45ലും ബെക്കാം സ്റ്റൈലിഷ് സ്റ്റാർ ; പ്രവചനങ്ങൾക്ക് ഇവിടെ സ്ഥാനമില്ല !
Mail This Article
1998ൽ ഇംഗ്ലണ്ടിലെ മുഖ്യധാര ഫുട്ബോൾ മാസികയായ ഫോർ ഫോർ ടു ഒരു സര്‍വേ നടത്തി. അന്നത്തെ ഇംഗ്ലണ്ട് ഫുട്ബോൾ ടീമിലെ ഒരു സ്റ്റൈലിഷ് താരം 2020ൽ എങ്ങനെയിരിക്കും എന്നു പ്രവചിക്കുകയായിരുന്നു ലക്ഷ്യം. വായനക്കാരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് കംപ്യൂട്ടർ ഗ്രാഫിക്സ് സഹായത്തോടെ ആ താരത്തിന്റെ 20 വർഷത്തിനു ശേഷമുള്ള രൂപമുണ്ടാക്കി. പല്ലു കൊഴിഞ്ഞ്, നെറ്റി കയറി, അൽപം ചുക്കിച്ചുളിഞ്ഞ മുഖമായിരുന്നു അയാൾക്ക് പ്രവചിക്കപ്പെട്ടത്. അന്നവർ പുറത്തുവിട്ട ചിത്രം കണ്ടു വായനക്കാരും ഫുട്ബോൾ ആരാധകരും ആർത്തു ചിരിച്ചു.
വർഷങ്ങൾ പിന്നിട്ടു. ഇന്ന് 2020 മേയ് 2, അയാളുടെ 45–ാം ജന്മദിനം. ‘ലോകത്തിലെ സ്റ്റൈലിഷ് പുരുഷന്മാരിൽ ഒരാൾ’ എന്ന വിശേഷണത്തോടെ ആ പേര് ഇന്നും ഫാഷൻ മാസികകളിൽ കാണാം. ഇടംകാലുകൊണ്ടു ഫുട്ബോൾ ഗ്രൗണ്ടിൽ മഴവില്ലു തീർത്ത, കോടിക്കണക്കിനു യുവാക്കളുടെ സൗന്ദര്യ സങ്കൽപത്തിന്റെ പര്യായമായ മാറിയ അയാളുടെ പേര് ഡേവിഡ് ജോസഫ് റോബർട്ട് ബെക്കാം. ആരാധകരുടെ സ്വന്തം ഡേവിഡ് ബെക്കാം!
ഫുട്ബോളിൽ നിന്നു വിരമിക്കുന്നതോടെ സ്റ്റൈലും ഫിറ്റനസും ഫാഷനുമൊക്കെ വിട്ട് ഒതുങ്ങി കൂടുന്ന താരങ്ങളുടെ പാതയിൽ ബെക്കാമും സഞ്ചരിച്ചേക്കുമെന്ന പൊതു ചിന്തയായിരുന്നു ആ പ്രവചനത്തിന് ആധാരം. പക്ഷേ, ബെക്കാമിന്റെ സൗന്ദര്യത്തിനും സ്റ്റൈലിനും മുമ്പിൽ പ്രവചനങ്ങൾക്ക് സ്ഥാനമില്ല.
ഇംഗ്ലിഷ് ഫുട്ബോളിലെ സൂപ്പർതാരമായും മാഞ്ചസ്റ്റർ യുണൈറ്റഡിലെയും റയൽ മഡ്രിഡിലെയും വിശ്വസ്തനായ മിഡ്ഫീൽഡറായും തിളങ്ങിയ ബെക്കാം, സ്റ്റൈലിഷ് ലുക്കുകളുമായി ഫുട്ബോൾ ലോകത്തിനും പുറത്തും ആരാധകരെ സൃഷ്ടിച്ചു. ഫാഷൻ ലോകത്തെ ടോപ് മോഡലായി തിളങ്ങി. ഫുട്ബോളിനോടു വിടപറഞ്ഞെങ്കിലും ഫാഷൻ ട്രൻഡ്സിൽ ബെക്കാമിനു പകരക്കാരനവാൻ ഫുട്ബോൾ ലോകത്ത് മറ്റൊരു താരമുണ്ടായിട്ടില്ലെന്ന വസ്തുത മാത്രം മതി ബെക്കാം ആരായിരുന്നെന്നറിയാൻ.
