7 വർഷം, 38 ഇഞ്ച് താടി ; പ്രവീൺ പരമേശ്വർ നാഷനൽ ബിയേഡ് ചാംപ്യൻ
Mail This Article
അങ്ങ് ഡൽഹിയിൽ മാത്രമല്ല, നാട്ടിലും താരമായി പ്രവീൺ മാറുകയാണ്. ഇന്ത്യയിലെ താടിക്കാരിൽ ഒന്നാമൻ ആയി മാറിയ മലയാളി, നാഷനൽ ബിയേഡ് ചാംപ്യനായ പ്രവീൺ പരമേശ്വർ. 7 വർഷത്തെ പ്രയത്നം കൊണ്ട് 38 ഇഞ്ച് താടിയുടെ ഉടമ ആയി മാറിയ പ്രവീൺ ഡൽഹിയിലെ ഗുഡ്ഗാവിൽ നടന്ന മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടി. ഇതുവരെ രാജസ്ഥാനും പഞ്ചാബും ആയിരുന്നു ആധിപത്യം നേടിയിരുന്നത്.
ടെക്നോ പാർക്കിൽ ഐടി എൻജിനീയറായിരുന്നു പ്രവീൺ. സിനിമാ മോഹം ആണ് പ്രവീണിന് ഇങ്ങനെ ഒരു സാഹസത്തിനു മുതിരാൻ പ്രേരണ നൽകിയത്. ആദ്യ സിനിമ ടമാർ പഠാർ ആയിരുന്നു. പിന്നീട് കലി, ഇടി, ഷേർലക്ക് ഹോംസ്, ഗാനഗന്ധർവൻ, സൺഡേ ഹോളിഡേ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. സിനിമകളിൽ അസോഷ്യേറ്റ് ഡയറക്ടറായും പ്രവർത്തിച്ചുവരുന്നു.
7 വർഷം മുൻപ് സിനിമയിൽ അഭിനയിക്കാൻ അപേക്ഷ നൽകിയപ്പോൾ താടി കുറവായതിന്റെ പേരിൽ തഴയപ്പെട്ട സംഭവം ഇപ്പോഴും പ്രവീൺ ഓർക്കുന്നു. അതൊരു വാശിയിലേക്കു മാറി. പിന്നെ താടി എടുത്തിട്ടില്ല. ഉള്ളത് വെട്ടി വൃത്തിയായി സൂക്ഷിക്കുന്നു. സ്വന്തമായി കഥ എഴുതി സിനിമ നിർമിക്കാനുള്ള ഒരുക്കത്തിലാണ് പ്രവീൺ. ഇപ്പോൾ നാട്ടിലെ മിക്ക വേദികളിലും ശ്രദ്ധാകേന്ദ്രമായി മാറുകയാണ് ഈ താടിക്കാരൻ.
English Summary : Praveen Parameswar won national beard championship