പത്തനംതിട്ടക്കാരി ന്യൂയോർക്കിന്റെ മിസ് ഇന്ത്യ; മീര തങ്കം മാത്യുവിന്റെ വിജയഗാഥ
Mail This Article
സ്വപ്നതുല്യമായ നേട്ടത്തിന്റെ ഹാങ്ങോവറിലാണ് ഇപ്പോഴും മീര തങ്കം മാത്യു. യുഎസിൽ ഇന്ത്യൻ സമൂഹത്തിനിടയിൽ ഏറ്റവും പ്രശസ്തമായ സൗന്ദര്യ മത്സരങ്ങളിലൊന്നായ മിസ് ഇന്ത്യ ന്യൂയോർക്ക് കിരീടം ഇത്തവണ മീരയ്ക്കാണ്. ഐടി ജോലിയുടെയും ബിരുദപഠനത്തിന്റെയും വലിയ തിരക്കുകൾക്കിടയിലാണ് മീര ഈ നേട്ടം സ്വന്തമാക്കിയത് എന്നത് തികച്ചും അഭിനന്ദനാർഹം.
ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ താമസിക്കുന്ന പത്തനംതിട്ട കൈപ്പട്ടൂർ ചെരിവുകാലായിൽ ജോൺ മാത്യുവിന്റേയും അടൂർ സ്വദേശിനി രാജി മാത്യുവിന്റേയും മകളാണ് മീര. ന്യൂയോർക്ക് പൊലീസിലെ ട്രാഫിക് ഡിവിഷൻ ഉദ്യോഗസ്ഥനാണ് ജോൺ മാത്യു. ഇളയ സഹോദരി താര മാത്യു സ്‌കൂൾ വിദ്യാർഥിനിയാണ്.
ഇപ്പോൾ യുഎസിലാണെങ്കിലും കൈപ്പട്ടൂരിലാണ് മീര മാത്യു ജനിച്ചത്. മൂന്നാംവയസ്സിൽ യുഎസിലേക്കു പോയി.
∙ തുണച്ചത് ടൈം മാനേജ്മെന്റ്
ജോലിത്തിരക്കുകളും കർശനമേറിയ ഷെഡ്യൂളും മീരയ്ക്കുണ്ട്. എങ്കിൽ പോലും മോഡലിങ്, സൗന്ദര്യമത്സരത്തിൽ പങ്കെടുക്കൽ, ഡാൻസിങ് തുടങ്ങിയ തന്റെ ഹോബികൾക്കും സമയം കണ്ടെത്തുന്നു. സമയം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതാണ് തന്‌റെ വിജയരഹസ്യമെന്ന് മീര പറയുന്നു.
ജോലിക്കും പഠനത്തിനുമിടയിലുള്ള ഇടവേളകളിൽ മെന്ററായ അർച്ചന ഫിലിപ്പിന്‌റെ നിർദേശമനുസരിച്ചാണു തന്റെ പാഷനുകൾ മീര പിന്തുടരുന്നത്. അർച്ചനയും മലയാളിയാണ്. ജൻസു എന്ന മറ്റൊരു മലയാളി സുഹൃത്തും പ്രോത്സാഹനവും മാർഗനിർദേശങ്ങളും നൽകി മീരയ്ക്ക് ഒപ്പമുണ്ട്.
ന്യൂയോർക്കിൽ നടന്ന വമ്പൻ ബ്രൈഡൽ ഷോയായ ദുൽഹാൻ എക്സ്പോയിൽ പോസ്റ്റർ ഗേളാകാനുള്ള അവസരം ഇതിനിടെ മീരയെ തേടി വന്നു. സുമിത് ആര്യ അണിയിച്ചൊരുക്കിയ ഈ ഷോയുടെ കൊറിയോഗ്രാഫർ കരംജിത്ത് സിങ്ങായിരുന്നു. മലയാളി ഫൊട്ടോഗ്രഫറായ ജോൺ മാർട്ടിനാണു ചിത്രമെടുത്തത്.
