‘അതു കാര്യമായി എടുക്കുന്നില്ല, മാന്യമായ വസ്ത്രങ്ങളേ ധരിക്കാറുള്ളൂ’: രമ്യ സുരേഷ്
Mail This Article
മലയാള സിനിമയിൽ സഹനടി വേഷങ്ങളിലൂടെ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുകയാണ് രമ്യ സുരേഷ്. കഥാപാത്രം ചെറുതോ വലുതോ ആകട്ടെ സ്വയം അടയാളപ്പെടുത്താൻ രമ്യയ്ക്ക് സാധിക്കുന്നു. സിനിമയിൽ നാട്ടിൻപുറത്തുകാരി വേഷങ്ങളിലാണ് എത്തുന്നതെങ്കിലും ജീവിതത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് രമ്യ തിളങ്ങുന്നത്. മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്നത് രമ്യയുടെ ജീവിതത്തിൽ സാധാരണമാണെങ്കിലും പ്രേക്ഷകർക്ക് അതും ഒരു അദ്ഭുതമാണ്. കഥാപാത്രങ്ങളിലൂടെ മനസ്സിൽ പതിഞ്ഞത് തീർത്തും വ്യത്യസ്തമായ രൂപമായതു കൊണ്ടാണത്. അതു കാരണം രമ്യയ്ക്ക് ചിലപ്പോഴെല്ലാം കമന്റുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതൊന്നും കാര്യമായി എടുക്കാറില്ല. തനിക്ക് ചേരുന്നതും മാന്യവുമായ വസ്ത്രമാണ് ധരിക്കുന്നതെന്ന് ഉറപ്പുണ്ടെന്ന് രമ്യ പറയുന്നു. താരത്തിന്റെ വസ്ത്രവിശേഷങ്ങളിലൂടെ.
∙ പ്രേക്ഷകരുടെ മനസ്സിൽ നാടൻ കഥാപാത്രങ്ങളിലൂടെയാണ് സ്ഥാനം പിടിച്ചത്. എന്നാൽ സ്റ്റൈലിഷായി വസ്ത്രം ധരിക്കുന്ന വ്യക്തിയാണ്. ഇത് ആരെയെങ്കിലും അദ്ഭുതപ്പെടുത്തിയിട്ടുണ്ടോ?
സിനിമയിൽ എനിക്ക് ലഭിക്കുന്നതെല്ലാം നാടൻ കഥാപാത്രങ്ങളാണ്. അപ്പോൾ നാടൻ വസ്ത്രങ്ങള്‍ മാത്രം ധരിക്കാനാവൂ. മോഡേൺ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. ഇപ്പോൾ എന്റെ അഭിമുഖങ്ങൾ വരുന്നതുകൊണ്ടും അങ്ങനെ മോഡേൺ ഡ്രസ്സിൽ കാണുന്നതുകൊണ്ടുമാണ് ആളുകൾ തിരിച്ചറിയുന്നത്. മുൻപ് വിദേശത്ത് പോകുമ്പോൾ ആളുകൾ എന്നെ തിരിച്ചറിയാറില്ലായിരുന്നു. എന്നെ കാണുമ്പോൾ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന മട്ടിൽ അവർ അങ്ങ് പോകും. എന്നാൽ ഇപ്പോൾ കൂടുതൽ ആളുകൾ തിരിച്ചറിയുന്നു. സിനിമയിൽ കാണുന്ന ആളല്ലല്ലോ നേരിട്ട് കാണുമ്പോൾ എന്നെല്ലാം വന്നു പറയുന്നവരുണ്ട്. സെറ്റുകളിലും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. ഗൂഗിളിൽ തിരഞ്ഞപ്പോൾ കണ്ട ആളല്ലല്ലോ, ഞങ്ങൾക്ക് ആളുമാറിയോ എന്നു സംശയിച്ചു എന്നെല്ലാം പറഞ്ഞിട്ടുണ്ട്.
∙ ഏതുതരം വസ്ത്രങ്ങളാണ് ഇഷ്ടം? തിരഞ്ഞെടുക്കുമ്പോൾ എന്താണ് ശ്രദ്ധിക്കാറുള്ളത്?
