ADVERTISEMENT

കോവിഡ്–19 സൃഷ്ടിച്ച അപ്രതീക്ഷിത സാഹചര്യത്തിലാണ് ഈ വർഷത്തെ ഓണം. ആഘോഷങ്ങളേക്കാൾ സുരക്ഷിതത്വത്തിന് പ്രാധാന്യം കൊടുക്കേണ്ട നാളുകൾ. ഈ വർഷത്തെ ഓണത്തെക്കുറിച്ചും മധുരമുള്ള ഓണം ഓർമകളെക്കുറിച്ചും നടി രശ്മി സോമൻ പങ്കുവയ്ക്കുന്നു.

‘‘ഒരുപാട് ഓർമകൾ സമ്മാനിച്ചാണ് ഒരോ ഓണം കടന്നു പോവുക. എന്റെ ചെറുപ്പത്തിൽ ബന്ധുക്കളെല്ലാം കൂടി എവിടെയെങ്കിലും ഒരിടത്തായിരുന്നു ഓണം ആഘോഷിച്ചിരുന്നത്. എല്ലാവരും ഒന്നിച്ചുള്ളപ്പോൾ വലിയ സന്തോഷമായിരിക്കും. സമപ്രായക്കാരായ ബന്ധുക്കൾ ഉണ്ടാവും. എനിക്ക് സഹോദരങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് അവരെയെല്ലാം കാണുമ്പോൾ വലിയ സന്തോഷമാണ്. എല്ലാവരും കൂടി കളിക്കാൻ പോകും. പൂക്കളും ഇലയും കായും ഒക്കെ പറിച്ച് പൂക്കളം ഇടം.

reshmi-soman-246

അഭിനയിക്കാൻ തുടങ്ങിയതോടെ ഓണം പരിപാടികൾക്ക് അതിഥിയായി ക്ഷണം ലഭിക്കാൻ തുടങ്ങി. ഷൂട്ടിങ് സെറ്റുകളില്‍ ആഘോഷങ്ങളും ഓണം സ്പെഷൽ പ്രോഗ്രാമുകളുമൊക്കെ ഉണ്ടാകും. അതാക്കെ കൊണ്ട് ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് കോളജിലെ ആഘോഷങ്ങൾക്ക് അധികം പങ്കെടുക്കാനായിട്ടില്ല. ആ ഒരു വിഷമം മാറിയത് പിജിക്ക് പഠിക്കുമ്പോഴാണ്. ആ രണ്ടു വർഷം കോളജിലെ ഓണം ഗംഭീരമായി തന്നെ ആഘോഷിച്ചിട്ടുണ്ട്. ഓണത്തിന്റെ അന്ന് പരമാവധി വീട്ടിൽതന്നെ ഉണ്ടാകാൻ ശ്രമിക്കും.

reshmi-soman-296

വിവാഹശേഷം ദുബായിലേക്ക് പോയി. അവധിദിനമായ വെള്ളിയാഴ്ചകളിലായിരിക്കും അവിടുത്തെ പരിപാടികൾ. അങ്ങനെ ഓരോ വെള്ളിയാഴ്ചയും പല അസോസിയേഷനുകളുടെ പരിപാടികളായി മാസങ്ങളോളം നീണ്ടു നിൽക്കുന്ന ആഘോഷമായിരിക്കും ഉണ്ടാവുക. നവംബറിലൊക്കെ ഓണ പരിപാടികൾക്ക് പോയിട്ടുണ്ട്. 

reshmi-soman-256

ദുബായിൽ ഒരിക്കൽ പായസം മത്സരത്തിന് വിധികർത്താവ് ആയി പോയി. ഏകദേശം 58 മത്സരാർഥികൾ എത്തിയിരുന്നു. ചിലർ നാലും അഞ്ചും പായസമൊക്കെ തയാറാക്കി. ഞാനാണെങ്കിൽ അധികം മധുരമുള്ളതൊന്നും ഇഷ്ടമുള്ള ആളല്ല. ചെറിയൊരു സ്പൂൺ എടുത്ത് ടേസ്റ്റ് നോക്കി തുടങ്ങി. എന്തായാലും എല്ലാം ടേസ്റ്റ് നോക്കി കഴിയുന്നതിനു മുമ്പേ എനിക്കാതെ മത്തുപിടിച്ചതു പോലെയായി.  തലചുറ്റലും ഛർദിക്കാൻ വരലുമൊക്കെ കൂടി വല്ലാത്ത ഒരു അവസ്ഥ. വെള്ളമൊക്കെ കുടിച്ച് കുറച്ചു വിശ്രമിച്ചപ്പോഴാണ് എല്ലാം ശരിയായത്. അന്ന് കഴിച്ചതിൽ ഉള്ളി പായസവും വേറെന്തൊക്കെയോ വ്യത്യസ്തമായ പായസങ്ങളും ഉണ്ടായിരുന്നു. എന്തായാലും അതിനുശേഷം ഒറ്റ മത്സരത്തിനും ഞാൻ വിധികർത്താവ് ആയി പോയിട്ടില്ല. ഇപ്പോൾ ആലോചിക്കുമ്പോൾ എല്ലാം തമാശയായി തോന്നുന്നു. 

reshmi-soman-321

ഈ വര്‍ഷം കോവിഡ് മൂലം ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് ഓണം കടന്നു പോകുന്നത്. ഒരുപാട് നിയന്ത്രണങ്ങളും പ്രതിസന്ധികളും ഉണ്ട്. കഴിയുന്നതു പോലെ ആഘോഷിക്കുക. സന്തോഷിക്കാൻ വേണ്ടിയാണല്ലോ ഓരോ ആഘോഷങ്ങളും. ദുരന്തങ്ങളും പ്രതിസന്ധികളും ആലോചിച്ച് ദുഃഖിച്ചിരുന്നിട്ട് കാര്യമില്ല. പരമാവധി സന്തോഷമായിരിക്കാൻ ശ്രമിക്കുക. 

reshmi-soman-206

എന്തായാലും അധികം യാത്രകളോ ആളു കൂടലോ ഒന്നും നടക്കില്ല. അപ്പോൾ പിന്നെ സമൂഹമാധ്യമങ്ങളെല്ലാം സാധ്യമായ രീതിയിൽ ഉപയോഗപ്പെടുത്തി ഓണം ആഘോഷിക്കുക. ചിത്രങ്ങൾ പങ്കുവച്ചും വിഡിയോ കോൾ ചെയ്തുമൊക്കെ അകലങ്ങളിലിരുന്ന് അടുത്തെത്താം. അങ്ങനെയുള്ള സൗകര്യങ്ങളൊക്കെ ഉപയോഗപ്പെടുത്തി ഒരു ന്യൂ നോർമൽ ഓണം. ഇപ്പോൾ സുരക്ഷിതത്വത്തിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്. ഓണം ഇനിയും വരുമല്ലോ. അപ്പോൾ ഗംഭീരമായിത്തന്നെ ആഘോഷിക്കാം.

English Summary : Actress Reshmi Soman Onam Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com