ADVERTISEMENT

മാനസിക പൊരുത്തം ഏതൊരു ബന്ധത്തിലും അത്യാവശ്യം വേണ്ട ഘടകങ്ങളില്‍ ഒന്നാണ്. എന്നാൽ കമിതാക്കളിൽ നിന്നുമുണ്ടാകുന്ന ചില പെരുമാറ്റങ്ങള്‍  മാനസികമായി അകല്‍ച്ച സൃഷ്ടിക്കും. ഇതു പ്രണയപരാജയത്തിനു കാരണമാകുകയും ചെയ്യും. ഈ കാര്യങ്ങള്‍ പലപ്പോഴും അറിയാതെ സംഭവിക്കുന്നതാണ്്. അതുകൊണ്ട് ഒന്നു ശ്രദ്ധിച്ചാൽ ഇവ ഒഴിവാക്കി പ്രണയബന്ധം കൂടുതൽ ശക്തമാക്കാം.

ആരംഭത്തിലേ പ്രശ്നങ്ങളുടെ കെട്ടഴിക്കുക

പ്രണയത്തിനു വിവിധ ഘട്ടങ്ങളുണ്ട്. പരസ്പരം ആകര്‍ഷിക്കപ്പെടുന്ന ആദ്യ ഘട്ടത്തിനുശേഷം ഇരുവര്‍ക്കുമിടയില്‍ മാനസിക പൊരുത്തവും വിശ്വാസവും പരസ്പര ആശ്രയത്ത്വവും ഉണ്ടാകാന്‍ പിന്നെയും സമയമെടുക്കും. അതിനാൽ പ്രണയത്തിന്‍റെ ആരംഭത്തിൽ തന്നെ എല്ലാ പ്രശ്നങ്ങളും ഇറക്കി വയ്ക്കാനുള്ള ചുമടു താങ്ങിയായി പങ്കാളിയെ ഉപയോഗിക്കരുത്. കുടുംബത്തിലെ പ്രതിസന്ധികളും വ്യക്തിപരമായ ബുദ്ധിമുട്ടുകളും മുൻ പ്രണയത്തിലെ പ്രശ്നങ്ങളും അതിൽ ഉൾപ്പെടുന്നു. 

മുന്‍പങ്കാളിയെക്കുറിച്ച് നിരന്തരം ചോദിക്കുക

കമിതാവിന്റെ മുൻപ്രണയത്തെക്കുറിച്ച് അറിയാനുള്ള താൽപര്യം സ്വാഭാവികമാണ്. അതുകൊണ്ട് ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ സംസാരത്തിനിടയിൽ കടന്നു വരും. ചിലർ ഇത്തരം ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. അസ്വസ്ഥതയായിരിക്കും ഇതിന്റെ ഫലം. ആദ്യനാളുകളിൽ തന്നെ ഈ വിഷയം സംസാരിച്ച് കലഹിച്ചു പിരിയുന്നവരുണ്ട്. പങ്കാളി തുറന്നു പറഞ്ഞാല്‍ അത്തരം കാര്യങ്ങള്‍ കേള്‍ക്കുക. ഇനി ആകാംക്ഷ അടക്കാനാകുന്നില്ല എങ്കില്‍ മുന്‍പ് പ്രണയമുണ്ടായിരുന്നോ എന്ന ചോദ്യത്തിൽ ഒതുക്കാം.

നിങ്ങളുടെ മനസ്സ് വായിക്കാനാകില്ല 

ആവശ്യങ്ങൾ തുറന്നു സംസാരിക്കുക എന്നത് ബന്ധങ്ങളിലെ അനിവാര്യ ഘടകമാണ്. ചില കാര്യങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പങ്കാളികളുണ്ടാകാം. എന്നാല്‍ അതിനര്‍ത്ഥം എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ സാധിക്കും എന്നല്ല. അതുകൊണ്ട് നിങ്ങള്‍ മനസ്സിൽ കണ്ടതിനും ആഗ്രഹിച്ചതിനും അനുസരിച്ച് അവര്‍ പ്രവര്‍ത്തിച്ചില്ല എന്നു കുറ്റപ്പെടുത്താതിരിക്കുക. 

സ്വന്തമായി നിലപാടുകള്‍ ഇല്ല

അഭിപ്രായങ്ങളും നിലപാടുകളുമാണ് വ്യക്തിത്വത്തെ നിര്‍ണയിക്കുന്നത്. ബാഹ്യസൗന്ദര്യത്തിൽ ആകൃഷ്ടമായി തുടങ്ങുന്ന പ്രണയം പോലും നിലനിൽക്കുന്നത് വ്യക്തിത്വത്തെ ആശ്രയിച്ചാണ്. സ്വന്തമായി നിലപാടുകളും അഭിപ്രായങ്ങളും ഇല്ലാത്ത ഒരാളെ അധികകാലം പ്രണയിക്കാൻ ആർക്കുമാവില്ല. നിങ്ങളുടെ കാമുകനോ കാമുകിയോ ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായം ചോദിക്കുമ്പോള്‍ ‘നിനക്ക് തോന്നുന്നതു പോലെ ചെയ്തോ, എനിക്കറിയില്ല’ എന്നീ മറുപടികളാണു പ്രതികരണമെങ്കിൽ പങ്കാളിക്ക‌് ആത്മാർഥതയിൽ സംശയം തോന്നും. ഇത് പ്രശ്നങ്ങളിലേക്കു നയിക്കുകയും ചെയ്യും.

തന്റെ പങ്കാളി പറയുന്ന കാര്യങ്ങള്‍ ശരിയല്ല എന്നു തോന്നുകയാണെങ്കിൽ അതിനുള്ള കാരണങ്ങള്‍ അവരോടു പറയുക. അത് അവരെ കൂടുതല്‍ സഹായിക്കുമെന്നു മാത്രമല്ല, നിങ്ങളുടെ വ്യക്തിത്വം അവർക്കു മനസ്സിലാക്കാനുള്ള അവസരം കൂടിയാകും. 

അമിതമായ അസൂയയും സ്വാര്‍ഥതയും

അസൂയയും, സ്വാര്‍ഥതയും ചെറുതായെങ്കിലും ഇല്ലാത്ത ബന്ധങ്ങള്‍ കുറവാണ്. അമിതമായാല്‍ ഒരു ബന്ധത്തെ അതിവേഗം ഇല്ലാതാക്കാനുള്ള ‌ശക്തിയുണ്ട് ഇവയ്ക്ക്. എപ്പോഴും പങ്കാളിയെ വിളിക്കുന്നതും ആവശ്യപ്പെടുന്ന സന്ദർഭങ്ങളിലെല്ലാം അവര്‍ കൂടെയുണ്ടാകണം എന്നു ശഠിക്കുകയും ചെയ്യുന്നത് ആരോഗ്യകരമായ പ്രവണയതയല്ല. ഇങ്ങനെ പിന്തുടരുന്ന വ്യക്തിയിൽ നിന്നു രക്ഷപ്പെടാനായിരിക്കും മറ്റുള്ളവർ സ്വാഭാവികമായും ശ്രമിക്കുക.

Content Summary: Tips for Strong Relationship

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com