‘സൗന്ദര്യം വേദനയാകുന്നു’, നെറ്റിയിൽ 170 കോടിയുടെ വജ്രം പതിപ്പിച്ച് അമേരിക്കൻ റാപ്പർ ; വിമർശനം, ട്രോൾ
Mail This Article
നെറ്റിയിൽ വജ്രം പതിപ്പിച്ച് അമേരിക്കൻ റാപ്പർ ലിൻ ഉസി വെർട്ട്. 24 മില്യൻ ഡോളർ (ഏകദേശം 175 കോടി ഇന്ത്യൻ രൂപ) വില വരുന്ന പിങ്ക് വജ്രക്കല്ലാണ് വെർട്ട് നെറ്റിയിൽ സ്ഥാപിച്ചത്.
നെറ്റിയിൽ വജ്രം പതിപ്പിച്ചശേഷം ഇൻസ്റ്റഗ്രാമിൽ വെർട്ട് ഒരു വിഡിയോ ചെയ്തു. പാട്ടിന് താളം പിടിക്കുന്ന വിഡിയോയിൽ നെറ്റിയിലെ വജ്രം എടുത്തുകാണിക്കുന്നുണ്ടായിരുന്നു. സൗന്ദര്യം വേദനയാകുന്നു എന്നായിരുന്നു വിഡിയോയ്ക്ക് ക്യാപ്ഷൻ കൊടുത്തത്.
ഇതിനുശേഷം വജ്രത്തെക്കുറിച്ച കൂടുതൽ വിവരങ്ങള്‍ വെർട്ട് ട്വീറ്റ് ചെയ്തു. നാച്വറൽ പിങ്ക് ഡയമണ്ടിനുവേണ്ടി 2017 മുതൽ പണം നൽകികൊണ്ടിരിക്കുകയായിരുന്നു. ആഡംബര ജ്വല്ലറി ബ്രാൻഡായ എല്ലിയറ്റിൽ നിന്നാണ് ഈ വജ്രമെന്നും ട്വീറ്റിൽ കുറിച്ചു.
വെർട്ടിന്റെ ആഡംബര ജീവിതം മുൻപും വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്. എന്നാൽ ഇത്തവണ അതിനെയെല്ലാം വെല്ലുന്നതാണ് താരത്തിന്റെ പ്രവൃത്തിയെന്നാണ് ആരാധകർ പറയുന്നത്.
ഈ പ്രവൃത്തിക്കെതിരെ ട്രോളുകളും വിമർശനങ്ങളും ശക്തമാണ്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കുന്ന ശീലം വെർട്ടിനില്ല. ഈ വജ്രം ഉപയോഗിച്ച് മോതിരം ഉണ്ടാക്കാമായിരുന്നില്ലേ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് വെര്‍ട്ട് സമൂഹമാധ്യമത്തിൽ മറുപടി നൽകുകയും ചെയ്തു. മോതിരം നഷ്ടമായാൽ നെറ്റിയിൽ പതിപ്പിച്ചതിനേക്കാള്‍ കൂടുതൽ ആളുകൾ കളിയാക്കും എന്നായിരുന്നു മറുപടി. എന്തായാലും വെർട്ടിന്റെ റാപ്പുകൾ പോലെ ഈ സ്റ്റൈലും ഹിറ്റ് ആയിരിക്കുകയാണ്.
English Summary : US rapper Lil Uzi Vert gets pink diamond implanted into his forehead worth Rs 175 crore