ADVERTISEMENT

ക്രിക്കറ്റിലെ പരമ്പരാഗത വേഷമായ വെള്ള ജഴ്സിക്ക് പകരം നിറമുള്ള കുപ്പായം അവതരിച്ചിട്ട് നാലു പതിറ്റാണ്ടു കഴിഞ്ഞു. ഏകദിനക്രിക്കറ്റിലും ട്വന്റി20യിലും നിറമുള്ള ജഴ്സിയുമായി താരങ്ങള്‍ കളംവാഴുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിലെ വേഷം ഇന്നും മാന്യതയുടെ പര്യായമായ വെള്ളതന്നെ. ക്രിക്കറ്റ് ജഴ്സിയിൽ നിറം ചാർത്തിയതിന് കായികലോകം കടപ്പെട്ടിരിക്കുന്നത് ഓസ്ട്രേലിയൻ മാധ്യമരാജാവായ കെറി പാക്കറോടാണ്. പാക്കർ തുടങ്ങിവച്ച പാക്കർ സീരീസിന്റെ രണ്ടാം പതിപ്പ് 1978ൽ അരങ്ങേറിയപ്പോൾ കാണികൾക്കൊപ്പം നിറമുള്ള കാഴ്ചകളും ക്രിക്കറ്റിലേക്ക് ഒഴുകിയെത്തി. ക്രിക്കറ്റിലെ യാഥാസ്ഥിതിക സങ്കൽപങ്ങളെ മാറ്റിമറിച്ചത് പാക്കറുടെ നിറമുള്ള സ്വപ്നങ്ങളാണ്. നിറമുള്ള ജഴ്സിക്കൊപ്പം ഡേ–നൈറ്റ് മൽസരങ്ങളും വെള്ള പന്തും കൃത്രിമവെളിച്ചവും പരസ്യങ്ങളുമൊക്കെ ക്രിക്കറ്റിൽ വിരുന്നിനെത്തി.

ലോകകപ്പിലെ നിറക്കൂട്ട്

പല ഏകദിനടൂർണമെന്റുകളിലും നിറമുള്ള ജഴ്സി സ്ഥാനംപിടിച്ചെങ്കിലും ലോകകപ്പിൽ നിറങ്ങളുടെ എഴുന്നള്ളത്ത് 1992ലെ അഞ്ചാം ലോകകപ്പിലൂടെയായിരുന്നു. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി അരങ്ങേറിയ ആ ടൂർണമെന്റ് വിപ്ലവകരമായ പല മാറ്റങ്ങൾക്കും വേദിയൊരുക്കി.

ഇന്ത്യയുടെ  നീലക്കുപ്പായം

1985ൽ ഓസ്ട്രേലിയയിൽ അരങ്ങേറിയ ബെൻസൺ ആൻഡ് ഹെഡ്‌ജസ് ലോക ക്രിക്കറ്റ് ചാംപ്യൻഷിപ്പിലൂടെയാണ് നീലക്കുപ്പായം ഇന്ത്യൻ ക്രിക്കറ്റിന്റെ ഔദ്യോഗിക വേഷമാകുന്നത്. അന്ന് കിരീടവും ഇന്ത്യ സ്വന്തമാക്കി. ടീമിന്റെ ഔദ്യോഗിക ജഴ്‌സിയായി നീലക്കുപ്പായം പിറവിയെടുക്കുമ്പോൾ സുനിൽ ഗാവസ്‌കറായിരുന്നു ഇന്ത്യൻ നായകൻ.

indian-victory

നീലക്കുപ്പായത്തിന്റെ കുടമാറ്റം

ആദ്യ കാലങ്ങളിൽ ആകാശനീലിമയായിരുന്നു ഇന്ത്യൻ ജഴ്‌സിയുടെ വർണം. പ്രാഥമിക വർണവും ദ്വിതീയ വർണവും കലർന്ന വേഷങ്ങളാണ് ആദ്യമുണ്ടായിരുന്നത്. പ്രാഥമിക വർണം നീലയും ദ്വിതീയ വർണം ഇളംമഞ്ഞയുമായിരുന്നു. നീല ഉടുപ്പിന്റെ നടുക്കുകൂടി മഞ്ഞനിറം കടന്നുപോയി. കോളറിന്റെ നിറവും മഞ്ഞ. 1985നുശേഷം ജഴ്‌സിയിൽ മാറ്റങ്ങൾ ഏറെയുണ്ടായി. നീല നിറത്തിന് കടുപ്പം കൂടുകയും കുറയുകയും ചെയ്‌തു. ഒപ്പം മറ്റ് നിറങ്ങളും നീല നിറത്തിന് മിഴിവേകി. 1999ലെ ലോകകപ്പ് ക്രിക്കറ്റ് വരെ രണ്ടു വർണങ്ങൾ പിന്തുടർന്നു. പിന്നീട് നീല ജഴ്‌സിയിലേക്ക് കുങ്കുമം, വെള്ള, പച്ച എന്നിവയും ചാലിക്കപ്പെട്ടു. 