മുടിയിലെഴുതിയ കവിതകൾ
കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെയുള്ള ബാർബർഷോപ്പുകളുടെ ചുവരുകളിൽ ഇന്നും ബെക്കാമിന്റെ ചിത്രങ്ങൾ കാണാം. ഹെയർ സ്റ്റൈലിൽ ബെക്കാം പുലർത്തിയ വൈവിധ്യം യുവാക്കളിൽ അത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട്. സ്റ്റൈലുകൾക്കു വേണ്ടി ലോകം ബെക്കാമിനു പുറകെ ഓടിയിട്ടുണ്ട്. അയാളെപ്പോലെ മുടി വെട്ടുക എന്നത് കുട്ടികൾക്കും യുവാക്കൾക്കും ഹരമായിരുന്നു.
ഫോക്സ് ഹൗക്, അണ്ടർ കട്ട്, സൈഡ് പാർട്ട്, ബുസ് കട്ട്, പോംപഡൗർ, ബ്ലോ ഔട്ട്, മൊഹൗക്, മെസ്സി ക്രോപ് വിത്ത് ബാങ്സ്, ക്വിഫ് തുടങ്ങി ബെക്കാം പരീക്ഷിച്ചു വിജയിച്ച ഹെയർ സ്റ്റൈലുകൾ നിരവധി. എന്തിനേറെ, ബെക്കാം മൊട്ടയടിച്ചപ്പോൾ അതുപോലും യുവാക്കൾക്കിടയിൽ തരംഗമായി!
ബെക്കാം എത്തി, പാപ്പരാസികളും
കരിയറിന്റെ അവസാനഘട്ടത്തിൽ പിഎസ്ജിയിലേക്കു ചേക്കേറിയ ബെക്കാമിന് മികച്ച സ്വീകരണമാണ് പാരിസിൽ ലഭിച്ചത്. എന്നാൽ മത്സര സമയത്തല്ലാതെ ബെക്കാമിനെ കാണാനോ ചിത്രം പകർത്താനോ മാധ്യമങ്ങൾക്ക് അനുവാദമുണ്ടായിരുന്നില്ല. ബെക്കാമിനെപ്പോലെ ഒരു താരം സ്വന്തം നാട്ടിലെത്തിയിട്ട് അടങ്ങിയിരിക്കാൻ അവർക്കു സാധിക്കുമോ? കനത്ത സുരക്ഷാ സംവിധാനങ്ങൾക്കിടയിൽ നടന്ന പിഎസ്ജിയുടെ പരിശീലനത്തിനിടയിലേക്ക് 150ൽ അധികം പാപ്പരാസികളാണ് അന്ന് ഇരച്ചെത്തിയത്. എല്ലാവർക്കും ആവശ്യം ബെക്കാമിന്റെ ചിത്രങ്ങൾ!
ബെൻഡ് ഇറ്റ് ലൈക് ബെക്കാം
ബെക്കാം ഫ്രീകിക്കുകൾ തരംഗമായിരുന്ന സമയത്ത് ഏറ്റവുമധികം ഉയർന്നുകേട്ട വാചകമാണ് ‘ബെൻഡ് ഇറ്റ് ലൈക് ബെക്കാം’. ബുമറാങ് പോലെ വളഞ്ഞ് ഗോൾ പോസ്റ്റിൽ ചെന്നു പതിക്കുന്ന ബെക്കാം ഫ്രീകിക്കുകൾ ഏതൊരു താരത്തിന്റെയും സ്വപ്നമായിരുന്നു. ഈ ജനപ്രീതി തന്നെയാണ് 2002ൽ പുറത്തിറങ്ങിയ അമേരിക്കൻ ചിത്രത്തിനു ‘ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം’ എന്നു പേരിടാൻ നിർമാതാക്കളെ പ്രേരിപ്പിച്ചതും. ഒരു കടുത്ത ബെക്കാം ആരാധികയായ പെൺകുട്ടി ഫുട്ബോളറാകാൻ കൊതിക്കുന്നതും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. ശരാശരിയിൽ ഒതുങ്ങുമായിരുന്ന ചിത്രത്തിന് ലോകശ്രദ്ധ നേടിക്കൊടുത്തത് ആ പേരായിരുന്നു. ബെക്കാമിന്റ കഥയണെന്നും ബെക്കാം അഭിനയിച്ചിട്ടുണ്ടെന്നും കരുതി സിനിമ കാണാൻ എത്തിയവരും നിരവധി!
