ADVERTISEMENT

‘കറുത്ത് സ്യൂട്ട് ധരിച്ച്, തോളിൽ ശവപ്പെട്ടിയുമായി നൃത്തം ചെയ്യുന്ന മനുഷ്യർ. സംഗീതത്തിന്റെ അകമ്പടിയോടെ താളവും ഭാവവും നിറയുന്നതാണ് നൃത്തം’– സമൂഹമാധ്യമങ്ങളിൽ ഏതാനും മാസങ്ങളായി ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതു സിനിമാ രംഗമോ, പ്രാങ്ക് പരിപാടിയോ ആകുമെന്നു തെറ്റിദ്ധരിച്ചവരാണ് കൂടുതൽ. എന്നാൽ അല്ല. മൃതദേഹമുള്ള പെട്ടിയുമായി തന്നെയാണ് ഇവരുടെ നൃ‍ത്തം ! ഇവരുടെ പേരാണ് ‘ഡാൻസിങ് പോൾബിയറേഴ്സ്’. 

സംസ്കാര ചടങ്ങി‍ൽ ശവപ്പെട്ടി ചുമക്കുന്നവരാണ് പോൾബിയറേഴ്സ് എന്ന് അറിയപ്പെടുന്നത്. കറുത്ത സ്യൂട്ടും വെളുത്ത ഗ്ലൗസും ധരിച്ച് അത്യധികം ബഹുമാനത്തോടും സൂക്ഷ്മതയോടും ശവപ്പെട്ടി വഹിച്ചു കൊണ്ടു നടക്കുകയാണ് ഇവരുടെ ജോലി. ചിലയിടങ്ങളിൽ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ആയിരിക്കും ശവപ്പെട്ടി ചുമക്കുക. എന്നാൽ ചില രാജ്യങ്ങളിൽ, പ്രത്യേകിച്ചും ആഫ്രിക്കൻ രാജ്യങ്ങളിൽ ഇതിനു വേണ്ടി പ്രഫഷനലുകളുണ്ട്. 

ജീവിതം ആഘോഷിച്ച, ആഘോഷിക്കാൻ കൊതിച്ച മനുഷ്യരുടെ അന്ത്യയാത്രയും ആഘോഷമാക്കിയാലോ എന്ന ബെഞ്ചമിൻ ഐഡൂ എന്ന ഘാനക്കാരന്റെ ചിന്തയാണ് ഡാൻസിങ് പോൾബിയറേഴ്സിനു തുടക്കമിട്ടത്. 2003–2004 കാലഘട്ടത്തിൽ ശവസംസ്കാരം നടത്തുന്ന സംഘത്തിന് നേതൃത്വം നൽകുകയായിരുന്നു ഐഡൂ. ആ സമയത്ത് ഈ മേഖലയിൽ മത്സരം ശക്തമായി. ശവസംസ്കാരത്തിൽ വ്യത്യസ്തമായി എന്തെങ്കിലും ഉൾകൊള്ളിച്ചാലോ എന്ന ചിന്ത ശക്തിപ്പെട്ടു. അതാണ് ശവസംസ്കാരം ആഘോഷമാക്കുക എന്ന ചിന്തയിലെത്തിയത്. അങ്ങനെ ശവപ്പെട്ടിയുമായി നൃത്തം ചെയ്യുന്ന രീതിക്ക് ഐഡൂ തുടക്കമിട്ടു. ഓരോ സംസ്കാര ചടങ്ങിനും വേണ്ടിയും ഡാൻസ് കൊറിയോഗ്രഫി ചെയ്തു. പ്രത്യേകതയുളള വസ്ത്രങ്ങൾ ധരിച്ചു.

