ADVERTISEMENT

വസ്ത്രങ്ങളിൽ എന്നതു പോലെയോ അതില്‍ കൂടുതലോ പ്രധാനപ്പെട്ടതാണ് പാദരക്ഷയുടെ അളവിലുള്ള കൃത്യത. തെറ്റായ അളവിലുള്ള ചെരിപ്പ് ധരിക്കുന്നത് നിരവധി പ്രശ്നങ്ങൾ ശരീരത്തിന് ഉണ്ടാകാൻ കാരണമാകും. സ്റ്റൈലിഷ് ആയി നടക്കാനും തിളങ്ങാനും പാദരക്ഷയിലെ കരുതല്‍ ആവശ്യമാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ കാലിന്റെ സന്ധികളിലെ വേദന മുതൽ ആർത്രൈറ്റിസ് വരെയുള്ള രോഗങ്ങൾ ഒഴിവാക്കാനാകും. അതായത് ജീവിതശൈലിയിൽ പാദരക്ഷ വളരെയേറെ പ്രാധാന്യമുള്ളതാണെന്നു ചുരുക്കം. പാദരക്ഷ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്.

പാദത്തിന് ഇണങ്ങുന്നതാകണം ചെരിപ്പ്

വ്യായാമം ചെയ്യുമ്പോൾ അണിയുന്ന ഷൂസുകൾ ഉറപ്പും ദൃഢതയും കൂടുതലുള്ളവയാകും. ചെരുപ്പുകൾ പ്രത്യേകിച്ച് ജോഗിങ് ഷൂസ് തിരഞ്ഞെടുക്കുമ്പോൾ ഷൂ കയ്യിലെടുത്ത് മുകളിലേക്കു വളച്ചു നോക്കുക. വളയ്ക്കുമ്പോള്‍ ഷൂവിൽ നിന്നു തിരിച്ച് തള്ളൽ അനുഭവപ്പെടുന്നുണ്ടോ എന്നും നോക്കുക. ഫ്ലെക്സിബിലിറ്റി ഉള്ളവയാണു നല്ലത്.

∙ ലൈറ്റ്‌വെയ്റ്റ് മെറ്റീരിയൽ കൊണ്ടുള്ള ഷൂസാണ് ഹൈക്കിങ്ങിനും ചൂടും വരണ്ടതുമായ കാലാവസ്ഥയിൽ നല്ലത്. ഇവ കാലിൽ വായുസഞ്ചാരമെത്തുന്നത് തടസ്സപ്പെടുത്തില്ല.

∙ പാദങ്ങളുടെ അളവ് കൃത്യമായി എടുക്കുകയാണ് ചെരുപ്പ് വാങ്ങുന്നതിനു മുൻപ് ആദ്യം ചെയ്യേണ്ടത്. ചിലരുടെ രണ്ട് പാദത്തിനും വ്യത്യസ്തമായ അളവാകും. ഇത്തരക്കാര്‍ കൂടിയ അളവിലുള്ള പാദത്തിന്റെ പാകത്തിലാണ് ചെരുപ്പ് തിരഞ്ഞെടുക്കേണ്ടത്. പാദങ്ങളുടെ അളവ് അറിയാമെന്നു കരുതി പിന്നീട് അളക്കാതിരിക്കരുത്. വർഷം കഴിയുന്തോറും കാലിന്റെ വലിപ്പവും ആകൃതിയും മാറാം.

∙ അകത്തേക്കുള്ള വളവ് അഥവാ ആർക് ഷെയ്പ് അനുസരിച്ച് പാദങ്ങളെ മൂന്നാക്കി തിരിക്കാം. പാദത്തിന്റെ ആർക്കിനോടു ചേർന്നിരിക്കുന്ന ഷൂസാണ് തിരഞ്ഞെടുക്കേണ്ടത്. പാദത്തിന്റെ ആകൃതിയെക്കുറിച്ചു വ്യക്തമായ ധാരണ കിട്ടിയില്ലെങ്കിൽ തറയിൽ പതിഞ്ഞ കാലടികള്‍ ശ്രദ്ധിക്കുക. കാലടിയുടെ മുക്കാൽഭാഗം തറയിൽ കാണാമെങ്കിൽ നിങ്ങളുടെ പാദത്തിന് വളഞ്ഞഭാഗം കുറവാണെന്നു മനസ്സിലാക്കാം. കുറച്ചു ഭാഗമേ കാണുന്നുള്ളു എങ്കിൽ വളഞ്ഞഭാഗം കൂടുതലുള്ള പാദങ്ങളാണെന്നും മനസ്സിലാക്കാം.

