ജയസൂര്യയുടെ മാസ് ലുക്ക്; തരംഗമായി രുദ്രാക്ഷമാല
Mail This Article
ജയസൂര്യയുടെ പുതിയ സിനിമ ‘തൃശൂർ പൂര’ത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രമികൾ. സിനിമയുടെ മാസ് ട്രെയിലറും പ്രണയം ആവാഹിച്ചെത്തിയ ഗാനവും പ്രേക്ഷക പ്രതീക്ഷകളെ ഉയർത്തിയിരിക്കുകയാണ്.
ജയസൂര്യയുടെ ഗെറ്റപ്പാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കട്ടത്താടിയും മടക്കി കുത്തിയ മുണ്ടുമായി കലിപ്പന്‍ ലുക്കിലാണ് ജയസൂര്യ. ഇതിനൊപ്പം തന്നെ ശ്രദ്ധേയമാണ് താരത്തിന്റെ ആക്സസറീസും.
കഴുത്തിലെ രുദ്രാക്ഷമാലയാണ് ഇക്കൂട്ടത്തിൽ ഹെവി ലുക്കിലുള്ളത്. രുദ്രാക്ഷമാല ട്രഡീഷനൽ ആണെങ്കിലും അതിന് സ്റ്റൈലിഷ് ലുക്ക് നൽകിയാണ് മാല തയാറാക്കിയിരിക്കുന്നത്. ജയസൂര്യയുടെ നിർദേശത്തെ തുടർന്ന് പറക്കാട് ജ്വല്ലറിയുടെ ഉടമയും ഡിസൈനറുമായി പ്രീതി പറക്കാട്ട് ആണ് മാല ഡിസൈൻ ചെയ്തത്. സ്പെഷൽ രുദ്രാക്ഷവും ശുദ്ധമായ വെള്ളിയിൽ തയാറാക്കിയ കപ്പുകളാണ് മാലയ്ക്കു വേണ്ടി ഉപയോഗിച്ചത്. ഇതു കൂടാതെ ഇടയ്ക്കയും ത്രിശൂലവും യോജിച്ച രീതിയിലുള്ള ഒരു ലോക്കറ്റും മാലയിലുണ്ട്. ഇതിലും രുദ്രാക്ഷം പിടിപ്പിച്ചിട്ടുണ്ട്.
‘‘വെള്ളിയിൽ തന്നെ മാല വേണമെന്ന് ജയസൂര്യയക്ക് നിർബന്ധമുണ്ടായിരുന്നു. ഡിസൈൻ ചെയ്തശേഷം ഒരു ഗ്രാം സ്വർണത്തിൽ ഉണ്ടാക്കി അദ്ദേഹത്തിന് കാണിച്ച് കൊടത്തു. ഇഷ്ടപ്പെട്ടതോടെ അതു വെള്ളിയിൽ ഉണ്ടാക്കി. കുറച്ച് വര്‍ക്ക് ചെയ്ത് രുദ്രാക്ഷം ഭംഗിയാക്കി. ശിവ സങ്കല്‍പത്തിനോട് യോജിച്ചു നിൽക്കുന്നതാണ് ആ മാല. അതൊരു സ്പെഷൽ വർക്കാണ്’’ – ഡിസൈനർ പ്രീതി പറക്കാട്ട് പറഞ്ഞു.
സംവിധായകൻ രാജേഷ് മോഹനനാണ് ജയസൂര്യയുടെ മാലയുടെ ആദ്യ ആരാധകൻ. പിന്നീട് ചിത്രത്തിന്റെ ക്യാമറാമാൻ ആർ.ഡി രാജശേഖറിനും സംഘട്ടനം ഒരുക്കിയ ദിലീപ് സുബ്ബരയ്യനും മാല ഇഷ്ടപ്പെട്ടു. ഇവർക്ക് ജയസൂര്യ മാല ഉണ്ടാക്കി നൽകി. പിന്നീട് ചിത്രത്തിന്റെ ട്രെയിലറും ഗാനരംഗങ്ങളും ഇറങ്ങിയപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ മാലയെക്കുറിച്ചുള്ള അന്വേഷണങ്ങൾ ജയസൂര്യയെ തേടിയെത്തി.
English Summary : Jayasurya mass look and rudrakshamala in Thrissur Pooram