മിസ് ക്വീൻ കേരള എന്നൊരു സൗന്ദര്യമൽസരത്തിലും പങ്കെടുക്കാൻ മീരയ്ക്കു ക്ഷണം ലഭിച്ചിരുന്നു. എന്നാൽ കോവിഡിന്റെ ഭാഗമായ നിയന്ത്രണങ്ങൾ നിലനിന്നതിനാൽ അന്ന് അതിനു സാധിച്ചില്ല. ആറുവർഷമായി മീര മോഡലിങ് ചെയ്യുന്നു.
ഇതിനെല്ലാമപ്പുറം മിസ് ഇന്ത്യ ന്യൂയോർക്ക് എന്ന പെരുമയേറിയ സൗന്ദര്യ മത്സരത്തിനായി മീര സ്വയം തയാറെടുത്തത്. സൗന്ദര്യമത്സരങ്ങളുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ വിഡിയോകൾ കാണുക എന്നതായിരുന്നു പ്രധാന തയാറെടുപ്പ്. ഐശ്വര്യറായി, സുഷ്മിത സെൻ തുടങ്ങിയ സൗന്ദര്യറാണിമാരുടെ ലോകസൗന്ദര്യവേദിയിലേക്കുള്ള കടന്നുവരവിനു കാരണമായ 1994ലെ മിസ് ഇന്ത്യ മുതൽ വിവിധ കാലയളവിലെ മിസ് യൂണിവേഴ്‌സ്, മിസ് വേൾഡ്, മിസ് ഇന്ത്യ യുഎസ്എ, മിസ് ഇന്ത്യ ന്യൂയോർക്ക് മത്സരങ്ങളുടെ വിഡിയോ മീര മുടങ്ങാതെ കാണുകയും അതിൽ നിന്നു പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്തു.
∙ അമേരിക്കയിലെ മിസ് ഇന്ത്യ
മിസ് ഇന്ത്യ മത്സരങ്ങൾ ഇന്ത്യയുടെ ദേശീയ തലത്തിലെ ഏറ്റവും പ്രമുഖമായ സൗന്ദര്യമത്സരമാണ്. എന്നാൽ ദേശീയ തലത്തിനു പുറമേ രാജ്യാന്തര തലത്തിലും ഈ മത്സരത്തിന്റെ വകഭേദമുണ്ടെന്നുള്ളത് പലർക്കും അറിയില്ല. മിസ് ഇന്ത്യ വേൾഡ് വൈഡ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. മിസ് ഇന്ത്യയുടെ സംഘാടകർ തന്നെയാണ് ഇതും നടത്തുന്നത്. ലോകത്ത് വിവിധരാജ്യങ്ങളിലുള്ള ഇന്ത്യൻ സമൂഹത്തിലെ വനിതകളിൽ നിന്നാണ് മിസ് ഇന്ത്യ വേൾഡൈ്വഡിനെ തിരഞ്ഞെടുക്കുന്നത്. അതിനായി ഒരുപാട് ദേശീയതല മത്സരങ്ങളുണ്ട്. ഉദാഹരണത്തിന് മിസ് ഇന്ത്യ യുഎസ്, മിസ് ഇന്ത്യ ഹോങ്കോങ്, മിസ് ഇന്ത്യ സൗത്ത് ആഫ്രിക്ക അങ്ങനെ ഒട്ടേറെ.
ഇക്കൂട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് മിസ് ഇന്ത്യ യുഎസ്എ. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മത്സരാർഥികൾ പങ്കെടുക്കുന്ന മെഗാ പാജന്റ്. ഇലിനോയിയിൽ നിന്നുള്ള സുരിത മൻസുഖാനിയായിരുന്നു ഇതിലെ ആദ്യ വിജയി. നടിമാരായ നീത പുരി, പൂജ കുമാർ, റിച്ച ഗംഗോപാധ്യായ, നികിതാഷ മർവാഹ, മോണിക്ക ഗിൽ, ശ്രീ സൈനി തുടങ്ങിയവർ ഈ കിരീടം മുൻവർഷങ്ങളിൽ നേടിയിട്ടുള്ളവരാണ്.