ബ്രാൻഡ് മാൻ
2013ൽ ഫുട്ബോൾ ലോകത്തോടു വിടപറഞ്ഞശേഷം മോഡലിങ്ങും ബിസിനസ്സുമായി ജീവിതം മുന്നോട്ടു നയിച്ച ബെക്കാമിന്റെ മൂല്യം ഏകദേശം 450 മില്യൻ ഡോളറാണ്. ബെക്കാമിനെ ബ്രാൻഡ് അംബാസഡറാക്കാൻ കമ്പനികൾ മത്സരിച്ചു. നിരവധി ആഡംബര ബ്രാൻഡുകളുമായി ബെക്കാം കരാറിൽ ഏർപ്പെട്ടു. 2017ലെ ഫോബ്സ് പട്ടികയിൽ ലോകത്തെ ഏറ്റവും ധനികനായ കായികതാരങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്തായിരുന്നു ബെക്കാം. വിരമിച്ച് 4 വർഷങ്ങൾക്കുശേഷമായിരുന്നു അത് !
സെക്സിയസ്റ്റ് മാൻ എലൈവ്!
2015ൽ പീപ്പിൾ മാഗസിൻ ജീവിച്ചിരിക്കുന്നവ ‘സെക്സിയസ്റ്റ് മാൻ’ ആരാണെന്നു കണ്ടെത്താൻ ഒരു സർവേ സംഘടിപ്പിച്ചു. ക്രിസ് ഹേംസ്‌വർത്ത്, ജോർജ് ക്ലൂണി, ബ്രാഡ് പിറ്റ്, ജോണി ഡപ് തുടങ്ങിയ ഹോളിവുഡ് സൂപ്പർ താരങ്ങളായിരുന്നു 40കാരനായ ബെക്കാമിനൊപ്പം അന്നു മത്സരിച്ചത്. പക്ഷേ, ബെക്കാം തന്നെയായിരുന്നു ആ ‘സെക്സിയസ്റ്റ് മാൻ എലൈവ്’ എന്ന് സർവേയിൽ പങ്കെടുത്തവർ നിസംശയം പറഞ്ഞു.
‘‘ഈ പുരസ്കാരം എന്നെ അദ്ഭുതപ്പെടുത്തി. ഞാൻ ഇതിനു യോഗ്യനാണോ? വൃത്തിയുള്ള വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കാറുണ്ട്. അല്ലാതെ പ്രത്യേകിച്ചൊന്നും ഞാൻ ചെയ്തിട്ടില്ല’’ - അവാർഡ് സ്വീകരിച്ച ശേഷം ബെക്കാം പറഞ്ഞു.
ഫിറ്റ്നസിൽ നോ കോംപ്രമൈസ്
45–ാം വയസ്സിലും ഇത്രയും ചുറുചുറുക്കോടെ പിടിച്ചു നിൽക്കാൻ ബെക്കാമിനെ സഹായിക്കുന്നത് തന്റെ കണിശമായ ഫിറ്റ്നസ് വർക്കൗട്ടും ഡയറ്റുമാണ്. കൊഴുപ്പ് പരമാവധി ഒഴിവാക്കി ഫൈബർ അടങ്ങിയ ഭക്ഷണമാണ് ബെക്കാം കൂടുതലായും കഴിക്കുന്നത്. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തും.
ഫുട്ബോളിൽ നിന്നു വിരമിച്ചതോടെ തന്റെ വ്യായാമത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയെങ്കിലും ശാരീരിക ക്ഷമത നിലനിൽത്താൻ ഇപ്പോഴും ദിവസേന രണ്ടു മണിക്കൂറോളം ജിമ്മിൽ ചെലവഴിക്കാറുണ്ട്. 20 മിനുട്ട് ജോഗിങ്, 50 യാർഡ് സ്ലെഡ് പുഷ് അപ്, 40 നോർമൽ പുഷ് അപ്, 20 സ്കോട്ട്സ്, 30 റോപ് ബാറ്റിൽ എന്നിങ്ങനെ ബെക്കാമിന്റെ വ്യായാമ മുറകൾ നീളുന്നു.
