ADVERTISEMENT

ജീവിതത്തിൽ ഏറ്റവും വലിയൊരു ‘സർപ്രൈസ്’ ലഭിച്ചതിന്റെ അമ്പരപ്പിലാണ് യുസ് സ്വദേശി വാമർ ഹൺടർ. അന്‍പതാം വയസ്സിൽ തനിക്ക് ജന്മം നൽകിയ സ്ത്രീയെ കണ്ടെത്തിയിരിക്കുകയാണ് ഹൺടർ. മുപ്പത്തിയഞ്ചാം വയസ്സിലാണ് ഹൺടർ താൻ ഒരു ദത്തുപുത്രനായിരുന്നു എന്ന യാഥാർഥ്യം മനസ്സിലാക്കിയത്. അന്നു മുതൽ തന്റെ യഥാർഥ മാതാപിതാക്കളെ തേടിയുള്ള യാത്രയിലായിരുന്നു ഹണ്‍ടർ. എന്നാൽ വർഷങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ തന്റെ താമസസ്ഥലത്തിനു സമീപത്തുള്ള ബേക്കറി നടത്തിപ്പുകാരി ലെണോർ ലിൻഡ്സെയാണ് തന്റെ യഥാർഥ മാതാവെന്ന് കണ്ടെത്തിയിരിക്കുകയാണ് ഹൺടർ.

കാലിഫോർണിയയിലെ ജെനിറ്റോളജിസ്റ്റ് ഗബ്രേലിയ വാർഗാസാണ് അമ്മയെ കണ്ടെത്താൻ അദ്ദേഹത്തെ സഹായിച്ചത്. പരിശോധനയിൽ ഹൺടറിന് ലിൻഡ്സെയുടെ വംശപരമ്പരയുമായി അടുത്ത ബന്ധമുള്ളതായി കണ്ടെത്തുകയായിരുന്നു എന്ന് ഗബ്രേലിയ വ്യക്തമാക്കി. ഇക്കാര്യം ലിൻഡ്സെയെ അറിയിക്കുമ്പോൾ അവർ സ്തനാർബുദത്തിനു ചികിത്സയിലായിരുന്നു. എന്നാൽ തന്റെ അനാരോഗ്യം കണക്കിലെടുക്കാതെ അപ്പോൾ തന്നെ അവർ ഹൺടറെ ഫോണിൽ ബന്ധപ്പെട്ടു.

ഒരു സുഹൃത്തുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ബേക്കറിയിൽ നിന്ന് ഹൺടറെ ഫോണിൽ വിളിച്ചത്. ‘ഇത് വാമർ ഹൺടറാണോ’ എന്ന് ചോദിച്ചപ്പോൾ തന്നെ തന്റെ അമ്മയുടെ വിളി പ്രതീക്ഷിച്ചിരുന്ന അദ്ദേഹം ലിൻഡ്സെയെ തിരിച്ചറിഞ്ഞു. ഇതോടെ ഫോണിലൂടെ ഇരുവരും പൊട്ടിക്കരയുകയായിരുന്നു. ആ സമയത്ത് അത് വിശ്വസിക്കാൻ സാധിച്ചില്ലെന്ന് ഹൺടർ പറയുന്നു.

1974ലാണ് ലിൻഡസെ ഹൺടറിനു ജന്മം നൽകിയത്. പതിനേഴു വയസ്സായിരുന്നു അന്ന് അവരുടെ പ്രായം. വീട്ടിലെ ദാരിദ്ര്യത്തെ തുടർന്ന് അവർ മകനെ ദത്തുനല്‍കി. ‘ഹൃദയഭേദമായിരുന്നു അത്. എന്റെ കുടുംബം വളരെ ബുദ്ധിമുട്ടിലൂടെ കടന്നുപോവുകയായിരുന്നു. അവർ അവനെ കൊണ്ടു പോകുമ്പോള്‍ അവനെന്തൊരു മിടുക്കനും സുന്ദരനുമാണെന്ന് എന്റെ അമ്മ പറഞ്ഞത് ഞാനിപ്പോഴും ഓർക്കുന്നു.’– ലിൻഡ്സെ പറഞ്ഞു. ഇപ്പോൾ തന്റെ അമ്മയ്ക്കും കുടുംബത്തിനും ഒപ്പം ബേക്കറി നടത്തിപ്പുമായി സന്തോഷത്തോടെ ജീവിക്കുകയാണ് ഹൺടർ.

English Summary:

Miracle Reunion: Man Finds Birth Mother Living Minutes Away After 35-Year Search

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com