ഈ പാജന്റിലേക്കുള്ള മത്സരാർഥികളെ തീരുമാനിക്കുന്നത് സംസ്ഥാന തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ നിന്നാണ്. ഇത്തരത്തിൽ ന്യൂയോർക്ക് നഗരത്തിൽ നടക്കുന്ന സംസ്ഥാന തല മത്സരമാണ് മിസ് ഇന്ത്യ ന്യൂയോർക്ക്. പനാഷെ എന്റർടെയിൻമെന്റ് എന്ന സ്ഥാപനവും ധർമാത്മ സരൺ, നിഷി ബാഹ്‌ൽ, ശിൽപ ജുറാനി എന്നിവരുടെ നേതൃത്വത്തിലുള്ള ഐഎഫ്സിയുമായി ചേർന്നായിരുന്നു സംഘാടനം.
എന്നാൽ സ്വന്തം നിലയിൽ തന്നെ ഒരു സ്ഥാനം രാജ്യാന്തര ഇന്ത്യൻ സൗന്ദര്യമത്സരങ്ങളിൽ മിസ് ഇന്ത്യ ന്യൂയോർക്കിനുണ്ട്. ഇന്ത്യയ്ക്ക് പുറത്തു നടക്കുന്ന മിസ് ഇന്ത്യ മത്സരങ്ങളിൽ ഏറ്റവും പഴയതെന്നതാണ് പ്രധാന സവിശേഷത. 1980ലാണ് തുടങ്ങിയത്. ആദ്യമായി ഇന്ത്യയ്ക്ക് വെളിയിൽ ഒരു മിസ് ഇന്ത്യ പാജന്റ് വകഭേദം നടന്നത് അന്നാണ്. ആദ്യത്തെ മിസ് ഇന്ത്യ ന്യൂയോർക്ക് കിരീടം നേടിയത് റിച്ച ശർമ എന്ന വനിതയായിരുന്നു. ഇവർ പിന്നീട് ബോളിവുഡ് നടിയാകുകയും നടൻ സഞ്ജയ് ദത്തിനെ വിവാഹം കഴിക്കുകയും ചെയ്തു ചെയ്തു.
അതുപോലെ അമേരിക്കയിലെ ഏറ്റവും പ്രശസ്ത നഗരമായ ന്യൂയോർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ മിസ് ഇന്ത്യ വകഭേദം എന്ന നിലയിലും മിസ് ഇന്ത്യ ന്യൂയോർക്ക് ശ്രദ്ധേയമാണ്. റിയ സപ്കലായിരുന്നു മീരയ്ക്കു മുൻപ് കിരീടം നേടിയത്.
∙മലയാളികൾ പിന്നോട്ടാണ്
ഇത്തരം മത്സരങ്ങളിൽ മലയാളികൾ പൊതുവെ പിന്നോട്ടാണെന്ന് മീര പറയുന്നു. ഇതിനു മുമ്പ് മിസ് ഇന്ത്യ ന്യൂയോർക്ക് ആയത് ഒരു മലയാളി മാത്രമാണ്. 2018ൽ ജേതാവായ രേണുക ജോസഫാണ് അത്. മിസ് ഇന്ത്യ യുഎസിൽ ആ വർഷം രേണുക രണ്ടാം സ്ഥാനത്തെത്തി.
മിസ് ഇന്ത്യ യുഎസ് കിരീടവും ഒരു മലയാളി നേടിയിട്ടുണ്ട്. 2001ൽ ജേതാവായ സ്റ്റേസി ഐസക് ഫ്‌ളോറിഡ സംസ്ഥാനത്തെയാണു പ്രതിനിധീകരിച്ചത്. അക്കൊല്ലത്തെ മിസ് ഇന്ത്യ വേൾഡ്‌വൈഡിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു സ്റ്റേസി.
കേരളത്തിലേതു പോലെ തന്നെ വിദ്യാഭ്യാസത്തിനാണു വിദേശ മലയാളി സമൂഹവും പ്രാധാന്യം നൽകുന്നതെന്ന് മീര പറയുന്നു. താൻ മിസ് ഇന്ത്യ ന്യൂയോർക്ക് കിരീടം നേടിയപ്പോൾ കുടുംബാംഗങ്ങൾ ആശ്ചര്യഭരിതരായി. അവർക്ക് ആദ്യമതു വിശ്വസിക്കാനേ കഴിഞ്ഞില്ലെന്നും മീര.