സുഗന്ധമായി ബെക്കാമിന്റെ ഹോമെ
ഫുട്ബോൾ കരിയറിന്റെ അവസാന കാലത്തായിരുന്നു ബെക്കാം ബിസിനസ്സിലേക്ക് ചുവടുമാറ്റിയത്. 2011ൽ ‘ഹോമെ’ എന്ന പെർഫ്യൂം ബ്രാൻഡുമായി ബിസിനസ്സിൽ ഹരിശ്രീ കുറിച്ച ബെക്കാമിനെ ഇരുകയ്യും നീട്ടിയാണ് ആരാധർ സ്വീകരിച്ചത്. സുഗന്ധത്തിനായി പല റസിപ്പികളും പരീക്ഷിച്ച ബെക്കാം തന്റെ മൂന്ന് ആൺമക്കൾക്കും ഇഷ്ടപ്പെട്ട റസിപ്പിയാണ് ഒടുവിൽ തിരഞ്ഞെടുത്തത്രേ. എന്റെ പേഴ്സനാലിറ്റി എന്റെ പെർഫ്യൂമിൽ കാണാം എന്നാണു ബെക്കാം ഇതിനെക്കുറിച്ചു പറഞ്ഞത്.
ഫാഷൻ പാർട്നർ
വിക്ടോറിയ ആഡംസാണ് ബെക്കാമിന്റെ ഭാര്യ. 1999ലായിരുന്നു ഇവരുടെ വിവാഹം. ഫാഷൻ ലോകത്തും പോപ് ഗാനങ്ങൾ ആസ്വദിക്കുന്നവർക്കിടയിലും സുപരിചിതമായ പേരാണ് വിക്ടോറിയ ബെക്കാം. 1994 രൂപീകരിച്ച ‘സ്പൈസി ഗേൾസ്’ എന്ന ഫീമെയിൽ പോപ് ബാൻഡിലെ ഗായികയായിരുന്നു വിക്ടോറിയ. അതിനുശേഷം വെർജിൻ റെക്കോർഡ്സ്, ടെൽസ്റ്റർ റെക്കോർഡ് എന്നീ കമ്പനികൾക്കു വേണ്ടിയും വിക്ടോറിയ പാടി. 200ൽ പുറത്തിറങ്ങിയ വിക്ടോറിയയുടെ ‘ഔട്ട് ഓഫ് യുവർ മൈൻഡ്’ എന്ന ഗാനം യുകെ ട്രൻഡ് ചാർട്ട്സിൽ രണ്ടാമതെത്തിയിരുന്നു. ബെക്കാമുമായുള്ള പ്രണയത്തിനും വിവാഹത്തിനും ശേഷം ഫാഷൻ ഡിസൈനിങ്ങിലേക്കു തിരിഞ്ഞ വിക്ടോറിയ അവിടെയും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ലണ്ടൻ ഫാഷൻ വീക്, മിലാൻ ഫാഷൻ വീക്, ന്യൂയോർക് ഫാഷൻ വീക് തുടങ്ങി ഫാഷൻ ലോകത്തെ പേരുകേട്ട വേദികളിലെല്ലാം വിക്ടോറിയ പറന്നിറങ്ങി. പലയിടങ്ങളിലും ഭർത്താവ് ബെക്കാം തന്നെയായിരുന്നു അവരുടെ മോഡൽ!
ഈ താര ദമ്പതികൾക്ക് ബ്രൂക്‌ലിൻ, റോമിയോ, ക്രൂസ് എന്നിങ്ങനെ മൂന്ന് ആൺമക്കളും ഹാർപർ ബെക്കാം എന്ന മകളുമാണുള്ളത്. അച്ഛനെപ്പോലെ ഫാഷൻലോകത്തെ ഹോട് താരമാണ് മൂത്തമകൻ ബ്രൂക്‌ലിൻ.
English Summary : David beckham Lifestyle