മാറ്റങ്ങളുമായി 2019

ടീം ഇന്ത്യയുടെ നിറമായ നീലയുടെ രണ്ടു ഷേഡുകൾ ഇക്കുറി ഇന്ത്യൻ ജഴ്സിയിലുണ്ട്. ഓറഞ്ചാണ് രണ്ടാം നിറം. ഇന്ത്യ ഇതുവരെ നേടിയ 3 ലോകകിരീടങ്ങളുടെ തീയതിയും സ്കോറും ഇന്ത്യൻ ജഴ്സിയിൽ അച്ചടിച്ചിട്ടുണ്ട്. 1983ലെ ലോകകപ്പ്, 2007ലെ ട്വന്റി20 ലോകകപ്പ്, 2011ലെ ലോകകപ്പ് എന്നിവയാണ് സ്കോർ സഹിതം ജഴ്സിയുടെ പിൻഭാഗത്ത് കോളറിനോടു ചേർന്ന് അച്ചടിച്ചിരിക്കുന്നത്. 

ലോഞ്ച്

നിറങ്ങളും ഡിസൈനും മാറുന്ന മുറയ്ക്ക് പുതിയ ജഴ്സി പുറത്തിറക്കുന്ന ചടങ്ങ് മുഖ്യ സ്പോൺസർമാരായ നൈക്കി മറക്കാറില്ല. ഏറ്റവും പുതിയ ഇന്ത്യൻ ജഴ്സി നൈക്കി പുറത്തിറക്കിയത് ചെന്നൈയിൽ 2019 ലോകകപ്പിന് മുന്നോടിയായിട്ടാണ്. 

indian-team-jersey

പ്രകൃതിയോട് കൂട്ടുകൂടി

പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നൈക്കി ജഴ്‌സി തയാറാക്കിവരുന്നത്. പ്രകൃതിയോട് ചേർന്നുനിന്ന്, വിയർപ്പു വലിച്ചെടുക്കാനും ശരീരത്തിലെ ഈർപ്പനില ശാസ്‌ത്രീയമായി നിലനിർത്താനും സഹായിക്കുന്ന ഭാരം കുറഞ്ഞ തുണികളാണ് ഉപയോഗിക്കുന്നത്. ഇത്തവണ പോളിയസ്റ്ററാണു പുനരുപയോഗിച്ചിരിക്കുന്നത്. 2015ൽ പ്ലാസ്റ്റിക് കുപ്പിയിൽനിന്നു റീസൈക്കിൾ ചെയ്തെടുത്ത വസ്തുക്കൾ ഉപയോഗിച്ചായിരുന്നു ജഴ്സിയുടെ നിർമാണം.   

ഹോം, എവേ ജഴ്സികൾ 

ഫുട്ബോളിലെപ്പോലെ ഹോം, എവേ മാച്ചുകൾക്കായി വ്യത്യസ്ത നിറമുള്ള ജഴ്സികൾ ധരിക്കാനുള്ള തീരുമാനവും നടപ്പായിക്കഴിഞ്ഞു. ലോകകപ്പ് ആതിഥേയരായ ഇംഗ്ലണ്ടിന്റെ ജഴ്സിയുടെ നിറം നീലയായതിനാൽ അവരുമായി ഏറ്റുമുട്ടുമ്പോൾ അതേ നിറത്തിലുള്ള ടീമുകളുടെ നിറത്തിന് മാറ്റമുണ്ടാകും. ഉദാഹരണത്തിന് ഇന്ത്യ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടുമ്പോൾ  ഓറഞ്ച്  ജഴ്സിയാവും ധരിക്കുക 

ഭാഗ്യം കൊണ്ടുവന്ന നീല 

നീലക്കുപ്പായവുമായി ഇറങ്ങിയ ഇന്ത്യൻ ക്രിക്കറ്റിനെ പലപ്പോഴും ഭാഗ്യം പുണർന്നു. 2007ലെ ട്വന്റി20 ലോകകപ്പും 2011ലെ ഏകദിനലോകകപ്പുമടക്കം നിരവധി കിരീടങ്ങൾ നീലക്കുപ്പായക്കാർ ഏറ്റുമാങ്ങി. നിർഭാഗ്യമെന്നു പറയട്ടെ 1983ൽ ഇന്ത്യ ആദ്യമായി ലോകകപ്പ് ഉയർത്തുമ്പോൾ ക്രിക്കറ്റ് മൈതനാങ്ങളിൽ നിറം ചാലിച്ചുതുടങ്ങിയിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com