‘കവിത ചൊല്ലും സാരികൾ’; പരീക്ഷണവുമായി കോഴിക്കോട്ടുകാരി
Mail This Article
പല പുത്തൻ പരീക്ഷണങ്ങളും ഫാഷൻ ലോകത്ത് ചർച്ചയാകാറുണ്ട്. എത്ര പുത്തൻ ഫാഷൻ വസ്ത്രങ്ങൾ വന്നാലും മലയാളികൾ കൈവിടാത്ത വസ്ത്രമാണ് സാരി. പലർക്കും ഇത് വിശേഷാവസരങ്ങളിൽ തിളങ്ങാൻ സഹായിക്കുന്ന വസ്ത്രം കൂടിയാണ്. കാലം മാറിയതോടെ സാരികളിലും മാറ്റം വന്നു തുടങ്ങി. പണ്ട് കോട്ടൻ അല്ലെങ്കിൽ സിൽക്ക് തുണികൾ കൊണ്ടാണ് സാരി നിർമിച്ചിരുന്നതെങ്കിൽ ഇന്ന് അതിന് പല മാറ്റങ്ങളും വന്നു കഴിഞ്ഞു. പല സംസ്ഥാനങ്ങളും അവരുടേതായ സംസ്കാരം വസ്ത്രങ്ങളിലൂടെ എടുത്ത കാട്ടി. ഉത്തർപ്രദേശിൽ നിന്ന് ബനാറസ് സാരികൾ, തമിഴ്നാട്ടിൽ നിന്ന് കാഞ്ചീപുരം പട്ട് സാരി, കേരളത്തിന്റെ സ്വന്തം കസവ് സാരി എന്നിവയും അതിൽപ്പെടുന്നു.
റെഡിമേയ്ഡ് സാരികളാണ് പുത്തൻ താരം. പാവാട പോലെ പെട്ടെന്ന് ധരിക്കാം എന്നതാണ് കാരണം. പ്ലീറ്റുകളും ഉള്ളതിനാൽ അതിനുവേണ്ടിയും സമയം പോകില്ല. സാരികളിൽ പല പ്രിന്റുകൾ ഇപ്പോൾ ഇറങ്ങുന്നുണ്ട്. കോഴിക്കോട് സ്വദേശി ഹെന്നയും സാരികളിൽ അൽപം വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചു. പല നിറത്തിലുള്ള പ്രിന്റുകൾ ഇറങ്ങുന്നുണ്ട്. അപ്പോൾ മറ്റെന്തു കൊണ്ടുവന്നാൽ ആണ് ആ വ്യത്യസ്ത ഉണ്ടാകുക എന്ന ചോദ്യത്തിന് ഷെൽഫിൽ ഇരുന്ന പുസ്തകങ്ങളാണ് മറുപടി പറഞ്ഞത്. കവിതകൾ. സാരിയിൽ മറ്റു ഡിസൈനുകൾക്ക് പകരം കവിതകൾ എഴുതുക.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട മാധവിക്കുട്ടിയുടെ കവിതകൾ തന്നെ കൊടുക്കാം എന്നതും തീരുമാനിച്ചു. ഇതോടെ ഹെന്നയുടെ കവിതാ സാരികളും ഹിറ്റായി. എന്തുകൊണ്ടു മാധവിക്കുട്ടിയുടെ കവിതകൾ എന്നതിന് മാധവിക്കുട്ടിയുടെ വലിയ ആരാധികയാണെന്നും അവർക്ക് സ്ത്രീകളുടെ മനസ്സും അവരുടെ വിചാരങ്ങൾ എഴുത്തിൽ പ്രകടമാക്കാൻ കഴിയുന്നുണ്ടെന്നുമായിരുന്നു മറുപടി. രണ്ടു ആഴ്ചയാണ് ഇത്തരത്തിൽ ഒരു സാരി ചെയ്യാനായി എടുക്കുന്ന സമയം. സ്വയം എഴുതി തയാറാക്കുന്നതിനാലാണ് ഇത്ര സമയം എടുക്കുന്നത്. 2021ലാണ് സാരികളിലെ കവിതകൾ എന്ന ആശയം വന്നതെന്ന് ഹെന്ന പറയുന്നു. ഫാബ്രിക് പെയിന്റ് ഉപയോഗിച്ചാണ് എഴുത്ത്. അതിനാൽ കഴുകിയാലും വരികൾ നഷ്ടമാകില്ല. ക്യാപസുകളിൽ പെൺകുട്ടികൾക്കുള്ള മുണ്ടും വേഷ്ടിയും തരംഗംകൊണ്ടുവന്നതിലും ഹെന്നയ്ക്ക് പങ്കുണ്ട്. കസവിന്റെ മുണ്ടിൽ ഫെബ്രിക് പെയിന്റിനാൽ ഡിസൈനുകളിൽ വന്ന മുണ്ടുകളും വേഷ്ടികളും കോളജ് ക്യാംപസുകൾ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ധാവണി, സാരി എന്നിവ മാറ്റി ഓണത്തിന് എങ്ങനെ വ്യത്യസ്തരാകാം എന്നതിനുള്ള ഉത്തരമായിരുന്നു അത്. വേഷ്ടിക്ക് കൂടുതൽ പ്രാധാന്യം നൽകി രൂപകൽപന ചെയ്യുന്ന ഫ്യൂഷൻ സെറ്റാണ് തയാറാക്കിയിരുന്നത്. സാധാരണ പരീക്ഷണങ്ങൾ ബോർഡറിന്റെ അരികുകളിൽ മാത്രം ഒതുങ്ങുമ്പോൾ വേഷ്ടിയിലെ വ്യത്യസ്തതയാണ് ഈ മാറ്റത്തിന്റെ പ്ലസ്. ഫ്യൂഷൻ സെറ്റിൽ മുണ്ടിന്റെ ബോർഡറിന് മാച്ച് ചെയ്യുന്ന വേഷ്ടി ഹിറ്റായി മാറിയിരുന്നു. അതിന് ശേഷമാണ് സാരിയിലെ പുതിയ പരീക്ഷണങ്ങൾ.