നു. ചേട്ടൻ ഗൗതം ഓസ്ട്രേലിയയില്‍ ഹ്യൂമൻ റിസോഴ്സസ് ആൻഡ് മാർക്കറ്റിങ് പഠിക്കുകയാണ്. ലോക്ഡൗണിൽ ചേട്ടനും എനിക്കൊപ്പം തിരിച്ചു വന്നു. ആളിപ്പോൾ ബെംഗളൂരുവിൽ ഇന്റേൺഷിപ്പ് ചെയ്യുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com