ബ്രാൻഡിനെ വെല്ലും വ്യാജന്മാർ, തിരിച്ചറിയാം ഇങ്ങനെ !
Mail This Article
കുപ്പിവെള്ളം മുതൽ വെളിച്ചെണ്ണയ്ക്കു വരെ വ്യാജന്മാരിറങ്ങുന്ന നാടാണ് നമ്മുടേത്. ഇടയ്ക്കിടെ ചില പരിശോധനകളും നടപടികളുമൊക്കെ ഉണ്ടാകുമ്പോള്‍ വ്യാജന്മാർ ഒന്നടങ്ങുമെങ്കിലും അധികം താമസിയാതെ മറ്റൊരു രൂപത്തില്‍ വിപണിയിലെത്തും. ഇത്തരത്തിലുള്ള വ്യാജന്മാരുടെ ആക്രമണത്തിന് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത് നിലവാരം കൂടിയ കോസ്‌മെറ്റിക്, പെര്‍ഫ്യൂം ബ്രാന്‍ഡുകളാണ്. ഓണ്‍ലൈനിലും പ്രാദേശിക മാര്‍ക്കറ്റുകളിലും ലഭിക്കുന്ന വ്യാജ ഉത്പന്നങ്ങള്‍ നമ്മുടെ പണം നഷ്ടമാക്കുന്നതിനൊപ്പം ചര്‍മ്മത്തിനും ദോഷം ചെയ്യുന്നു.
ഉപഭോക്താക്കളെ പറ്റിക്കുന്നതിനായി ഒറിജിനലിനെ വെല്ലുന്ന രീതിയിൽ പാക്കിങ് ചെയ്താണ് വ്യാജന്മാർ വിപണിയിൽ എത്തുക. ഒറിജിനിലത്, ഡ്യൂപ്ലിക്കേറ്റ് ഏത് എന്നു ബ്രാൻഡ് നിർമാതാക്കൾ പോലും സംശയിച്ചു പോകാം. നിരവധിപ്പേരാണ് ഇത്തരം തട്ടിപ്പിൽ വീഴുന്നത്. എന്നാൽ ഒന്നു ശ്രദ്ധിച്ചാൽ നമുക്ക് ഈ വ്യാജന്മാരിൽ നിന്നു രക്ഷ നേടാം.
ഉൽപന്നം വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
∙ബ്രാൻഡിനെ അറിയുക
നിങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡിനെക്കുറിച്ച് മനസ്സിലാക്കുക. ബ്രാൻഡിന്റെ പ്രത്യേകതകളും നിർമാണ സ്ഥലവുമൊക്കെ അറിഞ്ഞിരിക്കാം. ഒപ്പം പാക്കിലുള്ള ലോഗോ, പേരിന്റെ അക്ഷരങ്ങൾ എന്നിവയും ശ്രദ്ധിക്കാം.
∙അറിവ് ഉപയോഗിക്കുക
ബ്രാൻഡിനെ മനസ്സിലാക്കി കഴിഞ്ഞാൽ സാധനം വാങ്ങുമ്പോൾ ആ അറിവ് ഉപയോഗപ്പെടുത്താം. വ്യാജന്മാര്‍ ലോഗോ, പേരിലെ അക്ഷരങ്ങൾ എന്നിവയിൽ ചെറിയ മാറ്റങ്ങൾ വരുത്താനുള്ള സാധ്യത കൂടുതലാണ്. തെറ്റിദ്ധരിപ്പിക്കലും നിയമനടപടികള്‍ ഒഴിവാക്കലുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിനാൽ സാധനം കൃത്യമായി പരിശോധിക്കാം. ഒരു തെളിവ് അവശേഷിച്ചിട്ടുണ്ടാകും.
