ഭക്ഷണം ബാക്കിയുണ്ടോ? കളയേണ്ട, ആവശ്യക്കാരിൽ എത്തിക്കാം!
Mail This Article
പ്രളയം ഒന്നു തോർന്ന് കഴിഞ്ഞപ്പോൾ പല ക്യാംപുകളിലും ഭക്ഷണമായിരുന്നു വലിയ ആവശ്യം. ജീവിച്ചിരിക്കുന്നു എന്നത് ഉറപ്പ് വരുത്തണമെങ്കിൽ ഭക്ഷണം എത്രത്തോളം ആവശ്യമാണെന്ന് മലയാളി മനസ്സിലാക്കിയ സമയമായിരുന്നല്ലോ പ്രളയ കാലങ്ങൾ. ഒരു റൊട്ടിക്കഷ്ണം പോലും ചീത്തയായി പോകാതെ കൃത്യമായി എത്തിക്കാൻ പ്രവർത്തകർ ഓടി നടന്നു. ക്യാംപിൽ എത്താതെ ഇരുന്നവർക്ക് എത്തിച്ചുകൊടുക്കാനും മുൻ നിരയിൽ ആളുണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും പ്രളയ കാലം പട്ടിണി എന്ന അവസ്ഥ അറിയാൻ പര്യാപ്തമായിരുന്നു. വിശപ്പ് ഇതാണെന്നും ഭക്ഷണത്തിന്റെ വില എന്താണെന്നും മനുഷ്യൻ പഠിച്ചു.
കഴിച്ചു ബാക്കി വയ്ക്കുന്ന ഭക്ഷണം എപ്പോഴുമൊരു ബുദ്ധിമുട്ടാണ് പലർക്കും. എന്നാൽ ചിലർ ആ ബാക്കിക്കു പോലും അവകാശികളില്ലെന്ന മട്ടിൽ ആവശ്യത്തിലധികം വാങ്ങുകയും ബാക്കി കളയുകയും ചെയ്യും. എന്നാൽ വാങ്ങിയ ഭക്ഷണം കൂടിപ്പോകുമ്പോള്‍ വിശക്കുന്ന മനുഷ്യർ എവിടെയെങ്കിലും ഉണ്ടാകുമെന്ന് തോന്നാറുണ്ടോ? ആ ഭക്ഷണം നശിപ്പിച്ചു കളയാതെ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കാൻ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ എന്ന് തോന്നിയിട്ടുണ്ടോ? എന്നാൽ ആ ചോദ്യത്തിന്റെ ഉത്തരമാണ് ഫുഡ് പൾസർ.
ഇൻഫോപാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഷ്യൽ പൾസർ എന്ന കമ്പനിയാണ് ഭക്ഷണം പങ്കു വയ്ക്കുക എന്ന ലളിതവും കരുണാർദ്രവുമായ പദ്ധതിയുമായി സമൂഹത്തിലേക്കിറങ്ങി വരുന്നത്. പ്രദേശിക ഭക്ഷ്യ വിഭവങ്ങൾ പങ്കു വയ്ക്കാനും വിൽക്കാനും ഫുഡ് പൾസർ വേദിയൊരുക്കുന്നുണ്ട്. വീട്ടിൽ ഉണ്ടാക്കുന്ന അമിത ഭക്ഷണം, ഹോട്ടലുകളിൽ ബാക്കിയാകുന്ന ഭക്ഷണം എന്നിവ പാഴാക്കി കളയാതെ ഫുഡ് പൾസർ ആവശ്യക്കാരിലേക്ക് എത്തിക്കും. ഇതിനു വേണ്ടി ഒരു ആപ്ലിക്കേഷൻ ഒരുക്കിയിട്ടുണ്ട്.
‘‘ലോകത്ത് ദിനംപ്രതി ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ 40 ശതമാനം പാഴാക്കി കളയുന്നു എന്നാണ് കണക്കുകൾ പറയുന്നത്. ഫുഡ് പൾസർ എന്ന ഡിജിറ്റൽ സംരംഭത്തിലൂടെ ഈ രീതിക്ക് ചെറുതെങ്കിലും ഒരു മാറ്റം കൊണ്ടു വരാൻ ആഗ്രഹിച്ചു. പ്രത്യേകിച്ച് കേരളം പ്രകൃതി ദുരന്തങ്ങളും അവയുടെ അന്തരഫലങ്ങളും നേരിടുന്ന ഈ അവസരത്തിൽ പങ്കു വയ്ക്കലിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ ഫുഡ് പൾസർ എന്ന ഈ ആശയത്തെ ഒരു സന്ദേശമായി കാണാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്’’
സോഷ്യൽ പൾസർ സിഇഓ അജീഷ് നായർ തങ്ങളുടെ പുതിയ സേവനത്തെ ഇങ്ങനെ അടയാളപ്പെടുത്താൻ ആഗ്രഹിക്കുന്നു.
പാകം ചെയ്ത ഭക്ഷണങ്ങൾ, വീട്ടുവളപ്പിലെ കായ്കനികൾ, പഴവർഗങ്ങൾ, പാല്‍, പാൽ ഉൽപ്പന്നങ്ങള്‍, എണ്ണ, സുഗന്ധവ്യജ്ഞനങ്ങൾ, കറ്റാർവാഴ, എന്നിങ്ങനെ ഉപയോഗപ്രദമായ വസ്തുക്കൾഫുഡ് പൾസറിലൂടെ ആവശ്യക്കാരിലേക്ക് എത്തിക്കാം. ഭക്ഷണത്തിൽ മാത്രം ഒതുങ്ങാതെ ജൈവ വളം, കാലിത്തീറ്റ, കരി, വൈക്കോൽ എന്നിവയും ഫുഡ് പൾസർ കൈമാറ്റം ചെയ്യുന്നു.
ഭക്ഷ്യവസ്തുക്കളുടെ പാഴായി പോകുന്നതു തടയുക എന്നതിനൊപ്പം വീട്ടമ്മമാർക്ക് ഒരു ജോലിയായതും ഈ ആശയത്തെ ഉപയോഗപ്പെടുത്താനുള്ള അവസരവും ഫുഡ് പൾസര്‍ ഒരുക്കുന്നതായി അജീഷ് നായർ പറയുന്നു.
‘‘ഫുഡ് പൾസർ ആപ്പിൽ തിരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ രണ്ടു മുതൽ 50 കിലോമീറ്റർ വരെ ചുറ്റളവിൽ ഉൽപ്പന്നങ്ങൾ ആവശ്യക്കാരിലേക്ക് എത്തിക്കാനാകും. ചെറുകിട കാറ്ററിങ് നടത്തുന്ന വീട്ടമ്മമാർ, ഉത്പാദകർ എന്നിവർക്ക് അവരുടെ വസ്തുക്കൾ ഇത്തരത്തിൽ കൈമാറ്റം ചെയ്യാൻ ഫുഡ്പൾസർ ഉപയോഗിക്കാം. കോളജുകളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കാനാണ് ഞങ്ങളുടെ തീരുമാനം.’’– അജീഷ് പറഞ്ഞു.
സൗജന്യമായി ഭക്ഷണം നൽകുന്നവരുടെ പേരിൽ മരങ്ങൾ നടാൻ ഫുഡ് പൾസർ പദ്ധതിയിടുന്നുണ്ട്. ഭക്ഷണവും പ്രകൃതിയും കാരുണ്യത്തിൽ ലയിച്ചു ചേരുന്ന മാതൃകയാണ് ഇത്.