ജീൻസും ടോപും ധരിക്കാനാണ് കൂടുതൽ ഇഷ്ടം. ഷർട്ടും പ്രിയ വസ്ത്രമാണ്. വസ്ത്രങ്ങൾ തിഞ്ഞെടുക്കുമ്പോൾ എനിക്ക് ചേരുന്നതാണോ എന്നാണു നോക്കാറുള്ളത്. മാന്യമായിട്ടുള്ള വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്.
∙ സ്റ്റൈലിഷ് കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹം തോന്നിയിട്ടുണ്ടോ?
സ്റ്റൈലിഷ് കഥാപാത്രങ്ങൾ ചെയ്യണം എന്ന ആഗ്രഹമൊന്നുമില്ല. അഭിനയപ്രാധാന്യമുള്ള കഥാപാത്രം വേണമെന്നേ ഉള്ളൂ. ചെറുതായിട്ട് വന്നു പോകുന്നതാണെങ്കിലും അതിൽ എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ സന്തോഷം. സ്റ്റൈലിഷ് കഥാപാത്രം ഇതുവരെ ചെയ്യാത്തതുകൊണ്ട് അത് എങ്ങനെയാവുമെന്ന് യാതൊരു ഊഹവുമില്ല.
∙ വസ്ത്രധാരണത്തിൽ പോലും ഇടിച്ചു കയറി അഭിപ്രായം പറയുന്ന പ്രവണത സമൂഹത്തിന് ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ?
ഇത് എല്ലാവർക്കും അനുഭവമുള്ള കാര്യമാകും. മറ്റുള്ളവരുടെ വസ്ത്രധാരണത്തിൽ അഭിപ്രായം പറയുന്നവരാണ് നമ്മുടെ നാട്ടുകാർ. എനിക്കും അത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. സിനിമയിലെ കോസ്റ്റ്യൂം എനിക്ക് ഒരു യൂണിഫോം പോലെയാണ്. യൂണിഫോം ഇട്ടുകൊണ്ട് വെറുതെ പുറത്തിറങ്ങി നടക്കാറില്ലല്ലോ. അത് എനിക്ക് ജോലി സ്ഥലത്ത് മാത്രം ഇടാനുള്ളതാണ്.
ഞാൻ പൊതുപരിപാടികളിൽ അധികം പങ്കെടുത്തിട്ടില്ല. സാധാരണ ജീവിതത്തിൽ എങ്ങന വസ്ത്രം ധരിക്കുന്നുവെന്ന് ആളുകൾക്ക് അറിയില്ല. അതുകൊണ്ടു തന്നെ എന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ആളുകളിൽ നിന്നും കമന്റുകൾ ഉണ്ടാകാറുണ്ട്. അതു കാര്യമായി എടുക്കുന്നില്ല. മാന്യമായ വസ്ത്രങ്ങൾ മാത്രമേ ധരിക്കുന്നുള്ളൂ എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്.
∙ ഡ്രസ്സിങ്ങിൽ മാത്രമോ അതോ ആക്സസറികളിലും താൽപര്യമുണ്ടോ?
ആക്സസറിസിനോട് അധികം കമ്പമില്ല. ഒരുപാട് ബഹളമുള്ള ആക്സസറിസ് ധരിക്കാൻ താല്പര്യമില്ല. വസ്ത്രത്തിനു ചേരുന്ന സിംപിൾ ആക്സസറിസ് ആണ് ഇഷ്ടം.
∙ ഷോപ്പിങ്
ഡ്രസ്സും ആക്‌സസറീസും വാങ്ങാനായി മാത്രം ഷോപ്പിങ്ങിനു പോകാറില്ല. പുറത്തു പോകുമ്പോൾ ചിലത് കണ്ടു ഇഷ്ടം തോന്നും. അപ്പോൾ അത് വാങ്ങും. ചിലപ്പോ ഡിസ്പ്ലേയിൽ കാണുമ്പോഴേ വളരെയധികം ഇഷ്ടം തോന്നു., അങ്ങനെ തോന്നുന്നത് വാങ്ങാം. ഞാൻ ദുബൈയിൽ ഭർത്താവിന്റെ അടുത്ത് പോകുമ്പോഴാണ് കൂടുതലും ഷോപ് ചെയ്യാറുള്ളത്. കൊച്ചിയിൽ പോകുമ്പോഴും ഷോപ്പ് ചെയ്യാറുണ്ട്.