മമ്മൂക്കയും തങ്കുവും പിന്നെ ‘മറിയേടമ്മേടെ ആട്ടിൻകുട്ടിയും’
Mail This Article
തങ്കച്ചൻ ഇപ്പോൾ പ്രേക്ഷകരുടെ തങ്കുവാണ്. മിനിസ്ക്രീനിലൂടെ ചിരിപ്പൂരം തീർക്കുന്ന പ്രിയപ്പെട്ട കലാകാരൻ. തങ്കു വരുമ്പോൾ തന്നെ വേദിയിൽ ചിരി മുഴുങ്ങും. കുട്ടികൾക്കാണ് തങ്കുവിനോട് കൂടുതൽ പ്രിയം. കോമഡികളും രസികൻ പാട്ടുകളുമൊക്കെ ചേർന്നാണ് തങ്കുവിന്റെ പ്രകടനം. തങ്കുവിന്റ മറിയേടമ്മേടെ ആട്ടിൻകുട്ടി ടിക്ടോക് തരംഗം തീർക്കുകയാണ്. അർഥമറിയില്ലെങ്കിലും ആ പാട്ടിനൊപ്പം ചുണ്ടനക്കി അഭിനയിക്കുന്നവരിൽ ഇന്ത്യയിലെ വിവിധദേശക്കാരുണ്ട്. തങ്കച്ചൻ വിതുരയുടെ വിശേഷങ്ങളിലൂടെ......
തിരുവനന്തപുരത്തെ വിതുരയാണ് എന്റെ സ്വദേശം. ചെറുപ്പം മുതലേ പാട്ടിനോടും ഡാൻസിനോടും മിമിക്രിയോടും കമ്പമുണ്ടായിരുന്നു. 1995–96 കാലഘട്ടത്തിൽ അമ്മാവന്റെ മകനൊപ്പം ചേർന്ന് ഒരു മ്യൂസിക് ട്രൂപ് തുടങ്ങി. ‘ന്യൂ സ്റ്റാർ ഒാർക്കസ്ട്ര’ എന്നായിരുന്നു ട്രൂപ്പിന്റെ പേര്. മൂന്ന്, നാല് പരിപാടികൾ തീർന്നപ്പോഴെ ട്രൂപ്പ് അവസാനിപ്പിക്കേണ്ടി വന്നു. അതിനുശേഷം തിരുവനന്തപുരത്തെ മറ്റു സമതികളുടെ ഭാഗമായി. അങ്ങനെ പ്രഷഫനൽ രംഗത്ത് സജീവമായി. പിന്നീട്, ചാനൽ പരിപാടികളുടെ ഭാഗമായപ്പോഴാണ് ആളുകള്‍ തിരിച്ചറിയാൻ തുടങ്ങിയത്. കോമഡി സ്റ്റാർസിൽ സ്പ്പോട്ടിങ് ആര്‍ടിസ്റ്റ് ആയി ചില ടീമുകൾക്കൊപ്പം പ്രവര്‍ത്തിച്ചു. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയിലൂടെയാണ് കൂടുതൽ ശ്രദ്ധ നേടുന്നത്.
മമ്മൂക്കയെ ചിരിപ്പിച്ചു
മെമ്മറീസ്, ലൈഫ് ഓഫ് ജോസുട്ടി, ദൃശ്യം, അമർ അക്ബർ അന്തോണി എന്നീ സിനിമകളിൽ അഭിനയിച്ചു. വളരെ ചെറിയ വേഷങ്ങളായിരുന്നു. പക്ഷേ ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ സാധിച്ചത് വളരെയധികം സന്തോഷം നൽകി. പിന്നീട് സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നത് മമ്മൂക്ക വഴിയാണ്. ഗ്രേറ്റ് ഫാദർ സിനിമയുടെ പ്രെമേഷനുമായി ബന്ധപ്പെട്ടു നടത്തിയ ഒരു പരിപാടിയിലാണ് മമ്മൂക്കയെ പരിചയപ്പെടാൻ അവസരം കിട്ടുന്നത്. ആ പ്രോഗ്രാമിൽ എനിക്ക് വലിയ റോൾ ഒന്നും ഉണ്ടായിരുന്നില്ല. ഒരു ജുബ്ബയിട്ട് സദസ്സിൽ ഇരിക്കുന്നു എന്നേയുള്ളൂ. സദസ്സിലുള്ള ആരോ സംസാരിച്ചശേഷം മൈക്ക് കൈമാറുകയായിരുന്നു ഞാൻ. അപ്പോഴാണ് മമ്മൂക്ക എന്ന കാണുന്നതും എന്തിനാ മൈക്ക് എടുത്തു കൊണ്ടു പോകുന്നതെന്നും ചോദിച്ചത്. ഇതാരുടെ ജുബ്ബയാ എടുത്തിട്ടിരിക്കുന്നത് എന്ന് തമാശരൂപേണ അദ്ദേഹം ചോദിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ മുമ്പിൽ ഒരു പാട്ടു പാടാനും ഒരു കഥ പറയാനും അവസരം കിട്ടി. സ്കിറ്റിന്റെ ഭാഗമായി ഞാൻ മുൻപ് ഒരുപാട് വേദികളിൽ പറഞ്ഞിട്ടുള്ള കഥയാണ്. അതു കേട്ട് അദ്ദേഹം ചിരിച്ചു.
