ADVERTISEMENT

കേരള കൈത്തറിയെന്നാൽ കസവു സാരിയും മുണ്ടും നേര്യതും മാത്രമായിരുന്ന കാലത്ത് മുംബൈയിലെ റെഡ് കാർപെറ്റിൽ കൈത്തറിയുടെ പുതുമുഖം അവതരിപ്പിച്ചാണ് രാഹുൽ മിശ്രയെന്ന ഡൽഹി ഡിസൈനർ ഫാഷൻലോകത്തേക്കു ചുവടുവച്ചത്. 2006ലെ ലാക്മേ വേദിയിൽ കേരളത്തിലെ സ്വർണക്കസവുള്ള ഐവറി കോട്ടൺ തുണികൾ അതുവരെ കാണാത്ത പുതുമകൾ തേടി. ഇരുപുറവും മാറിധരിക്കാവുന്ന റിവേഴ്‌സിബിൾ വസ്ത്രങ്ങൾ ഉൾപ്പെടെ വ്യത്യസ്ത ഡിസൈനുകളിൽ ദേശീയ ശ്രദ്ധ നേടി ബാലരാമപുരം കൈത്തറി.

rahul-mishra-design-01

 

അഹമ്മദാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ പഠനത്തിന്റെ ഭാഗമായി പ്രോജക്ട് തയാറാക്കാൻ കേരളത്തിലെത്തിയ രാഹുൽ തന്റെ പിന്നീടുള്ള 15 വർഷത്തെ കരിയറിൽ പലപ്പോഴായി ഇവിടത്തെ കൈത്തറിയുടെ കൈപിടിച്ചിട്ടുണ്ട്. മുംബൈയിൽ നിന്നു പാരിസ് വരെയുള്ള രാഹുലിന്റെ ജൈത്രയാത്രയ്ക്കിടെ ദേശീയ, രാജ്യാന്തര ഫാഷൻ അരങ്ങുകളിൽ കേരള കൈത്തറിയും ഒപ്പമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ റിലയൻസ് ബ്രാൻഡ് ലിമിറ്റഡ് (ആർബിഎൽ) രാഹുൽ മിശ്രയുമായി കൈകോർക്കുമ്പോൾ അതു കേരളത്തിനും ആഹ്ലാദവാർത്തയാണ്.

rahul-mishra-design-02

 

കൈത്തറിയിൽ റെഡി ടു വെയർ വസ്ത്രങ്ങളൊരുക്കിയാണ് രാഹുൽ ഫാഷൻ അരങ്ങിലേക്കെത്തിയതെങ്കിലും പിന്നീട് ലക്ഷ്വുറി ഫാഷനിലും കരകൗശല വൈദഗ്ധ്യത്തിന്റെ സൂക്ഷ്മ സങ്കീർണതകളിലും വലിയ സാധ്യതകൾ തേടുകയായിരുന്നു അദ്ദേഹം. 2014ൽ മിലൻ ഫാഷൻ വീക്കിലെ പ്രശസ്തമായ ഇന്റർനാഷനൽ വൂൾമാർക്ക് പുരസ്കാരം രാഹുൽമിശ്രയ്ക്കായിരുന്നു. ഇതു നേടുന്ന ആദ്യത്തെ ഇന്ത്യൻ ഡിസൈനറും രാഹുൽ തന്നെ. 2020 ജനുവരി മുതൽ പാരിസ് ഫാഷൻ സീസണുകളിൽ തുടർച്ചയായി സാന്നിധ്യമാണ് രാഹുൽ മിശ്ര.

 

‘‘വലിയ കാൻവാസിൽ തിയറ്ററും കോസ്റ്റ്യൂമും ചേരുന്ന ഡിസൈനർ വസ്ത്രങ്ങൾ എന്റെയുള്ളിലെ കലാകാരനെ തൃപ്തിപ്പെടുത്തുന്നതാണെങ്കിലും ഞാൻ കൗച്യൂർ ഫാഷനിൽ ഒരുക്കുന്ന പലതും സാധാരണ ജീവിതത്തിൽ ധരിക്കാനാവുന്നതല്ലെന്ന് എനിക്കറിയാം. പുതിയ കൊളാബറേഷനിലൂടെ റെഡി ടു വെയർ ശ്രണിയിലുള്ള ഡിസൈനുകളാണ് രംഗത്തെത്തുക’’, രാഹുൽ പറയുന്നു.

 

പ്രളയത്തിനു ശേഷം പറവൂർ ചേന്ദമംഗലത്തെ തറികളുടെ നവീകരണത്തിന് നേതൃത്വം നൽകിയ സേവ് ദ ലൂം എൻജിഒയുമായി ചേർന്ന് കൈത്തറിയിലെ പുതുസാധ്യതകൾ തേടാൻ രാഹുൽ ചർച്ചകൾ നടത്തിയിരുന്നു. റിലയൻസിനൊപ്പമുള്ള സംരംഭത്തിലൂടെ രാഹുൽ മിശ്ര പുതിയ യാത്ര തുടങ്ങുമ്പോൾ പ്രതീക്ഷയിലാണ് കേരള കൈത്തറിയും.

 

English Summary : Balaramapuram Kaithari New Design by Rahul Mishra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com