കമന്റുകൾ ശ്രദ്ധിക്കാറില്ല; ആത്മവിശ്വാസം നൽകിയത് പൂർണിമ ചേച്ചി: സയനോര
Mail This Article
സ്വന്തം നിലപാടുകൾ പോലെ ബോൾഡ് ആണ് ഗായിക സയനോരയുടെ വസ്ത്രധാരണവും. മറ്റുള്ളവർ എന്തു പറയും എന്ന ചിന്ത ഇഷ്ടമുള്ളത് ധരിക്കുന്നതിൽനിന്നു സയനോരയെ തടയാറില്ല. സ്വന്തം ശരീരത്തെക്കുറിച്ച് ആശങ്കപ്പെട്ടിരുന്ന, ഫാഷനെക്കുറിച്ച് യാതൊന്നും അറിയാതിരുന്ന, ചുരിദാർ മാത്രം ധരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന പെൺകുട്ടിയിൽനിന്ന് ഇന്നത്തെ സയനോരയിലേക്കുള്ള ആ മാറ്റം സമയമെടുത്തു സംഭവിച്ചതാണ്. ചില വ്യക്തികളും പല തിരിച്ചറിവുകളും ആ മാറ്റത്തിനു പിന്നിലുണ്ട്. തന്റെ ‘ഫാഷൻ ഇവലൂഷ്യനെ’ക്കുറിച്ച് മലയാളികളുടെ പ്രിയ ഗായിക പറയുന്നു.
∙ ആത്മവിശ്വാസമാണ് സൗന്ദര്യം
ഫാഷൻ ലോകത്തുനിന്ന് ഒരുപാട് അകന്നു ജീവിച്ച ആളാണു ഞാൻ. മമ്മിയുടെ സാരി വെട്ടി ചുരിദാർ തയ്ക്കുന്നതായിരുന്നു കോളജ് പഠനകാലത്തെ രീതി. ആ സമയത്ത് ചുരിദാർ മാത്രമേ ധരിക്കുമായിരുന്നുള്ളൂ. കയ്യും കാലും കണ്ടാൽ അയ്യേ എന്നു പറയുന്ന ആളുകളുടെ അതേ മനോഭാവമായിരുന്നു എനിക്കും. പതിയെ ശരീരത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറി. പൊതുബോധത്തിൽ ഉറച്ച സങ്കൽപമല്ല മറിച്ച് ഒരാൾക്ക് അയാളുടെ ശരീരത്തിലുള്ള ആത്മവിശ്വാസമാണ് സൗന്ദര്യം എന്നു വിശ്വസിക്കാന്‍ തുടങ്ങി. എനിക്ക് ആത്മവിശ്വാസം കൈവന്നു. അതോടെ ശരീരത്തെ കൂടുതൽ സ്നേഹിക്കാനും ബോൾഡായി വസ്ത്രം ധരിക്കാനും തുടങ്ങി. സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ ഞാൻ ശ്രദ്ധിക്കാറില്ല. ഇത് എന്റെ ജീവിതമാണ്. ഒരുപ്രാവശ്യം മാത്രം കിട്ടുന്ന ഭാഗ്യം. അത് ആരെയും ബുദ്ധിമുട്ടിക്കാതെ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുക എന്നുള്ളതാണ് എന്റെ മോട്ടോ.
∙ വസ്ത്രം തിരഞ്ഞെടുക്കുമ്പോൾ
കാലാവസ്ഥയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാറുണ്ട്. നമ്മുടേത് ചൂടുള്ള കാലാവസ്ഥ ആയതിനാൽ ചൂടു കൂടുതൽ തോന്നുന്ന വസ്ത്രങ്ങൾ പൊതുവേ തിരഞ്ഞെടുക്കാറില്ല. വസ്ത്രം ധരിക്കുമ്പോൾ കംഫർട്ട് തോന്നണം. സംതൃപ്തി അനുഭവിക്കാനാകണം. അത് നമുക്ക് ആത്മവിശ്വാസം നൽകും.