സൗഹൃദം , സ്നേഹം മമ്മൂക്ക
ഒരു ദിവസം എനിക്ക് ഡബിൾസ് സിനിമയുടെ സംവിധായകനായ സോഹൻ സീനു ലാലിന്റെ ഫോൺ വന്നു. മമ്മൂക്ക വിളിച്ചിട്ട് എന്തുകൊണ്ടാണ് ഫോൺ എടക്കാത്തത് എന്ന് അദ്ദേഹം ചോദിച്ചു. പരിപാടിയുടെ റിഹേഴ്സൽ കഴിഞ്ഞ് ഉറക്കപിച്ചയിൽ കിടക്കുകയായിരുന്നു ഞാൻ. എനിക്ക് സത്യത്തിൽ എന്താ സംഭവം എന്നു മനസ്സിലായില്ല. ‘താങ്കൾ ആരാണ്’ എന്നു ഞാൻ തിരിച്ചു ചോദിച്ചു. ഞാൻ മമ്മൂക്കയ്ക്ക് കൊടുക്കാമെന്നു പറഞ്ഞ് അദ്ദേഹം ഫോൺ കൈമാറി.
‘‘ഞാൻ മമ്മൂട്ടിയാണ്. ഇയാൾ എന്താ ഫോൺ വിളിച്ചിട്ട് എടുക്കാത്തത് ? ഇയാളുടെ നമ്പർ തന്നെയല്ലേ വാട്സാപിൽ’’ എന്ന് അദ്ദേഹം ചോദിച്ചു. ഞാൻ വിചാരിച്ചത് മമ്മൂക്കയുടെ ശബ്ദത്തിൽ ആരെങ്കിലും വിളിച്ച് പറ്റിക്കുകയായിരിക്കും എന്നാണ്. അതിനുശേഷം ഞാന്‍ വാട്സാപിൽ പരിശോധിച്ചപ്പോൾ മമ്മൂക്കയുടെ മെസേജ് വന്ന് കിടക്കുന്നു. പിന്നയുള്ള കാര്യങ്ങൾ ഒന്നും പറയണ്ടല്ലോ, ഞാൻ ചിരിക്കണോ കരയോണോ എന്നറിയാൻ പറ്റാത്ത അവസ്ഥയിലായി. അദ്ദേഹത്തെ വിളിച്ചു. ‘‘തങ്കച്ചാ സിനിമയിൽ ഒരു വേഷം ഉണ്ട്. ഒരു ദിവസം എന്നെ വന്നു കാണണം എന്നു പറഞ്ഞു. അങ്ങനെ അദ്ദേഹത്തെ പോയി കണ്ടു. മമ്മൂക്കയുടെ കൂടെ എപ്പോഴും ഉള്ള ഒരു വേഷം എനിക്കു നൽകണമെന്ന് അദ്ദേഹം സിനിമയുമായി ബന്ധപ്പെട്ടവരോട് പറഞ്ഞു. അങ്ങനെയാണ് പരോള്‍ സിനിമയിൽ വേഷം കിട്ടിയത്. വളരെ സ്നേഹത്തോടും സൗഹൃദത്തോടും കൂടിയാണ് അദ്ദേഹം എന്നോടു പെരുമാറിയിട്ടുള്ളത്.