മിസ് ഇന്ത്യ ന്യൂയോർക്ക് കിരീടത്തിനൊപ്പം ബെസ്റ്റ് സ്കിൻ എന്ന വിഭാഗത്തിലും മീര ജേതാവായി. തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കേണ്ട ഒരു വിഭാഗം പാജന്റിലുണ്ട്. അതിൽ മീര നൃത്തമാണു ചെയ്തത്. ഹിന്ദി ഗാനമായ മോഹെ രംഗ്, തമിഴ്ഗാനമായ കലാശാല എന്നിവയ്ക്കാണു ചുവടുവച്ചത്. മലയാളിയായ ജോഷ് ജോണായിരുന്നു ഇവന്റിന്റെ ഒഫീഷ്യൽ ഫൊട്ടോഗ്രഫർ.
∙ ഉപേക്ഷിച്ച പൊലീസ് യൂണിഫോം
പൊലീസ് ഓഫിസറാകണം എന്നതായിരുന്നു മീരയുടെ ചെറുപ്പം തൊട്ടുള്ള ആഗ്രഹം. ഹൈസ്‌കൂൾ പഠനത്തിനു ശേഷം ആ ജോലിയുടെ പടിവാതിൽക്കൽ വരെ എത്തുകയും ചെയ്തു. എന്നാൽ പൊലീസ് ജോലിയേക്കാൾ മികച്ച കരിയറും തന്റെ സ്വപ്‌നങ്ങൾ പിന്തുടരാനുള്ള സാവകാശവും ഐടി മേഖലയിലെ ജോലിക്കു നൽകാൻ സാധിക്കുമെന്നു തിരിച്ചറിഞ്ഞ് അങ്ങോട്ടേക്കു കൂടുമാറുകയായിരുന്നു. എങ്കിലും പൊലീസ് ഭ്രമം തലയ്ക്കു പിടിച്ച കാലത്ത് അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെന്റ് യുണൈറ്റഡ് എന്ന സംഘടനയിൽ മീര ചേർന്നിരുന്നു. യുഎസിൽ വിവിധ നിയമപരിപാലന സംഘടനകളിൽ അംഗങ്ങളായുള്ള മലയാളികളുടെ അസോസിയേഷനാണ് ഇത്. സംഘടനയുടെ പ്രസിഡന്റായ തോമസ് ജോയ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിബു ഫിലിപ്പോസ്, നിധിൻ ഏബ്രഹാം, ഉമ്മൻ സ്ലീബ, നിതീഷ് ജോസഫ്, ഡാനി എസ് സാമുവൽ, വിനോദ് കുര്യൻ, മാത്യൂസ് സാമുവൽ, മെൽവിൻ മാമ്മൻ, നോബിൾ വർഗീസ് തുടങ്ങിയവർ തനിക്ക് മാർഗനിർദേശങ്ങൾ നൽകിയെന്നു മീര പറയുന്നു. ന്യൂയോർക്കിലെ മലയാളി സമൂഹത്തിനും മീര നന്ദി അറിയിക്കുന്നു. കേരളത്തിലുള്ളവരും മാധ്യമങ്ങളിൽ നിന്നു വാർത്ത അറിഞ്ഞ ശേഷം അഭിനന്ദിച്ച് വിളിച്ചിരുന്നെന്നു മീര പറയുന്നു.
യുഎസിലെ ജോൺ ജേയ് കോളജ് ഓഫ് ക്രിമിനൽ ജസ്റ്റിസിൽ ഫോറൻസിക് സൈക്കോളജി എന്ന പഠനശാഖയിൽ മേജർ ബിരുദ, ഹോംലാൻഡ് സെക്യൂരിറ്റിയിൽ മൈനർ ബിരുദ വിദ്യാർഥിയാണ്. ഇതോടൊപ്പം ന്യൂയോർക്കിലെ ഹെൽത്ത്‌കെയർ സെക്ടറിൽ ഏറ്റവും വലിയ കമ്പനികളിലൊന്നായ നോർത്‌വെല്ലിന്റെ ഐടി വിഭാഗത്തിൽ ജോലിയും ചെയ്യുന്നു.
പഠനത്തിനൊപ്പം ജോലി എന്നത് യുഎസിൽ സാധാരണമായ കാര്യമാണെന്നു മീര പറയുന്നു. ജോലി പകൽസമയത്തെങ്കിൽ കോളജ് രാത്രി സമയത്ത് തിരഞ്ഞെടുക്കാൻ അവസരമുണ്ട്.