അടുത്തിടെ ദുബായിൽ പോയപ്പോൾ മുടിയിൽ ആഫ്രിക്കൻ ബ്രെയ്‌ഡ്‌സ് ചെയ്തിരുന്നു. അതു മാറ്റിയപ്പോൾ ഒരുപാടു മുടി പോയി. അതുകൊണ്ടാണ് ഞാൻ മുടി മുറിച്ചത്. ഇപ്പോൾ ഈ ഹെയർ സ്റ്റൈൽ ആണ് ഇഷ്ടം. നമ്മുടെ വസ്ത്രവും മേക്കോവറുമെല്ലാം ആറ്റിറ്റ്യൂഡ് മെച്ചപ്പെടുത്താൻ സഹായിക്കും എന്നാണ് തോന്നിയിട്ടുള്ളത്. എന്റേതായ ഒരു സ്റ്റേറ്റ്മെന്റ് കൊണ്ടുവരാൻ എപ്പോഴും ശ്രമിക്കാറുണ്ട്.
കംഫർട്ടബിൾ അല്ലാത്ത വസ്ത്രങ്ങളും ആക്സസറികളുമെല്ലാം പലപ്പോഴും ധരിക്കേണ്ടി വന്നിട്ടുണ്ട്. ഹൈ ഹീൽസ് എനിക്ക് തീരെ കംഫർട്ടബിളല്ല. പക്ഷേ പണ്ട് ചില ഷോകളിൽ ഹൈ ഹീൽസ് ഇട്ടേ തീരൂ എന്ന സാഹചര്യമുണ്ടാകും. അങ്ങനെ ഒരിക്കൽ രണ്ടുമൂന്നു പാട്ട് കഴിഞ്ഞപ്പോൾ ചെരിപ്പു മാറ്റി സ്റ്റേജിലേക്ക് കയറി. കംഫർട്ട് എനിക്ക് വളരെ പ്രധാനമാണ്.
∙ ഫാഷൻ റോൾ മോഡൽസ്
പൂർണിമ ചേച്ചിയെ (പൂർണിമ ഇന്ദ്രജിത്ത്) എനിക്ക് വളരെ ഇഷ്ടമാണ്. പണ്ട് ഞാൻ എന്റെ ശരീരത്തെക്കുറിച്ച് ഭയങ്കര കോൺഷ്യസ് ആയിരുന്നു. അന്ന് പൂർണിമ ചേച്ചിയാണ് ആത്മവിശ്വാസം തന്നത്. ‘മെലിഞ്ഞവർക്കു മാത്രമേ സൗന്ദര്യമുള്ളൂ എന്നാരാണ് പറഞ്ഞത്? നീ നിന്റെ ശരീരത്തിൽ സൗന്ദര്യം കണ്ടെത്തണം. ആത്മവിശ്വാസം വളർത്തിയെടുക്കണം’ അങ്ങനെ ഒരുപാടു കാര്യങ്ങൾ ചേച്ചി പറഞ്ഞു, പ്രചോദിപ്പിച്ചു. ചേച്ചിയുടെ ഫാഷനും കളർ സിലക്‌ഷനും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ‘ഷീ ഈസ് എ വണ്ടർഫുൾ ലേഡി’ എന്നു നിസംശയം പറയാം.
മോഡൽ ആയ ആഷ്‌ലി ഗ്രഹാമിനെ ഞാൻ ശ്രദ്ധിക്കാറുണ്ട്. അവരുടെ സ്റ്റൈൽ എനിക്ക് ഇഷ്ടമാണ്. എന്റെ സുഹൃത്ത് മൃദുല മുരളിയുടെ ഡ്രസിങ് സെൻസും മികച്ചതാണ്.
∙ സൗന്ദര്യബോധം
തടി, നിറം എന്നിവ ആസ്പദമാക്കിയുള്ള നമ്മുടെ സൗന്ദര്യബോധത്തിനു മാറ്റം വരുത്തേണ്ടതുണ്ട്. ഞാൻ യോഗ ചെയ്യാറുണ്ട്, നടക്കാൻ പോകാറുണ്ട്, കിക്ക് ബോക്സിങ് ചെയ്യാറുണ്ട്. ഇതൊക്കെ എന്റെ ജീവിതരീതിയുമായി ബന്ധപ്പെട്ടതാണ്. ഒന്നും മെലിയാൻ വേണ്ടി ചെയ്യുന്നതല്ല. ആരോഗ്യത്തോടെ ഇരിക്കുക എന്നതാണു മുഖ്യം.
