ADVERTISEMENT

പ്രായമായാൽ പിന്നെ കൈകാലുകൾ വേദന, അസുഖങ്ങൾ അങ്ങനെ പലപ്രശ്നങ്ങളായിരിക്കും. പ്രധാനമായും അലട്ടുന്നത് മുട്ട് വേദനയും കാല് സംബന്ധമായ പ്രശ്നങ്ങളുമായിരിക്കും. പ്രായമായവരുടെ മാത്രമല്ല ഇന്നൊരു 35 വയസ്സു കഴിഞ്ഞ ഭൂരിഭാഗം പേരുടെയും അവസ്ഥ ഇങ്ങനെയാണ്. വേദനകൾ അസഹ്യമാകുമ്പോൾ ജിമ്മിൽ പോകണം ബോഡി ഫിറ്റാക്കണം എന്നൊക്കെ ആലോചിക്കുമെങ്കിലും പലരും ജിമ്മിന്റെ പരിസരത്ത് പോലും ചെല്ലാറില്ല. എങ്കിൽ ചെറുപ്പക്കാരെ പോലും നാണിപ്പിക്കും വിധം 69 മത്തെ വയസ്സിലും ഓടിനടന്ന് ജിമ്മിൽ സ്ക്വാട്ടുകളും  ലെഗ് പ്രസുകളും വരെ ചെയ്യുന്ന ഒരു അമ്മയെ പരിചയപ്പെടാം.  

ഇത്തവണ ഞാൻ ജിമ്മിൽ പോകും ഉറപ്പ് എന്ന് എല്ലാ ന്യൂ ഇയറിനും ശപഥം എടുക്കുകയും പറഞ്ഞതിനേക്കാൾ വേഗത്തിൽ അത് മറന്നു പോവുകയും ചെയ്യുന്നവരോടാണ്, 69 വയസ്സുള്ള റോഷ്‌നി ദേവി അറിയപ്പെടുന്നത് തന്നെ വെയിറ്റ് ലിഫ്റ്റർ മമ്മി എന്നാണ്. 60 കിലോഗ്രാം ഡെഡ്‌ലിഫ്റ്റുകളും 40 കിലോഗ്രാം സ്ക്വാട്ടുകളും 100 കിലോഗ്രാം ലെഗ് പ്രസ്സുകളും ദിവസവും പുഷ്പം പോലെ ഈ അമ്മ ചെയ്യും. എന്നെക്കൊണ്ട് സാധിക്കില്ല എന്ന് പറയുന്നവർക്കും പ്രായമായാൽ പറ്റില്ല എന്ന് ചിന്തിക്കുന്നവർക്കും പ്രായവും സമയവും വെറും വാക്കുകൾ മാത്രമാണെന്ന് തെളിയിക്കുകയാണ് റോഷ്നി ദേവി എന്ന ഈ പവർ ലിഫ്റ്റർ മമ്മി. 

ആർത്രൈറ്റിസ് രോഗിയായിരുന്നു റോഷ്നി ദേവി.അസഹ്യമായ സന്ധിവേദന മൂലം ബുദ്ധിമുട്ടുകയായിരുന്ന അമ്മയെ മകൻ തന്നെയാണ് ജിമ്മിലേക്ക് ക്ഷണിച്ചത്. 

തുടക്കത്തിൽ തനിക്ക് ഭയങ്കര മടി ആയിരുന്നുവെന്നും ജിമ്മിൽ കയറാൻ പോലും ചമ്മലായിരുന്നു എന്നും ഈ അമ്മ പറയുന്നു എന്നാൽ  മകൻ അമ്മയ്ക്ക് പൂർണ പിന്തുണയുമായി ഒപ്പം നിന്നു.  ആദ്യം കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും പതിയെ വർക്കൗട്ടുകൾ ആസ്വദിക്കാൻ തുടങ്ങി. ഇപ്പോൾ, തന്റെ ശരീരത്തിലെ ഒരു സന്ധിയിലും വേദനയില്ലെന്നും മുൻപത്തേക്കാൾ സുഖമുണ്ടെന്നുമാണ് റോഷ്നി ദേവി പറയുന്നത്. ‘എനിക്ക് ഇത് ചെയ്യാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ ഇന്ന് ഞാൻ ഏറെ ആസ്വദിക്കുന്ന കാര്യമാണ് വർക്കൗട്ട്.’– അവർ വ്യക്തമാക്കി. 

മകനും പരിശീലകനുമായ അജയ് സാങ്‌വാന്റെ പരിചരണത്തിലാണ് റോഷ്നി ദേവിയുടെ വ്യായാമങ്ങൾ നടക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഈ അമ്മയ്ക്ക് നിരവധി ഫോളവേഴ്സുണ്ട്. ഓരോ ദിവസവും താൻ വർക്കൗട്ട് ചെയ്യുന്ന വിഡിയോ ഷെയർ ചെയ്യുമ്പോൾ ആയിരക്കണക്കിനു പേരാണ് അമ്മയ്ക്ക് ആശംസകൾ അറിയിക്കുന്നത്. ചെറുപ്പക്കാർ പോലും അമ്മയുടെ വെയിറ്റ് ലിഫ്റ്റിങ് കാണുമ്പോൾ അമ്പരന്നു പോകുന്നു. 

ദിവസവും ഒരു മണിക്കൂർ വെയ്റ്റ് ട്രെയിനിങ്ങും ഒരു മണിക്കൂർ കാർഡിയോയും ചെയ്യുന്ന ഈ അമ്മ തന്റെ പ്രവൃത്തിയിലൂടെ നിരവധി പേർക്ക് പ്രചോദനമാണ്. ഏതു പ്രായത്തിലും ആരോഗ്യത്തോടെ ഇരിക്കുക എന്നുള്ളതാണ് നമുക്ക് ആവശ്യമായ കാര്യമെന്ന് അവർ തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നു.

English Summary:

69-Year-Old Weightlifter Roshni Devi Defies Age and Arthritis with Daily Workouts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com