∙ യുഎസ് കിരീടം നേടാൻ..
മിസ് ഇന്ത്യ യുഎസ്, മിസ് ഇന്ത്യ വേൾഡൈ്വഡ് കിരീടം നേടണമെന്നാണ് മീരയുടെ ആഗ്രഹം. അതിനായുള്ള പരിശീലനങ്ങൾ, ഡയറ്റിങ് എല്ലാം തകൃതിയാണ്. തെക്കനേഷ്യൻ, ഇന്ത്യൻ, മെഡിറ്ററേനിയൻ വിഭവങ്ങൾ ഇഷ്ടമുള്ള ഒരു ഫുഡിയാണ് മീര. എന്നാൽ ഇപ്പോൾ ഭക്ഷണം നന്നായി നിയന്ത്രിച്ച് ജിമ്മിലും മറ്റും വർക്കൗട്ടുകളും കാർഡിയോ എക്സർസൈസുകളിലും ഏർപ്പെട്ടിരിക്കുകയാണ്. ഓഗസ്റ്റ് 15നാണു മിസ് ഇന്ത്യ യുഎസ് പാജന്റ്.
എന്നാൽ കിരീടം നേടുന്നതിലല്ല, മറിച്ച് സമൂഹത്തിന് ഒരു റോൾമോഡലായി മാറുക എന്നതിനാണു താൻ ഊന്നൽ കൊടുക്കുന്നതെന്നു മീര പറയുന്നു.
∙ ലക്ഷ്യം സിനിമയും
ഇന്ത്യൻ സിനിമകളിൽ അഭിനയിക്കുക എന്നത് മീരയുടെ വലിയ ലക്ഷ്യങ്ങളിലൊന്നാണ്. പ്രത്യേകിച്ച് തെന്നിന്ത്യൻ സിനിമകളിൽ.
മലയാളം സിനിമകളെ ഏറെ സ്‌നേഹിക്കുന്ന മീര കോമഡി ചിത്രങ്ങളുടെ ആരാധികയാണ്. പഞ്ചാബി ഹൗസ് പോലുള്ള സിനിമകൾ തനിക്കേറെ ഇഷ്ടമാണെന്നു മീര പറയുന്നു. ദൃശ്യം, കുരുക്ഷേത്ര തുടങ്ങിയ സിനിമകളും വളരെയിഷ്ടം. ഇംഗ്ലിഷ് പോലെയില്ലെങ്കിലും മലയാളം ഭാഷയും മീരയ്ക്ക് വഴങ്ങും.
കേരളത്തിൽ മോഡലിങ് ചെയ്യാനും മീരയ്ക്ക് താൽപര്യമുണ്ട്. അതോടൊപ്പം തന്നെ തന്റെ പഠനത്തിലും കരിയറിലും ഇവർ ശ്രദ്ധ പുലർത്തുന്നു. ഭാവിയിൽ അമേരിക്കയിൽ ഒരു സ്റ്റാർട്ടപ്പ് തുടങ്ങി ബിസിനസ് രംഗത്തേക്കിറങ്ങാനാണ് ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത്.
ഭരതനാട്യം പഠിക്കാനായി രക്ഷിതാക്കൾ ചേർത്തിരുന്നു. എന്നാൽ പഠനത്തിരക്കുകളും മറ്റും കാരണം മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. സ്വയം തയാറെടുക്കാനുള്ള ശേഷി ഇവിടെയും രക്ഷയ്‌ക്കെത്തി. വിഡിയോകളിൽ നിന്നും ഓൺലൈൻ ക്ലാസുകളിൽ നിന്നും നൃത്തം പഠിച്ച മീര ഇന്ന് മികച്ച ഒരു നർത്തകിയാണ്. പതിനഞ്ചോളം ഭാഷകളിലെയും സംസ്കാരങ്ങളിലെയും പാട്ടുകളും നൃത്തങ്ങളും ശ്രദ്ധിക്കാനും പഠിക്കാനും താൻ ശ്രമിക്കാറുണ്ടെന്ന് മീര പറയുന്നു.
English Summary: Miss India New york Meera Mathew on her siccess