∙ പ്രിയപ്പെട്ട ആക്സസറി
എനിക്ക് ഹെഡ് ആക്‌സസറീസ് ഇഷ്ടമാണ്. മുടി മുറിച്ചതിനു ശേഷം ഭംഗിയുള്ള തൊപ്പികളും ഹെയർ ബാൻഡുകളും വാങ്ങാറുണ്ട്. സ്റ്റേറ്റ്മെന്റ് ജ്വല്ലറിയായി ഉപയോഗിക്കുന്നത് മൂക്കുത്തിയാണ്. മൂക്ക് കുത്തിയിട്ടില്ലാത്തതിനാൽ മൂക്കിൽ വയ്ക്കുന്ന സ്റ്റഡ് ആണ് ഉപയോഗിക്കുന്നത്. ഇപ്പോൾ പാദസരം ധരിക്കാറുണ്ട്. മമ്മി വാങ്ങിത്തന്നതു കൊണ്ട് എനിക്ക് അതു വളരെ പ്രിയപ്പെട്ടതാണ്. ഞാൻ വളരെ കുറച്ച് ആഭരണം മാത്രമേ ധരിക്കൂ. സാരി ഉടുക്കുമ്പോഴാണ് വളയും മാലയും കമ്മലുമൊക്കെ ധരിക്കാറുള്ളത്. അല്ലെങ്കിൽ ഒരു മൂക്കുത്തിയോ മാലയോ കമ്മലോ ധരിക്കും. എല്ലാം ആഭരണങ്ങളും ഒന്നിച്ചു ധരിക്കാറില്ല.
∙ ഷോപ്പിങ്
ഓൺലൈൻ ഷോപ്പിങ് ചെയ്യാറില്ല. എവിടെയെങ്കിലും പോകുമ്പോൾ കണ്ട് ഇഷ്ടപ്പെട്ടു വാങ്ങുന്നതാണ് അധികവും. ജെസാഷ് എന്ന ബുട്ടീക് ആണ് ഷോകൾക്ക് വേണ്ട വസ്ത്രം ഡിസൈൻ ചെയ്യുന്നത്. മൃദുല മുരളിയുടെ ബ്രാൻഡിൽനിന്നുള്ള ആക്സസറികൾ എനിക്ക് ഇഷ്ടമാണ്. മൃദുലയുടെ ബുട്ടീക്കിൽ ഷോപ്പിങ്ങിന് പോകാറുണ്ട്. ബ്രാൻഡിന് വളരെയേറെ പ്രാധാന്യം നൽകുന്ന ആളല്ല ഞാൻ. പക്ഷേ ചില ബ്രാൻഡുകളുടെ ഫിറ്റിങ്ങും സ്റ്റിച്ചിങ്ങും നന്നായി തോന്നാറുണ്ട്. നല്ല ബ്രാൻഡിന്റെ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ കൂടുതൽ ഈടു നിൽക്കുന്നതായി തോന്നിയിട്ടുണ്ട്.
∙ അനുകരണമല്ല സ്റ്റൈൽ
നമ്മുടെ സ്വഭാവത്തിനനുസരിച്ച് സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ഉണ്ടാക്കി എടുക്കുകയാണു വേണ്ടത്. കണ്ണുമടച്ച് ആരെയും അനുകരിക്കരുത്. എനിക്ക് സൗകര്യപ്രദമായവ ഞാൻ ഉപയോഗിക്കുന്നു. എന്നാൽ അതു മറ്റുള്ളവർക്കു ചേരണം എന്നില്ല. എനിക്ക് എന്തെല്ലാം ചേരും എന്ന് പരീക്ഷിച്ചു നോക്കാൻ ഇഷ്ടമാണ്. അങ്ങനെ സ്വന്തമായി ഒരു സ്റ്റൈൽ ഉണ്ടാക്കാം.
English Summary: Musician Sayanora Philip on her fashion choices