പത്രാസു വണ്ടികൾക്കിടയിലെ പാവം വണ്ടി; അതിലെ രണ്ടു കുഞ്ഞിക്കണ്ണുകൾ
Mail This Article
രാവിലെ ഓഫിസിലേക്കുള്ള ഓട്ടപ്പാച്ചിലിനിടയിലാണ് ഈ കുടുസുവണ്ടി വന്ന് കണ്ണിൽക്കയറിയത്. നിറയെ ചാക്കുകെട്ടും ഒരു കുഞ്ഞു സൈക്കിളും തുണിസഞ്ചികളും കുത്തിനിറച്ച ഒരു ഇരുചക്ര പടുതാ വണ്ടി. മൂന്നാല് ആളുകളുമുണ്ട്. നമ്പർ പോലും ഇല്ലാത്ത ഒരു പഴയ ബൈക്കിനു പിന്നിൽ നേരിയ ഒരു കീറത്തുണിയിൽ വണ്ടി കെട്ടിവലിച്ചാണ് അവരുടെ പോക്ക്. കെകെ റോഡിലെ തിരക്കിനിടയിലൂടെ അവരിങ്ങനെ ഞെങ്ങി ഞെരുങ്ങി നീങ്ങുകയാണ്. രണ്ടാമത്തെ നോട്ടത്തിലാണ് അതു കാണുന്നത്: കുടുങ്ങിയിളകി നീങ്ങുന്ന ചാക്കുകെട്ടുകൾക്ക് ഇടയിൽ രണ്ടു കുഞ്ഞിക്കണ്ണുകൾ! വീഴാതെ, വണ്ടിയിലെ തുരുമ്പുകമ്പിയിൽ മുറുകെപ്പിടിച്ചാണ് അവന്റെ ഇരിപ്പ്! ഇവർ എവിടുന്നു വന്നു, എങ്ങോട്ടു പോകുന്നു എന്ന് അറിയില്ല.
ഒരു കുഞ്ഞു കുടുംബത്തിന്റെ പ്രാരാബ്ധ സാഹസിക യാത്രയാണ്. എവിടെ നിന്നോ തുടങ്ങി മറ്റൊരിടത്തേക്ക്... പ്രതീക്ഷകളെല്ലാം ചാക്കിലാക്കി !
ദൈവമേ, ഈ പത്രാസ് വണ്ടിക്കാരെയൊക്കെ പരിപാലിക്കും മുൻപേ, നീയീ കുടുസുവണ്ടിക്കാരെ വേഗം കരയ്ക്കടുപ്പിക്കണേ.. ആ കുഞ്ഞിക്കണ്ണുകാരന്റെ വഴികളിലെ ദുർഘടങ്ങൾ നീക്കി നല്ലൊരു വഴി കാണിക്കണേ!!
English Summary : Life on road! Story of a family lives in a makeshift attached to an old Jawa bike