മറിയേടമ്മേടെ ആട്ട്കുട്ടി
രണ്ടു വർഷം മുൻപ് ഒരു സ്കിറ്റിനു വേണ്ടി എഴുതിവച്ച വരികളാണ് അത്. വെറുതെ ഇരിക്കുന്ന സമയത്ത് ചെറിയ പാട്ടുകൾ ഉണ്ടാക്കുന്ന ശീലം ഉണ്ട്. തിരുവനന്തപുരം ഭാഗത്തുള്ള ഒരു കലാമേളയ്ക്കു വേണ്ടിയാണ് ഇത് എഴുതിയത്. ചെറിയൊരു തമിഴ് ചുവ ആ വരികൾക്കുണ്ട്. അതു കേരളത്തിന്റെ മറ്റുള്ള ഭാഗങ്ങളിലുള്ളവർക്ക് മനസ്സിലാകണമെന്നില്ല. ആ പാട്ട് അന്ന് ഉപയോഗിച്ചില്ല. ഗായകനായി ഒരു സ്കിറ്റ് ചെയ്യാന്‍ അവസരം കിട്ടിയപ്പോൾ ആ ഗാനം ഉൾപ്പെടുത്തുകയായിരുന്നു. രസകരമായ സംഗീതവും പ്രാസമുള്ള വരികളുമായതിനാൽ ആ ഗാനം ശ്രദ്ധിക്കപ്പെട്ടു. ടിക് ടോക്കില്‍ നോര്‍ത്ത് ഇന്ത്യയിലും തമിഴ്നാട്ടിലുമുള്ളവരൊക്കെ ആ പാട്ട് ചെയ്യുന്നുണ്ട്. ഒരു ദിവസം ചായകുടിച്ചുകൊണ്ടിരിക്കുമ്പോൾ ഈ പാട്ട് കേട്ടു. അവിടെ ഉണ്ടായിരുന്ന ഒരു ബംഗാളി സഹോദരന്റെ ഫോണിന്റെ റിങ്ടോൺ ആയിരുന്നു. അതു കേട്ടപ്പോൾ അദ്ഭുതവും സന്തോഷവും തോന്നി.
പ്രേക്ഷകരുടെ പിന്തുണ കരുത്ത്
പ്രേക്ഷകരുടെ പിന്തുണയാണ് ഏറ്റവും വലിയ കരുത്ത്. പരിപാടികളെല്ലാം ആത്മാർഥതയോടെ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ട് ആത്മാർഥമായി പിന്തുണ ചാനലുകളുടെയും അണിയറപ്രവർത്തകരുടെയും ഭാഗത്തു നിന്ന് ലഭിക്കുന്നുണ്ട്. കൊച്ചു കുട്ടികളാണ് എന്നെ പെട്ടെന്ന് തിരിച്ചറിയുന്നതും തങ്കു എന്ന് പറഞ്ഞ് വീട്ടുകാർക്ക് കാണിച്ചു കൊടുക്കുന്നതും. ഒരിക്കൽ നാഗർകോവിലിൽ ഉള്ള ഒരു തമിഴ് കുടുംബത്തിലെ കുട്ടി എന്നെ തിരിച്ചറിയുകയും അടുത്തു വരുകയും ചെയ്തു. അതൊക്കെ മറക്കാനാവാത്ത അനുഭവങ്ങളാണ്.
കുടുംബം
അച്ഛനും അമ്മയും നാലു സഹോദരിമാരും രണ്ടു സഹോദരന്മാരും അടങ്ങുന്നതാണ് കുടുംബം. സഹോദരങ്ങൾ എല്ലാവരും വിവാഹിതരായി. എല്ലാവരും അങ്ങനെ സന്തോഷത്തോടെ കഴിഞ്ഞു പോകുന്നു. നല്ല ആരോഗ്യം, എപ്പോഴും എല്ലാവരെയും രസിപ്പിക്കുക, ബുദ്ധിമുട്ടുകളില്ലാതെ ജീവിക്കണം എന്നേ എനിക്ക് ആഗ്രഹമുള്ളൂ. എന്റെ വിവാഹം കഴിഞ്ഞിട്ടില്ല. സമയമാകുമ്പോൾ ഒരാൾ ജീവിതത്തിലേക്ക് വരും.
English Summary : Artist Vithura Thankachan about his life