‘സോനാക്ഷിയുമായി ഒളിച്ചോടാനായിരുന്നു പദ്ധതി; ആ വീട്ടിലേക്കു കയറിയപ്പോൾ ഭയന്നു വിറച്ചു’
Mail This Article
അടുത്തിടെയായിരുന്നു സോനാക്ഷി സിൻഹയുടെയും സഹീർ ഇക്ബാലിന്റെയും വിവാഹം. മുംബൈയിൽ വച്ച് നടന്ന റിസപ്ഷനിൽ ബോളിവുഡ് താരങ്ങളടക്കം നിരവധിപേർ പങ്കെടുത്തിരുന്നു. വിവാഹ ശേഷമുള്ള വിശേഷങ്ങളും സഹീറും സോനാക്ഷിയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. സോനാക്ഷിയുമായി ഒളിച്ചോടാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നും പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു എന്നും സഹീർ വെളിപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു താരങ്ങളുടെ പ്രതികരണം.
‘‘വിദേശത്ത് എവിടെയെങ്കിലും പോയി വിവാഹിതരായ ശേഷം ഇന്ത്യയിലേക്കു തിരിച്ചു വരാനായിരുന്നു പദ്ധതി. ആ വിവാഹത്തിന് ഇന്ത്യയില്‍ അംഗീകാരം ലഭിക്കില്ലെന്നു മനസ്സിലായതോടെ പദ്ധതി ഉപേക്ഷിച്ചു.’’– സഹീർ പറഞ്ഞു. എന്നാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന തികച്ചും സ്വകാര്യമായ ചടങ്ങിൽ വിവാഹം നടത്തണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് സോനാക്ഷിയും പ്രതികരിച്ചു. ‘‘സഹീറിനെ വിവാഹം കഴിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്. എന്റെ ആഗ്രഹപ്രകാരം വിവാഹം കഴിക്കാന്‍ സഹീറിനും സമ്മതമായിരുന്നു. അടുത്ത സുഹൃത്ത് പങ്കാളിയായി മാറി എന്നതുമാത്രമാണ് വന്ന മാറ്റം.’’– സോനാക്ഷി വ്യക്തമാക്കി.
സോനാക്ഷിയുെട പിതാവ് ശത്രുഘ്നന്‍ സിന്‍ഹയോട് തങ്ങളുടെ പ്രണയത്തെ കുറിച്ച് പറഞ്ഞതിനെ കുറിച്ചും ഇരുവരും അഭിമുഖത്തിൽ പറയുന്നുണ്ട്. ‘‘പ്രണയത്തെ കുറിച്ച് പറയാൻ സോനാക്ഷിയുടെ വീട്ടിൽ പോയപ്പോൾ ആകെ ഭയന്നിരുന്നു. വിറച്ചു കൊണ്ടാണ് അങ്ങോട്ട് കയറിയത്. അതുവരെ അവളുടെ പിതാവിനോട് ഞാൻ നേരിട്ട് സംസാരിച്ചിരുന്നില്ല. പക്ഷേ, ഞങ്ങൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. പരസ്പരം അറിയാവുന്ന സുഹൃത്തുക്കളെ പോലെ ആകാശത്തിനു കീഴിലുള്ള പലകാര്യങ്ങളെ കുറിച്ചും ഞങ്ങൾ സംസാരിച്ചു. സോനാക്ഷിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എല്ലാവരും പേടിക്കുന്ന പോലെയുള്ള ഒരു പ്രതിച്ഛായയാണ് അദ്ദേഹത്തിനുള്ളത്. പക്ഷേ, അദ്ദേഹം വളരെ ശാന്ത സ്വഭാവമുള്ളയാളാണ്. ഞാൻ വളരെകാലത്തിനു ശേഷം കണ്ടുമുട്ടിയ പ്രിയപ്പെട്ട ഒരു മനുഷ്യൻ.’– സഹീർ പറഞ്ഞു.
സഹീറുമായുള്ള ബന്ധം അച്ഛനോട് തുറന്നു പറഞ്ഞതിനെ കുറിച്ച് സോനാക്ഷിയും അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ഇക്കാര്യം അറിയുമ്പോൾ അച്ഛൻ എങ്ങനെയാണ് പ്രതികരിക്കുക എന്നതു സംബന്ധിച്ച് എനിക്ക് ധാരണയുണ്ടായിരുന്നില്ല. എനിക്ക് പേടിയൊന്നും ഇല്ലാത്ത പോലെ ഞാൻ അഭിനയിച്ചു. എന്റെ വിവാഹത്തെ കുറിച്ച് അച്ഛന് ആകുലതയൊന്നുമില്ലേ എന്നായിരുന്നു ഞാൻ അദ്ദേഹത്തോട് ചോദിച്ചത്. എന്തുകൊണ്ടാണ് ഇതേകുറിച്ച് ഒന്നും ചോദിക്കാത്തതെന്നും ചോദിച്ചു. അക്കാര്യം അമ്മയോട് സംസാരിച്ചിട്ടുണ്ടെന്നും അതിനെ കുറിച്ച് സംസാരിക്കാൻ നിന്റെ അമ്മയോട് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സഹീർ എന്നയാളെ ഞാൻ പ്രണയിക്കുന്നുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. അതേകുറിച്ച് വായിച്ചിരുന്നു എന്നാണ് അച്ഛൻ പറഞ്ഞത്. വരനും വധുവും തയാറാണെങ്കിൽ അതിൽ അച്ഛനെന്തു കാര്യം എന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യം അവതരിപ്പിക്കുക എന്നത് ഇത്രയും എളുപ്പമായിരുന്നോ എന്നായിരുന്നു ആ സമയം ഞാന്‍ ചിന്തിച്ചത്. ഞങ്ങളുടെ ബന്ധത്തിന് അച്ഛന്റെ പൂർണ പിന്തുണയുണ്ടായിരുന്നു.’– സോനാക്ഷി കൂട്ടിച്ചേർത്തു. .