മാസ് മമ്മൂട്ടി, കലിപ്പിൽ ടൊവീനോ, സൗമ്യനായി ആസിഫ്; അതേ ഈ ചിത്രങ്ങൾ വരച്ചതാണ്
Mail This Article
ആസിഫ് അലിയുടെ ഒരു പെൻസിൽ ഡ്രോയിങ് അടുത്തിടെ നവമാധ്യമങ്ങളിൽ തരംഗമായിരുന്നു. വരച്ചതു തന്നെയാണോ എന്നായിരുന്നു ചിത്രം കണ്ട പലരുടെയും സംശയം. അങ്ങനെയാണ് ചിത്രം വൈറലായതും. കണ്ണൂർ പുതിയതെരുവ് സ്വദേശി അനുരാഗ് കെ.പി ആണു സമൂഹമാധ്യമങ്ങളിൽ വൈറലായ ആ ചിത്രത്തിനു പിന്നിൽ.
ടൊവീനോ, അനു സിതാര, ദുൽഖർ, ഐശ്വര്യ ലക്ഷ്മി എന്നിവരുടെയും ചിത്രങ്ങൾ ആരാധകര്‍ ഏറ്റെടുത്തു. അവസാനമായി പതിനെട്ടാം പടിയിലെ മമ്മൂട്ടിയെയാണ് വരച്ചത്. ആ മാസ് ലുക്ക് പെൻസിലിലും കയ്യടി നേടി.
ചെറുപ്പം മുതലേ ചിത്രങ്ങൾ വരയ്ക്കാൻ അനുരാഗിനു താൽപര്യമുണ്ടായിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ചിത്രരചനാ പഠനം തുടങ്ങി. പ്രാഥമിക പാഠങ്ങൾ ഇങ്ങനെ പഠിച്ചു. പിന്നീട് യൂട്യൂബും ഇൻസ്റ്റാഗ്രാമുമെക്കെ ഗുരുക്കന്മാരായി. പലരും വരയ്ക്കുന്നതു കണ്ടു കൂടുതൽ പഠിച്ചു.
മനസ്സിനു സംതൃപ്തി കിട്ടുന്ന ഒരു ഹോബിയായി ചിത്രരചന തുടർന്നു. അതിനിടയിലാണ് സിനിമാ താരങ്ങളുടെ ചിത്രങ്ങളും വരച്ചു തുടങ്ങിയത്. ചാക്കോൾ പെന്‍സിൽ ഉപയോഗിച്ച് ആയിരുന്നു വര. ഈ ചിത്രങ്ങൾ Zag KP എന്ന തന്റെ ഫെയ്സ്ബുക്കില്‍ പോസ്റ്റു ചെയ്യാറുണ്ട്. ഇതിൽ ടൊവീനോയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പിന്നീടു വരച്ച ആസിഫ് അലിയുടെ ചിത്രമാണ് തരംഗമായത്. ട്രോൾ പേജുകളും ആരാധകരും ചിത്രം ഏറ്റെടുത്തു. അനുരാഗിനെ തേടി നിരവധി അഭിനന്ദനങ്ങൾ എത്തി.
അനുരാഗ് വരച്ച ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച ടൊവീനോ, അഭിനന്ദനങ്ങൾ അറിയിച്ചു മെസേജ് അയച്ചു. ആസിഫ് അലി നേരിട്ടു വിളിച്ചു. ഷൂട്ടിങ്ങിനായി കണ്ണൂരിലുണ്ടെന്നും സെറ്റിലേക്കു വന്നാല്‍ കാണാമെന്നും പറഞ്ഞു. അനുരാഗ് അവിടെയെത്തി ആ ചിത്രം ആസിഫിനു സമ്മാനിച്ചു.
നിരവധി അഭിനന്ദനങ്ങൾ തേടിയെത്തുന്നുണ്ടെങ്കിലും ഒരുപാട് തെറ്റുകൾ ഇപ്പോഴും അവശേഷിക്കുന്നു എന്നാണ് അനുരാഗ് പറയുന്നത്. ‘‘ഇനിയും ധാരാളം പഠിക്കാനുണ്ട്. ഇതിലും മികച്ച രീതിയിൽ ചിത്രം വരയ്ക്കുന്ന ഒരുപാടു പേരുണ്ട്. എന്റെ ചിത്രങ്ങൾ ഇത്രയധികം ശ്രദ്ധ നേടിയത് അദ്ഭുതപ്പെടുത്തുന്നു. ഞാന്‍ വരച്ചതാണ് ഈ ചിത്രങ്ങൾ എന്നു വിശ്വസിക്കാത്തവരുമുണ്ട്. വരയ്ക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ പോസ്റ്റു ചെയ്താണ് ഈ സംശയം തീർത്തത്. ’’– അനുരാഗ് പറഞ്ഞു.
രമേശൻ– പ്രീത ദമ്പതികളുടെ മകനായ അനുരാഗ് ആർകിടെക്ച്ചർ നാലാം വർഷ വിദ്യാർഥിയാണ്.