ADVERTISEMENT

വിവാഹത്തിന് മുമ്പുള്ള  ലൈംഗിക ബന്ധം അംഗീകരിക്കാൻ തയ്യാറാകാത്തവരാണ് ലോകത്തിലെ ഭൂരിഭാഗം ജനങ്ങളും. അത്തരം ബന്ധങ്ങൾ തികച്ചും തെറ്റും സദാചാര വിരുദ്ധവുമാണെന്നതാണ്  പൊതുകാഴ്ചപ്പാട്. എന്നാൽ ഇതിൽ നിന്നെല്ലാം വേറിട്ട് ചിന്തിക്കുന്ന ഒരു സമൂഹമുണ്ട് അങ്ങ് കമ്പോഡിയയിൽ. പ്രായപൂർത്തി എത്തുമ്പോഴേക്കും പെൺകുട്ടികൾക്ക് ലൈംഗികതയെക്കുറിച്ച് മനസ്സിലാക്കാനും യോജിച്ച പങ്കാളിയെ തിരഞ്ഞെടുക്കാനും ഇവിടെ മാതാപിതാക്കൾ തന്നെ അവസരം ഒരുക്കി കൊടുക്കുകയാണ്. എന്തിനേറെ, ഇത്തരം സാഹചര്യങ്ങളിൽ അവരുടെ സ്വകാര്യത ഉറപ്പുവരുത്താനായി പ്രണയക്കുടിലുകൾ വരെ അവർ ഒരുക്കി നൽകാറുണ്ട്. രത്തനാകിരി എന്ന പ്രദേശത്ത് ജീവിക്കുന്ന ക്രോയുങ് ഗോത്രവർഗത്തിൽപ്പെട്ടവരാണ് പെൺകുട്ടികളുടെ ലൈംഗിക ശാക്തീകരണം ഉറപ്പാക്കുന്നതിനായി 'ലവ് ഹട്ട്'  ഒരുക്കുന്നത്.

ആൺ - പെൺ വ്യത്യാസം ഇല്ലാതെ ഇവിടെ കുട്ടികൾ വളർന്നുവരുന്നു എന്നതാണ് എടുത്തുപറയേണ്ട കാര്യം. പുകവലിയോ മദ്യപാനമോ ഒന്നും ഇവിടെ ആൺകുട്ടികളുടെ മാത്രം കാര്യമല്ല. ജീവിക്കാൻ വേണ്ട അടിസ്ഥാന കാര്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകിക്കൊണ്ട് ലളിതമായ ജീവിതശൈലിയാണ് ഈ വിഭാഗം പിന്തുടരുന്നത്. ആഹാരം, പാർപ്പിടം, പരസ്പര സ്നേഹം, ലൈംഗികത എന്നിവയെ ചുറ്റിപ്പറ്റിയാണ് ഇവരുടെ ജീവിതം. പുറംലോകത്തിന് അംഗീകരിക്കാൻ കഴിയില്ലെങ്കിലും ഗോത്ര വിഭാഗത്തിലെ പെൺകുട്ടികൾ ലൈംഗിക ശാക്തീകരണം നേടിയിരിക്കണം എന്നത് ഇവർക്ക് നിർബന്ധമാണ്. അതിനുവേണ്ടിയാണ് പ്രണയക്കുടിലുകൾ ഉണ്ടാക്കുന്ന രീതി ഇവർ പിന്തുടർന്ന് പോരുന്നത്.

പെൺകുട്ടികൾക്ക് 13 -15 വയസ്സ് പ്രായമാകുമ്പോഴേയ്ക്കും പിതാവ് മുളകൾകൊണ്ട് അവർക്കായി ഒരു പ്രത്യേക കുടിൽ നിർമ്മിക്കും. കുടുംബവീട്ടിൽ നിന്നും അൽപം അകലെയായിരിക്കും ഈ കുടിലിന്റെ നിർമാണം. ഇവിടെവച്ച് പെൺകുട്ടികൾക്ക് ആൺകുട്ടികളുമായി ഇഷ്ടമുള്ള രീതിയിലൊക്കെ സ്വകാര്യമായി ഇടപഴകാം. ഇങ്ങനെ അവസരം ഒരുക്കുന്നതിനു പിന്നിൽ ക്രോയുങ്

ഗോത്രക്കാർക്ക് കൃത്യമായ കാരണവുമുണ്ട്. തങ്ങൾക്ക് യോജിച്ച ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനു വേണ്ടി പെൺകുട്ടികൾക്ക് വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധത്തിന് അനുമതി നൽകുന്നതും പ്രോത്സാഹിപ്പിക്കുന്നതും  അനിവാര്യമാണെന്നതാണ് ഇവരുടെ കാഴ്ചപ്പാട്.

