ADVERTISEMENT

പുതുമകൾകൊണ്ട് മലയാള ഹാസ്യലോകത്ത് ശ്രദ്ധ നേടുകയാണ് ദീപു നാവായിക്കുളം എന്ന കലാകാരൻ. ആന പാപ്പാനും കുടിയനും അളിയനുമൊക്കെയായി കണ്ടു മറന്ന കഥാപാത്രങ്ങൾക്ക് ദീപു പുതിയ രൂപഭാവങ്ങൾ നൽകുമ്പോൾ കുടുംബസദസ്സുകളിൽ ചിരിപ്പടരും. അസാധ്യമായ മെയ്‌വഴക്കം പ്രകടിപ്പിക്കുന്ന ഡാൻസും ദീപുവിനെ ആരാധകരുടെ പ്രിയതാരമാക്കുന്നു. പ്രതിസന്ധികളോടു പടവെട്ടി മുന്നേറി കോമഡിയുടെ ലോകത്ത് സ്വന്തം സ്ഥാനം കണ്ടെത്തിയ പ്രിയകലാകാരന്റെ വിശേഷങ്ങളിലൂടെ...

ജയിക്കാൻ പഠിപ്പിച്ച മിമിക്രി

തിരുവനന്തപുരത്തെ നാവായിക്കുളമാണ് സ്വദേശം. അവിടെ എസ്കെവിഎച്ച്എസ് എന്ന സ്കൂളിലായിരുന്നു 10–ാം ക്ലാസു വരെ പഠിച്ചത്. അന്നെല്ലാം മിമിക്രി ചെയ്യുമായിരുന്നു. നാട്ടിലെ ഓണാഘോഷ പരിപാടികളിലും മറ്റും സജീവമായിരുന്നു. എന്നാൽ 10–ാം ക്ലാസില്‍ ഞാൻ തോറ്റു. അതോടു കൂടി പഠിപ്പ് അവസാനിപ്പിച്ച് റോഡ് പണിക്കു പോകാൻ തുടങ്ങി. അങ്ങനെ പല ജോലികൾ ചെയ്തു. പക്ഷേ അതുകൊണ്ടൊന്നും ഒന്നും ആകില്ലെന്ന് മനസ്സിലായി. മിമിക്രിയിലായാലും മൽസരങ്ങളിൽ പങ്കെടുക്കാനും വളരാനുമൊക്കെ വിദ്യാഭ്യാസം വേണമെന്നും സ്കൂളിൽ പോകണമെന്നും തോന്നി. അങ്ങനെ വീണ്ടും പഠിക്കാൻ തീരുമാനിച്ചു. 

deepu-navaikulam-1

എന്റെ ഒരു കൂട്ടുകാരനെ വിളിച്ചു െകാണ്ടു വന്ന് എന്നെ എങ്ങനെയെങ്കിലും പഠിപ്പിച്ച് ജയിപ്പിക്കാൻ പറഞ്ഞു. പണിയില്ലാത്ത ദിവസങ്ങളിൽ അവന്റെ ഒപ്പം ഇരുന്ന് പഠിച്ചു. അങ്ങനെ ഞാൻ വീണ്ടും എഴുതി എസ്.എസ്.എൽ.സി പാസായി. അതിനുശേഷം പകൽക്കുറി സ്കൂളിൽ പ്ലസ് ടുവിന് ചേര്‍ന്നു. അവിടെയാണ് ശരിക്കും മിമിക്രിയുടെ തുടക്കം. അധ്യാപകർ നല്ല പ്രോല്‍സാഹനം നൽകി. സ്കൂൾ കലോൽസവങ്ങളിൽ പങ്കെടുത്തു. കൂടുതൽ ബന്ധങ്ങൾ ഉണ്ടാക്കാനായി. അതു കലാരംഗത്ത് വളരാൻ കരുത്തേകി. അങ്ങനെ മിമിക്രിയിൽ സജീവമായിത്തുടങ്ങി.

ഒരു സുഹൃത്തിനൊപ്പം ‘ഹാസ്യകല’ എന്ന പേരിലൊരു ട്രൂപ്പ് തുടങ്ങി. അങ്ങനെ സ്റ്റേജ് സ്കിറ്റ് ഒക്കെ കണ്ടിട്ടാണ് തിരുവനന്തപുരത്തെ പ്രമുഖ ട്രൂപ്പുകളിൽ അവസരം കിട്ടുന്നത്. ശശാങ്കൻ മയ്യനാട്, തിരുമല ചന്ദ്രൻ എന്നിവരുടെ കൂടെ പ്രവർത്തിച്ചു. ഇപ്പോൾ തിരുവനന്തപുരം ‘സരിഗ’ എന്ന ട്രൂപ്പിന്റെ ഭാഗമാണ്.

മിനിസ്ക്രീൻ

‘ഹാപ്പി ഹോളിഡേയ്സ്’ എന്ന കോമഡി പരിപാടിയിലൂടെയാണ് മിനിസ്ക്രീനിലേക്ക് വരുന്നത്. പിന്നെ സാജു കൊമേഡിയന്‍ സ്പീക്കിങ്, കോമഡി സ്റ്റാർസ്, കോമഡി ഉല്‍സവം, മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍, കോമഡി സര്‍ക്കസ് എന്നീ പരിപാടികളുടെ ഭാഗമായി. ഇപ്പോൾ അത്യാവശ്യം പരിപാടികളുണ്ട്.

