മെർലിന്റെ ഗൗണിന് കേടുപാടുകളില്ല; വിവാദം അനാവശ്യമെന്ന് അധികൃതർ
Mail This Article
മെർലിൻ മൺറോയുടെ ചരിത്രപ്രാധാന്യമുള്ള വസ്ത്രം കിം കർദാഷിയാൻ നശിപ്പിച്ചെന്ന വാദം തെറ്റെന്ന് റിപ്ലേസ് മ്യൂസിയം. മെറ്റ്ഗാല വേദിയിൽ സൂപ്പർ മോഡൽ കിം കർദാഷിയാൻ ഹോളിവുഡ് നടന ഇതിഹാസം മെർലിൻ മൺറോയുടെ പ്രശസ്തമായ ഗോൾഡൻ ഗൗൺ ധരിച്ചിരുന്നു. റിപ്ലേ മ്യൂസിയത്തിൽ നിന്നാണ് ഈ ഗൗൺ വാടകയ്ക്ക് എടുത്തത്. എന്നാൽ ഇത് ഗൗണിന് കേടുപാടുകള്‍ വരുത്തിയെന്നായിരുന്നു ആരോപണം വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടു. തുടർന്നാണ് വിശദീകരണവുമായി റിപ്ലേസ് മ്യൂസിയം രംഗത്തെത്തിയത്.
എങ്ങനെയാണോ വസ്ത്രം കൈമാറിയത് അതുപോലെ തന്നെയാണു തിരിച്ചു കിട്ടിയതെന്നു മ്യൂസിയം അധികൃതർ അറിയിച്ചു. വസ്ത്രത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് 2017 ൽ റിപ്ലേസ് തയാറാക്കിയിരുന്നു. ഗൗണിന്റെ തുണി, ഹുക്കുകൾ എന്നിവയിലെ ചെറിയ മാറ്റങ്ങൾ വരെ കൃത്യമായി റിപ്പോർട്ടിലുണ്ട്. അതിലുള്ളതല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും കിം ഉപയോഗിച്ചശേഷം ഗൗണിൽ ഉണ്ടായിട്ടില്ലെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. കിം ഈ ഗൗൺ ധരിച്ചത് മെർലിൻ മൺറോയെക്കുറിച്ച് കൂടുതലറിയാൻ പുതുതലമുറയിൽ താൽപര്യം ഉണ്ടാക്കിയെന്നും അധികൃതർ പറഞ്ഞു.
കിം ഉപയോഗിച്ചതിനാൽ വസ്ത്രത്തിലെ ഏതാനും അലങ്കാര തെങ്ങലുകളും ക്രിസ്റ്റലുകളും നഷ്ടപ്പെട്ടതായി മെർലിൻ മൺറോ ചരിത്രകാരനായ സ്കോട്ട് ഫോർറ്റനറാണ് ആരോപിച്ചത്. ഇത് സാധൂകരിക്കുന്നതെന്ന നിലയിൽ ഏതാനും ചിത്രങ്ങൾ ദി മെർലിൻ മൺറോ കലക്‌ഷൻ എന്ന ഇൻസ്റ്റഗ്രാം പങ്കുവച്ചിരുന്നു.
1962ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ 45ാം ജന്മദിനാഘോഷ ചടങ്ങിൽ ജന്മദിനഗാനം പാടിയത് മെർലിൻ മൺറോയായിരുന്നു. ഈ ഗൗൺ ആയിരുന്നു വേഷം. മരണത്തിന് മുമ്പ് മെർലിൻ പങ്കെടുത്ത പ്രധാന പരിപാടിയായിരുന്നു അത് എന്നതും ഗൗണിന്റെ പ്രാധാന്യം വർധിപ്പിച്ചു. 1962ൽ 1440 ഡോളറാണ് മെർലിന്‍ ഈ ഗൗണിനായി മുടക്കിയത്. 1999 ൽ 1.26 മില്യൻ ഡോളറിന് ലേലത്തിൽ പോയി. 2016ലെ ലേലത്തിൽ 4.6 മില്യൻ ഡോളറിന് ലേലം ചെയ്തതോടെ ഗൗൺ ചരിത്രം കുറിച്ചു. തുടർന്ന് ഓർലാൻഡോയിലെ റിപ്ലേസ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത് വാടകയ്ക്ക് എടുത്താണ് മേയ് ആദ്യ വാരം നടന്ന മെറ്റ് ഗാലയിൽ കിം ധരിച്ചത്. ഏഴരക്കിലോയോളം ഭാരം ഇതിനായി കുറച്ചു. ചരിത്ര വസ്ത്ര സംരക്ഷകർ കിമ്മിന്റെ പ്രവൃത്തിക്കെതിരെ അന്ന് രംഗത്തെത്തിയിരുന്നു.