പതിയെ ഈ ഡാൻസിങ് പോൾബിയറേഴ്സ് ഘാനയിൽ ശ്രദ്ധ നേടി. കൂടുതൽ ആളുകൾ ആഘോഷപൂര്‍വമുള്ള ശവസംസ്കാരം തിരഞ്ഞെടുത്തു. കൂടുതൽ ആളുകളെ ബെഞ്ചമിൻ ഐഡൂ ജോലിക്കെടുത്തു. അവർക്ക് പരിശീലനം നൽകി. സ്ത്രീകളും ബാന്റ്സെറ്റുകാരും പാട്ടുകാരുമൊക്കെ സംഘത്തിന്റെ ഭാഗമായി. ഘാനയിലെ മാധ്യമങ്ങളിൽ ‘ഡാൻസിങ് പോൾബിയറേഴ്സ്’ വാർത്തയായി. പിന്നീട് രാജ്യാന്തര മാധ്യമങ്ങളായ ബിബിസിയും അൽ–ജസീറയും ബെഞ്ചമിൻ ഐഡൂവിനെ തേടിയെത്തി. 

എന്നാൽ 2020ലാണ് ഡാൻസിങ് പോൾബിയറേഴ്സ് സോഷ്യല്‍ ലോകത്ത് തരംഗമാകുന്നത്. ഒരു ബൈക്ക് അപകടത്തിന്റെ ദൃശ്യത്തിനൊപ്പം ഇവരുടെ നൃത്തവും ഒരു റഷ്യൻ ആൽബം ഗാനവും ചേർത്തു വിഡിയോ പ്രചരിക്കാൻ തുടങ്ങി. ‘ചെറിയ അശ്രദ്ധകൾ ജീവനെടുക്കും’ എന്ന സന്ദേശം നൽകുന്നതായിരുന്നു ഈ വിഡിയോ. തുടർന്ന് നിരവധി വിഡിയോകളിൽ പോൾ ബിയറേഴ്സിന്റെ ഡാൻസും റഷ്യൻ സംഗീതത്തിനൊപ്പം ചേർത്ത് ഉപയോഗിച്ചു. ട്രോളുകള്‍, മുന്നറിയിപ്പുകൾ, ബോധവത്കരണം എന്നിങ്ങനെ പലതിലും പോൾബിയറേഴ്സ് സ്ഥാനം നേടി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ബോധവത്കരണത്തിനായി ഇവരുടെ നൃത്തരംഗങ്ങൾ ഉപയോഗപ്പെടുത്തി.

ഇവരുടെ ഡാൻസിനൊപ്പം ഉപയോഗിച്ച സംഗീതവും ശ്രദ്ധിക്കപ്പെട്ടത് ഇക്കാലയളിൽ തന്നെയായിരുന്നു. അതിനാൽ ആ സംഗീത സംഘത്തോടൊപ്പം ചേർന്ന് ഒരു സ്റ്റേജ് ഷോ നടത്താനുള്ള പദ്ധതി തയാറാക്കുകയാണ് ‍ബെഞ്ചമിൻ. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ‍ബെഞ്ചമിനെ തേടി ഇപ്പോൾ ഫോൺ കോളുകൾ വരുന്നുണ്ട്. ഡാൻസിങ് പോൾബിയറേഴ്സിന്റെ പ്രകടനത്തിന്റെ വിഡിയോ 2016 മുതൽ യുട്യൂബിലുണ്ട്. അതിപ്പോള്‍ തരംഗമായതിൽ അദ്ഭുതവും ഒപ്പം സന്തോഷവുമുണ്ടെന്നാണ് ബ്രിട്ടീഷ് വാർത്താ വെബ്സൈറ്റായ JOE ക്ക് നൽകിയ അഭിമുഖത്തില്‍ ബെഞ്ചമിൻ പറഞ്ഞത്. കോവിഡ് ഭീതിയും ലോക്ഡൗണും മാറി ലോകം പഴയപോലെയാകാൻ വേണ്ടി കാത്തിരിക്കുകയാണ് ‍ബെഞ്ചമിൻ ഐഡൂ ഇപ്പോള്‍.

English Summary : Dancing pallbearers turn sensation all over the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com