∙കോഡ് ചില്ലറക്കാരനല്ല
ചില ബ്രാന്‍ഡുകള്‍ ആധികാരികത ഉറപ്പുവരുത്താനായി സീരിയല്‍ നമ്പരുകള്‍ നല്‍കാറുണ്ട്. വെബ്‌സൈറ്റിൽ നോക്കിയും ബാര്‍കോഡ് സ്‌കാന്‍ ചെയ്‌തും ഒറിജിനലാണെന്ന് ഉറപ്പ് വരുത്താനുള്ള അവസരമാണ് ഇവിടെ നൽകുന്നത്. എന്നാൽ വ്യാജന്മാരുടെ ഇത്തരം നമ്പറുകളും ബാർകോഡുകളും സ്കാനിങ്ങിൽ പരാജയപ്പെടും. ഇതൊരു മികച്ച മാർഗമാണ്.
∙വിലക്കുറവിൽ വീഴല്ലേ
വമ്പൻ ബ്രാൻഡുകളുടെ ഒരു വലിയ പ്രത്യേകത വിലക്കിഴിവിലെ പരിധികളാണ്. ബ്രാൻഡിന്റെ മൂല്യം നിലനിർത്താനായി വൻ വിലക്കുറവുകൾ നൽകുന്ന രീതി ഇവർ പിന്തുടരാറില്ല. അതിനാൽ പകുതി വിലയും വമ്പൻ ഓഫറുകളുമായി എത്തുന്ന വ്യാജന്മാരെ ശ്രദ്ധിക്കാം.
∙വഴിയരികിലെ ബ്രാൻഡുകൾ
ഫൂട്പാത്ത്, ഓൺലൈൻ കച്ചവട കേന്ദ്രങ്ങളിലാണ് വ്യാജൻമാർ വിരാജിക്കുന്നത്. അതിനാൽ ബ്രാൻഡഡ് സാധനങ്ങൾ വാങ്ങുമ്പോൾ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നു വാങ്ങാൻ ശ്രദ്ധിക്കുക. ബില്ലോടു കൂടി സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളാണ് കൂടുതൽ സുരക്ഷിതം.
ഉത്പന്നം വാങ്ങി കഴിഞ്ഞാല്‍
∙പായ്ക്ക് പൊട്ടിച്ച ശേഷം
ഉല്‍പന്നം തുറന്ന് കഴിഞ്ഞ് അവയുടെ നിറത്തിലും മണത്തിലുമെല്ലാം സ്ഥിരതയുണ്ടോ എന്നു പരിശോധിക്കാം. വ്യാജന്മാർ ഗുണമേന്മയിൽ ദാരുണമായി പരാജയപ്പെടും. ഉത്തരവാദിത്തമുള്ള ഒരു ബ്രാന്‍ഡും അവരുടെ ഗുണനിലവാരത്തില്‍ വെള്ളം ചേര്‍ക്കില്ല. ഉൽപന്നം യഥാര്‍ഥമാണോ എന്നു സംശയം തോന്നിയാല്‍ നിര്‍മ്മാതാക്കളെയോ വ്യാപാരി അസോസിയേഷനുകളെയോ ബന്ധപ്പെടൂ.
∙ഉപയോഗിക്കുമ്പോഴും ജാഗ്രതൈ
ഏതു മേക്കപ് സാധനം വാങ്ങിയാലും അതിന്റെ ആധികാരികതയെ കുറിച്ച് എത്ര ഉറപ്പുണ്ടെങ്കിലും ചര്‍മ്മത്തിന്റെ ഏതെങ്കിലും ചെറിയ ഭാഗത്ത് അതൊന്ന് പരീക്ഷിച്ച് നോക്കണം. മുഖത്ത് ഇടാനുള്ളതാണെങ്കിലും ആദ്യമേ ചാടിക്കയറി മുഖത്തിടരുത് എന്ന് ചുരുക്കം. ആദ്യം ശരീരത്തിലെ ചെറിയൊരു ഭാഗത്ത് ഇട്ടു പരീക്ഷിച്ച് വ്യാജനല്ല എന്നും അലർജിയില്ലെന്നുമൊക്കെ ബോധ്യപ്പെട്ട ശേഷം മുഖത്തും മറ്റും ഉപയോഗിക്കുക.
English Summary : Ways to identify duplicate products