‍ഡാൻസ്

ഓണപരിപാടിക്ക് വീടിന്റെ അടുത്തുള്ള പിള്ളേരുടെ കൂടെ ചുമ്മാ ഡാൻസ് കളിക്കുമായിരുന്നു. അല്ലു അർജുന്റെ സിനിമകളിലെ പാട്ടുകളാണ് ഇതിനായി ഉപയോഗിക്കാറുള്ളത്. ‘ആപ്പിൾ പെണ്ണും, ചിരിച്ചു കൊല്ലുന്ന വണ്ടും’ ഒക്കെയായിരുന്നു പ്രധാനം. അന്നേ വിചാരിച്ചിരുന്നു ഇതൊക്കെ എന്നെങ്കിലും വേദികളിൽ അവതരിപ്പിക്കണമെന്ന്. അവസാനമായി ശംഭു കല്ലറയ്ക്കൊപ്പം ‘ചിരിച്ചു കൊല്ലുന്ന വണ്ടേ’ എന്ന പാട്ടിനു കളിച്ച ഡാൻസും വളരെയധികം ശ്രദ്ധ നേടി. ഇന്നു ചില പരിപാടികൾക്കു പോകുമ്പോൾ ഡാൻസ് കളിക്കാന്‍ ആളുകൾ ആവശ്യപ്പെടും.

വേദനകൾ

പണ്ട് മിമിക്രി ചെയ്യുമ്പോൾ സീനിയർ താരങ്ങൾ പലരും പരിഹസിച്ചിട്ടുണ്ട്. അവരെ വിളിച്ച് അവസരം ചോദിച്ചപ്പോള്‍ ‘നിന്നെ കൊണ്ട് പറ്റില്ല, നീയൊക്കെ വെറുതെയാണ്’ എന്നെല്ലാം പറഞ്ഞിട്ടുണ്ട്. അന്ന് അനുകരണം മാത്രമേ ചെയ്തിരുന്നുള്ളൂ. ഞാനൊരു ആര്‍ടിസ്റ്റ് അല്ല എന്നായിരുന്നു പറഞ്ഞത്. പരിഹാസം സഹിക്കാനാവാതെ വന്നപ്പോൾ ഞാൻ മിമിക്രി അവസാനിപ്പിച്ചു പോയതാണ്. പക്ഷേ കൂട്ടുകാർ ധൈര്യവും പ്രചോദനവും നൽകി തിരികെ എത്തിച്ചു.

അന്നു കളിയാക്കിയ പലരും പിന്നീട് പരിപാടി കണ്ട് എന്നെ അഭിനന്ദിച്ചിട്ടുണ്ട്. ഞാൻ ഇപ്പോൾ ഒരു ആർടിസ്റ്റ് ആയോ എന്ന് ചിലരോട് ചോദിച്ചിട്ടുമുണ്ട്. നമ്മുടെ സുഹൃത്തുക്കളായാലും കൂടെയുള്ളവരായാലും രക്ഷപ്പെടണമെന്നേ എന്നും ആഗ്രഹിച്ചിട്ടുള്ളൂ. 

നാടൻ കഥാപാത്രങ്ങൾ

ഒരുപാട് ജോലിക്കു പോയതു കൊണ്ടു നിരവധി മനുഷ്യരെ അടുത്തറിയാൻ സാധിച്ചിട്ടുണ്ട്. അവരെല്ലാം മനസ്സിലുണ്ട്. അതിൽ നിന്ന് നമുക്കു വേണ്ട കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും രൂപപ്പെടുത്താനാവും. എന്നോട് അവതരിപ്പിക്കാൻ പറയുന്ന കഥാപാത്രങ്ങളെയും ഇങ്ങനെയാണ് വികസിപ്പിക്കുന്നത്. കൂടുതലും നാട്ടിന്‍പുറത്തുകാരായ കഥാപാത്രങ്ങൾ ആണ്.

സിനിമ

മിമിക്രിയിലൂടെ എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം സിനിമകളിൽ അവസരം ലഭിച്ചതാണ്. ‘ഓൾഡ് ഈസ് ഗോൾഡ്’ എന്ന സിനിമയിൽ ഒരു മുഴുനീള വേഷമാണ് ലഭിച്ചത്. ‘ഉറിയിടി’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഒരു അവസരം തരാമെന്ന് വിജയ് ബാബു സർ പറഞ്ഞിട്ടുണ്ട്.

കുടുംബം

അമ്മ, അച്ഛൻ, ഭാര്യ, കുഞ്ഞ് എന്നിവര്‍ അടങ്ങുന്നതാണ് കുടുംബം. പ്രണയ വിവാഹമായിരുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് പ്രണയത്തിലായത്. ഭാര്യയുടെ പേര് രഞ്ജിനി. ഞങ്ങൾക്ക് ഒരു മകനുണ്ട്, ദേവാനന്ദ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com