ശ്രീകൃഷ്ണനെ മറക്കാനാവില്ല, ‘ഭ്രമണം’ സ്വപ്നസാക്ഷാത്കാരം: ശരത് ദാസ്
Mail This Article
മലയാള സാഹിത്യത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ വെൺമണി കവികളുടെ പിന്മുറക്കാരനാണ് ശരത് എന്ന ശരത് ദാസ്. സിനിമയിലും സീരിയലിലും മിന്നിത്തിളങ്ങി നിൽക്കുന്ന താരം. മിനിസ്ക്രീൻ പ്രേക്ഷകരുടെ നിത്യഹരിത നായകനാണു താരം. ആലുവയിലെ വെള്ളാരപ്പള്ളി ഗ്രാമത്തിലുള്ള തിരുവൈരാണിക്കുളം ക്ഷേത്രത്തിനടുത്താണ് ശരത്തിന്റെ തറവാട്. എങ്കിലും, വർഷങ്ങളായി തിരുവനന്തപുരത്താണ് താമസം. കഥകളിപ്പാട്ടുകാരനായിരുന്ന കലാമണ്ഡലം വെൺമണി ഹരിദാസാണ് അച്ഛൻ. അച്ഛൻ തന്നെയാണ് മകനെ കലാരംഗത്തേക്ക് കൈ പിടിച്ചു നടത്തിയതും. ശരത് ദാസിന്റെ വിശേഷങ്ങളിലൂടെ...
കലാരംഗത്തേക്ക്
ടെലിവിഷനിൽ അച്ഛന്റെ പരിപാടി കണ്ടു ‘സ്വം’ എന്ന ചിത്രത്തിൽ അഭിനയിപ്പിക്കാൻ ഷാജി.എൻ.കരുൺ സർ തീരുമാനിച്ചു. അച്ഛന്റെ ഫോട്ടോ എടുക്കാനായി ഒരു ഫൊട്ടോഗ്രഫറെ അദ്ദേഹം വീട്ടിലേക്ക് അയച്ചു. അച്ഛനൊപ്പം എന്റെയും ഫോട്ടോ അയാൾ എടുത്തിരുന്നു.
ഫോട്ടോയിൽ എന്നെ കണ്ട് അദ്ദേഹത്തിന് ഇഷ്ടമായി. അപ്രതീക്ഷിതമായി ഞാനും തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ അച്ഛനൊപ്പം ഞാനും സിനിമയിലേക്ക്.
‘സ്വം’ എന്ന സിനിമയിൽ രാമയ്യരായി അച്ഛനും മകൻ കണ്ണനായി ഞാനും അഭിനയിച്ചു. ആദ്യമായി ക്യാമറയ്‌ക്കു മുമ്പിൽ എത്തിയപ്പോൾ പരിഭ്രമമുണ്ടായിരുന്നു. എങ്കിലും ഷാജി സർ ക്ഷമയോടെ എല്ലാം പറഞ്ഞു തന്ന് കൂടെ നിന്നു.
മിനിസ്‌ക്രീനിലേക്ക്
ശ്രീകുമാരൻ തമ്പി സാറിന്റെ ‘മോഹന ദർശനം’ എന്ന കഥാപരമ്പരയിലൂടെ ആണു മിനിസ്ക്രീനിൽ എത്തുന്നത്. പിന്നീട് ഇങ്ങോട്ട് നിരവധി സീരിയലുകൾ ചെയ്തു. ഭൂരിപക്ഷം സീരിയലുകളിലും നായകവേഷം തന്നെ ആയിരുന്നു. ചിലപ്പോൾ വില്ലനുമായി.
ഓർമകളിൽ അച്ഛൻ
ആദ്യ സിനിമയിൽ ഞാൻ അച്ഛന്റെ മരണാനന്തര കർമങ്ങൾ ചെയ്യുന്ന ഒരു രംഗം ഉണ്ടായിരുന്നു. അതു ചിത്രീകരിക്കുമ്പോൾ നന്നായി ചെയ്യാൻ പറഞ്ഞു പ്രോൽസാഹിപ്പിച്ച് അച്ഛൻ ഷൂട്ടിങ് സെറ്റിൽ നിന്നിരുന്നു. വർഷങ്ങൾ കഴിഞ്ഞ് അച്ഛൻ മരിച്ചു. കർമങ്ങൾ ചെയ്യാനിരുന്നപ്പോൾ ആ സിനിമയിലെ രംഗം മനസ്സിൽ എത്തി. ഓർമ ഒരു വിതുമ്പൽ ആയി മാറി.
വേദനിപ്പിച്ച ലൊക്കേഷൻ അനുഭവം
ഒരു സിനിമയിൽ നായകനായി വിളിച്ചു. അവിടെ എത്തുമ്പോൾ എനിക്കു പറഞ്ഞിരുന്ന വേഷം മറ്റൊരാൾ ചെയ്യുന്നതു കണ്ടു. സങ്കടത്തോടെ ഞാൻ മടങ്ങി. എന്നാൽ എനിക്ക് ഒരുപാട് അഭിനന്ദനങ്ങൾ നേടി തന്നതും സിനിമയാണ്. ‘പത്രം’ സിനിമയിലെ ‘ഇബ്നു’വിനെ ഇപ്പോഴും പ്രേക്ഷകർക്ക് ഇഷ്ടപ്പെടമാണ്. അതിൽ സ്ഫടികം ജോർജ് ചേട്ടനുമൊത്തുള്ള എയൻ പോർട്ട് സീൻ ഒരുപാട് കഷ്ടപ്പെട്ടു വെയിലു കൊണ്ട് അഭിനയിച്ചതാണ്. ആ കഥാപാത്രം ഇപ്പോഴും പ്രേക്ഷക മനസ്സുകളിൽ ഉണ്ടെന്നുള്ളത് സന്തോഷം നൽകുന്നു. ‘സ്വം’ മുതൽ ‘മോളി ആന്റി റോക്സ്’ വരെ 22 സിനിമകളിൽ അഭിനയിച്ചു.
വിവാഹം
2006-ൽ ആയിരുന്നു വിവാഹം. ഭാര്യ മഞ്ജു തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ഓഡിയോളജിസ്റ്റാണ്. എന്റെ അകന്ന ബന്ധുവാണ് മഞ്ജു. അമ്മ സരസ്വതി ഹരിദാസ്. മക്കളായ വേദ ഏഴാം ക്ലാസിലും ധ്യാന മൂന്നാം ക്ലാസിലും പഠിക്കുന്നു
സ്വപ്ന കഥാപാത്രം
ഒരുപാട് കഥാപാത്രങ്ങൾ സ്വപ്നം കാണാറുണ്ടെങ്കിലും ‘ശ്രീ മഹാഭാഗവതം’ എന്ന സീരിയലിലെ ശ്രീകൃഷ്ണന്റെ വേഷം സ്വപ്നങ്ങൾക്കും അപ്പുറമുള്ള ഒന്നായിരുന്നു. ഒരുപാട് ആരാധകരെ സമ്മാനിച്ച വേഷം. വില്ലൻ വേഷം ചെയ്യണം എന്ന ആഗ്രഹമുണ്ടായിരുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘ഭ്രമണം’ എന്ന സീരിയലിലൂടെ അതും സാക്ഷാത്കരിക്കപ്പെട്ടു.