ADVERTISEMENT

ജീവിതത്തിൽ പലതും തടസ്സമായി വരുമെങ്കിലും തങ്ങളുടെ സ്വപ്നങ്ങൾക്ക് പിന്നാലെ പോയി വിജയം നേടിയെടുക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഈ പെൺകുട്ടി ഒരു പാഠമാണ്. വീട്ടിലെ നിസ്സഹായാവസ്ഥയും സാമ്പത്തിക ഞെരുക്കവും കാരണം ബാല്യത്തിൽ തന്നെ വിവാഹത്തിന് ഇരയാക്കപ്പെടുമായിരുന്ന ഒരു പെൺകുട്ടി പോരാടിയത് സ്വന്തം ജീവിതത്തിനു വേണ്ടിയാണ്. നിർബന്ധിത ശൈശവ വിവാഹത്തിൽ നിന്ന് ഒരിക്കൽ രക്ഷപ്പെട്ട ആന്ധ്രാപ്രദേശിലെ കുർണൂലിൽ നിന്നുള്ള നിർമല സംസ്ഥാനത്തെ ഒന്നാം വർഷ ഇന്റർ‌മീഡിയറ്റ് പരീക്ഷയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി.

പിന്നാക്ക വിഭാഗങ്ങൾക്കായി വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന റസിഡൻഷ്യൽ ഗേൾസ് സ്‌കൂളായ കുർണൂലിലെ കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിലെ (കെജിബിവി) വിദ്യാർഥിനിയായ ജി. നിർമല ഇന്റർ മീഡിയറ്റ് പരീക്ഷയിൽ 440-ൽ 421 മാർക്ക് നേടി. വിവാഹമല്ല വിദ്യാഭ്യാസമാണ് തനിക്ക് ഈ പ്രായത്തിൽ വേണ്ടതെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ അവൾ അതിനുവേണ്ടിയുള്ള പ്രയത്നത്തിലായിരുന്നു.

‘‘ഉയരത്തിൽ പറക്കാൻ ആഗ്രഹിക്കുന്ന നിർമലയെ പോലെയുള്ള ചെറുപക്ഷികൾ സാമൂഹിക ചങ്ങലകളാൽ ബന്ധനസ്ഥരായി കൂട്ടിലടച്ചിരിക്കുകയാണ്. നിർമലയെ സംബന്ധിച്ചിടത്തോളം ഇത് സാമൂഹിക സ്റ്റീരിയോടൈപ്പുകൾക്ക് മേൽ അവൾ പൊരുതി നേടിയ വിജയമായിരുന്നു.’’– എന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ പേജിൽ നിർമലയുടെ വിജയത്തെ കുറിച്ച് പരാമർശിച്ചത്. 

  • Also Read

തന്റെ മൂന്ന് സഹോദരിമാരെപ്പോലെ നിർമലയും ചെറുപ്രായത്തിൽ തന്നെ വിവാഹിതയാകുമെന്ന് കരുതിയിരുന്നു.  വിവാഹത്തിനായി മാതാപിതാക്കളുടെ പ്രേരണ ഉണ്ടായിരുന്നെങ്കിലും ആദ്യം വിദ്യാഭ്യാസം പൂർത്തിയാക്കണമെന്ന  തീരുമാനത്തിൽ നിർമല ഉറച്ചുനിന്നു. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി തന്റെ സ്കൂൾ വിദ്യാഭ്യാസം പാതിവഴിയിൽ നിർത്തലാക്കും എന്ന് ഭയന്ന നിര്‍മല സഹായത്തിനായി ഒരു കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് പ്രോഗ്രാം വഴി പ്രാദേശിക നിയമസഭാംഗമായ വൈ. സായിപ്രസാദ് റെഡ്ഡിയെ സമീപിച്ചു.

പെൺകുട്ടിയുടെ ദുരവസ്ഥ കണ്ട അദ്ദേഹം ജില്ലാ കലക്ടർ ജി.സൃജനയെ വിവരം അറിയിക്കുകയും അദ്ദേഹവും കളക്ടറും നേരിട്ട് ഇടപെട്ട് ശൈശവ വിവാഹത്തിൽ നിന്ന് നിർമലയെ രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീട് ജില്ലാ ഭരണകൂടം അവളെ അസ്പാരിയിലെ കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്വപ്നങ്ങളെ  പിന്തുടരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അവൾ പ്രചോദനമാണ്. ഐപിഎസ് ഓഫിസറാകുകയാണ് നിർമലയുടെ ലക്ഷ്യം. ഇനി അതിനുള്ള തയാറെടുപ്പുകളിലാണ് ഈ മിടുക്കി.

English Summary:

Nirmala Escapes Child Marriage to Top Andhra Pradesh's First-Year Intermediate Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com