love-hut1

മറ്റൊരു തരത്തിൽ പറഞ്ഞാൽ പങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പെൺകുട്ടികൾക്കാണ് ഇവർ പ്രാധാന്യം നൽകുന്നത്. ഇഷ്ടപ്പെട്ട ആൺകുട്ടികളെ പ്രണയക്കുടിലിലേയ്ക്ക് ക്ഷണിക്കുന്നത് പെൺകുട്ടികളാണ്. എന്നാൽ ഇത് ലൈംഗികബന്ധത്തിന് വേണ്ടി മാത്രമല്ല. പരസ്പരം മനസ്സിലാക്കുന്നതിനു വേണ്ടി ഇവർ തുറന്നു സംസാരിക്കും. ജീവിതം ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാനുള്ള സാധ്യത ഉണ്ടോ എന്ന് തിരിച്ചറിയാനും ഇവർക്ക് അവസരം ലഭിക്കും. ലൈംഗിക ബന്ധത്തിന് സാധ്യത ഇല്ലെങ്കിൽ പോലും ആൺകുട്ടികൾ പെൺകുട്ടികളോട് ഒരുതരത്തിലും മോശമായി പെരുമാറാറില്ല എന്നതാണ് മറ്റൊരു വസ്തുത. ഇത്തരം സാഹചര്യങ്ങളിൽ പെൺകുട്ടികളോട് എങ്ങനെ ബഹുമാനത്തോടെ പെരുമാറണം എന്നത് മുതിർന്നവർ പുതുതലമുറയിലെ ആൺകുട്ടികളെ മുൻകൂട്ടി പരിശീലിപ്പിക്കാറുണ്ട്. തെറ്റായ രീതിയിൽ പെരുമാറുന്നവർക്ക് ഗോത്ര വിഭാഗത്തിൽ ജീവിക്കാൻ തന്നെ ബുദ്ധിമുട്ടായിരിക്കും എന്നതിനാൽ അവർ ഈ പതിവ് തെറ്റിക്കാറുമില്ല.

ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് മാതാപിതാക്കൾ സ്വാതന്ത്ര്യം നൽകുന്നതും തങ്ങളിൽ അർപ്പിക്കുന്ന വിശ്വാസവും അങ്ങേയറ്റം ബഹുമാനത്തോടെയാണ് ഇവിടുത്തെ പെൺകുട്ടികൾ നോക്കിക്കാണുന്നത്. ഒന്നിലധികം ആൺകുട്ടികളുമായി ഇടപഴകിയ ശേഷം യോജിച്ച ആളെ തിരഞ്ഞെടുക്കുന്നത് ഇവർക്കിടയിൽ തെറ്റായ പ്രവണതയല്ല. ലൈംഗിക അതിക്രമങ്ങൾ ഇവിടെ ഉണ്ടാവാറില്ല എന്നുതന്നെ പറയാം. ഇത്തരത്തിൽ  വ്യത്യസ്ത വ്യക്തികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുമൂലം തെറ്റായ ഗർഭധാരണങ്ങളും ഉണ്ടാകാറുണ്ട്. മറ്റൊരു വ്യക്തിയിൽ നിന്നാണ് പെൺകുട്ടി ഗർഭിണിയായതെങ്കിൽപോലും ഒടുവിൽ തിരഞ്ഞെടുക്കപ്പെടുന്ന യുവാവ് തന്നെ ആ കുട്ടിയെ സ്വന്തമായി കരുതി വളർത്തുന്നതാണ് പതിവ്. 

love-hut2

ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും ലൈംഗിക വിദ്യാഭ്യാസം വേണ്ട രീതിയിൽ ലഭിക്കാത്തതു മൂലം  അതിക്രമങ്ങൾ നടക്കുമ്പോൾ തങ്ങൾക്കിടയിൽ അങ്ങനെ ഒരു സംഭവം ഉണ്ടാകാറില്ല എന്നാണ്  ഗോത്രത്തിലെ മുതിർന്നവർ പറയുന്നത്. ലൈംഗികത തികച്ചും സ്വാഭാവികവും സ്നേഹത്തിന്റെ ഏറ്റവും മനോഹരമായ വശവുമാണെന്ന്  പുതുതലമുറയെ പഠിപ്പിക്കാനാണ് ഇവരുടെ ശ്രമം.  എന്നാൽ ഇപ്പോൾ ലവ് ഹട്ടുകൾ നിർമിക്കുന്ന ആചാരത്തിന് ഏറെ മാറ്റങ്ങൾ കണ്ടുവരുന്നുണ്ട്.  പുറംലോകത്തേക്ക് ഇറങ്ങിത്തുടങ്ങിയതോടെ വിവാഹത്തിനു മുൻപുള്ള ലൈംഗികബന്ധം തെറ്റാണെന്ന ചിന്ത പുതുതലമുറയിലെ പലർക്കുമിടയിൽ ഉണ്ടാകുന്നുണ്ട്. സാങ്കേതികവിദ്യകളുടെ കടന്നുവരവും അവരെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നു. അതിനാൽ ഈ പരമ്പരാഗത രീതി നിലവിൽ വെല്ലുവിളി നേരിടുന്നുണ്ടെന്നതാണ് ഇവിടുത്തെ മുൻ തലമുറയിൽപെട്ടവർ പറയുന്നത്. 

ആചാരം പിന്തുടരുന്നവർക്കിടയിൽ   പ്രത്യേകം പ്രണയക്കുടിലുകൾ നിർമിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. മക്കൾക്കായി പ്രത്യേകം കിടപ്പുമുറികൾ ഉൾപ്പെടുത്തിയ വീടുകൾ നിർമിക്കുന്നതിനാൽ മറ്റൊരു കുടിൽ നിർമിക്കേണ്ട ആവശ്യം വരുന്നില്ല. പെൺകുട്ടികൾ തിരഞ്ഞെടുക്കുന്ന യുവാക്കളെ കണ്ട് പരിചയപ്പെടാനുള്ള അവസരം മാതാപിതാക്കൾക്ക് ഇതിലൂടെ ലഭിക്കുന്നു എന്ന സൗകര്യവുമുണ്ട്.

English Summary:

Unveiling Cambodia's Kroyung Tribe: Love Huts and Sexual Empowermen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com