വസ്ത്രം കംഫർട്ടബിളാണോ, ആത്മവിശ്വാസം കൂടും: മിഥില പാൽകറെ
Mail This Article
ചുരുണ്ടമുടിയുടെ ഭംഗിയില്ലായ്മ പഴങ്കഥയാക്കിയാണ് മിഥില പാൽകർ യുട്യൂബിലേക്കെത്തുന്നത്. കുട്ടിത്തം വിട്ടുമാറാത്ത മുഖവും നിറഞ്ഞ പുഞ്ചിരിയും. മിഥില പാൽകറെ അടയാളപ്പെടുത്താൻ ഇവ തന്നെ ധാരാളം. മെട്രോ നഗരങ്ങളിൽ നാം കണ്ടുമുട്ടുന്ന ഒരു സാധാരണ പെൺകുട്ടി. പക്ഷേ, കർവാനിൽ ദുൽഖറിനോടൊപ്പം തിളങ്ങിയപ്പോൾ മിഥില കേരളത്തിലെ പെൺകുട്ടികളുടെയും ഫാഷൻ ഐക്കണായി.
കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ മിഥില മനോരമ കാതിലോലയോട്:
കംഫർട്ടബിൾ ഡ്രസിങ്
പ്രത്യേകിച്ച് ഒരു സ്റ്റെൽ ഫോർമുലകളൊന്നും മിഥിലയ്ക്കില്ല. പക്ഷേ, ജാവ സിംപിളും പവർഫുള്ളും ആണെന്നു പറഞ്ഞതുപോലെ മിഥിലയുടെ സ്റ്റൈലുകളും സിംപിളും പവർഫുള്ളുമാണ്. മിഥിലയുടെ വസ്ത്രങ്ങൾ നോക്കിയാൽ തെളിഞ്ഞു വരുന്നത് അടുത്ത വീട്ടിലെ കുട്ടി ഇമേജാണ്. എത്തിനിക് വെയറോ വെസ്റ്റേണോ ഫ്യൂഷനോ ഏതു തരത്തിലുള്ള വസ്ത്രമാണെങ്കിലും മിഥിലയ്ക്കത് മിഥില ഫാഷനാകുന്നു. അതിനുള്ള കാരണവും മിഥില തന്നെ പറയും. 'കംഫർട്ടബിൾ. ഇടുന്ന വസ്ത്രം നമുക്ക് കംഫർട്ടബിൾ ആയിരിക്കണം. എന്റെ ഫാഷൻ മന്ത്ര അതാണ്. എത്രത്തോളം നമ്മൾ കംഫർട്ടബിളാണോ അത്രത്തോളം നമ്മുടെ ആത്മവിശ്വാസവും കൂടും', മിഥില പറഞ്ഞു.
സാരിയും മൂക്കുത്തിയും
ലിനനോ കൈത്തറിയോ ഏതു തരത്തിലുള്ള സാരിയും വർഷങ്ങളായി സാരി ഉടുക്കുന്ന ഒരാളുടെ ലാഘവത്തോടെ, എന്നാൽ ഭംഗിയോടെ ഉടുക്കുന്ന താരമാണ് മിഥില. സാരിയുടുക്കുമ്പോൾ ഒരു മൂക്കുത്തി. അതും മിഥില ടച്ച് തന്നെയാണ്. പല വലുപ്പത്തിലുള്ള മൂക്കുത്തിയണിഞ്ഞാണ് സാരിയുടുക്കുമ്പോഴൊക്കെ മിഥിയ പ്രത്യക്ഷപ്പെടാറ്. മിഥിലയെ വ്യത്യസ്തമാക്കുന്നതും ഇതു തന്നെ. എത്തിനിക് വെയറിൽ തീർത്തും എത്തിനിക്. വെസ്റ്റേൺ വെയറിലാകട്ടെ തികഞ്ഞ ഒരു മെട്രോ പെൺകുട്ടി.
ഡെനിമുകളുടെ രാജകുമാരി
ജീൻസിലുമുണ്ട് മിഥിലയുടെ ഫാഷൻ കൈയൊപ്പ്. ഡെനിമോ സ്കിന്നിയോ ഫ്രിൻജ് ടസൽ ജീൻസോ എന്തിലാണെങ്കിലും മിഥില സൂപ്പറാണ്. പ്രിന്റഡ് പാന്റ്സുകളുടെ കൂടെ ക്രോപ് ടോപ്, അല്ലെങ്കിൽ ഡെനിം ഡ്രസ്. വളരെ ആയാസത്തോടെ എന്നാൽ, പുതുമ നിറയ്ക്കാവുന്ന തരത്തിലാണ് മിഥിലയുടെ വസത്രധാരണരീതികൾ.
ആലിയ ഇഷ്ടതാരം
എന്നാലും ഏറ്റവും പ്രിയപ്പെട്ട വസ്ത്രമേതെന്നു ചോദിച്ചാൽ മിഥില പറയും അത് പൈജാമകളാണെന്ന്. 'പൈജാമകൾ തരുന്ന കംഫർട്ടബിലിറ്റി ഒന്നും മറ്റൊരു വസ്ത്രത്തിനും നൽകാൻ കഴിയില്ല. അതുകൊണ്ട് എനിക്കെപ്പോഴും ഇഷ്ടം പൈജാമകൾ തന്നെ'. ന്യൂജൻ പെൺകുട്ടികളുടെ ഫാഷൻ ഐക്കണാണ് മിഥില പാൽക്കറെങ്കിലും ആലിയ ഭട്ടാണ് മിഥിലയുടെ ഫാഷൻ ഐക്കൺ.
English Summary : Mithila Palkar Style Statement