∙ ആർക് ഭാഗം കുറഞ്ഞ പാദങ്ങളുള്ളവർക്ക് മസിൽ സ്ട്രെസ്സും പാദങ്ങളിലും കാലുകൾക്കും സന്ധിപ്രശ്നങ്ങളും കൂടുതലാകും. അതുകൊണ്ട് ആ ഭാഗത്തിന് താങ്ങു കിട്ടുന്ന വിധത്തിൽ പരന്ന സോളുള്ള ചെരുപ്പ് തിരഞ്ഞെടുക്കുക.

∙ വളഞ്ഞ കാലടികൾ ഉള്ളവർക്ക് സന്ധികളിലും പേശികളിലും കൂടുതൽ ആയാസമനുഭവപ്പെടാറുണ്ട്. പാദത്തിനും ഉപ്പൂറ്റിക്കും വേദനയും തോന്നാം. നടക്കുമ്പോഴുള്ള ആയാസം കുറയ്ക്കുന്ന വിധത്തിൽ കുഷൻഡ് ആർക് സപ്പോർട്ട് ഉള്ള ഷൂസും ചെരുപ്പുമാണിവർ ഉപയോഗിക്കേണ്ടത്.

∙ കൂടുതൽ വളഞ്ഞതും വളവു കുറഞ്ഞതുമല്ലാത്ത ഇടത്തരം പാദങ്ങളുള്ളവർക്ക് ചെരുപ്പുകളെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല. ഉറപ്പുള്ള മിഡ്സോളുകളുള്ള ഷൂസുകളും ചെരുപ്പുകളും ഇവർക്ക് തിരഞ്ഞെടുക്കാം.

∙ സ്ലിപ്പറുകൾ ഉപയോഗിക്കാൻ സുഖമാണെങ്കിലും കുറച്ചുകാലം കഴിയുമ്പോൾ വലിഞ്ഞ് വലുപ്പത്തിൽ വ്യത്യാസം വരും. പാകമല്ലാതായി എന്നോ വലുപ്പ വ്യത്യാസം വന്നു എന്നോ തോന്നുമ്പോൾ പുതിയതു വാങ്ങണം. കുഷൻഡ് സോൾ ഉള്ള സ്ലിപ്പറാണു നല്ലത്.

∙ പ്രമേഹമുള്ളവർക്ക് പാദസംരക്ഷണം വളരെ പ്രധാനമാണ്. കൃത്യ അളവിലുള്ള ചെരുപ്പ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. പാദങ്ങളിൽ എവിടെയും ചെരുപ്പിന്റെ ഭാഗങ്ങൾ ഉരയുന്നില്ലെന്നും ചെരുപ്പിന്റെ മുൻഭാഗത്ത് ആവശ്യത്തിന് വിശാലതയുണ്ടെന്നും ഉറപ്പാക്കണം.

∙ ആർത്രൈറ്റിസ് ഉള്ളവർ ഷോക് അബ്സോർബിങ് ഇൻ സോളുള്ള ചെരുപ്പുകൾ തിരഞ്ഞെടുക്കണം. കട്ടിയുള്ളതും ലൈറ്റ് വെയ്റ്റും അതേസമയം വഴക്കമുള്ളതുമാകണം.

∙ ചിലർക്ക് ലെതർ ചെരുപ്പുകൾ അലർജിയുണ്ടാക്കാം. ചെരുപ്പിലെ ഡൈയോ ടാനിങ്ങിന് ഉപയോഗിക്കുന്ന രാസവസ്തുക്കളോ ആകാം അലർജിയുണ്ടാക്കുന്നത്. അങ്ങനെയുള്ളവർ തുണി കൊണ്ടുള്ള ഷൂസോ കോട്ടൺ ലൈനിങ്ങുള്ള ചെരുപ്പുകളോ തിരഞ്ഞെടുത്തോളൂ. കോട്ടൺ സോക്സ് അണിഞ്ഞാലും മതി.

English Summary : How to pick the right sandals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com