ADVERTISEMENT

ആപ്പുകളും പി ആർ ഏജൻസികളും സോഷ്യൽ മീഡിയയും തിരഞ്ഞെടുപ്പു പ്രചാരണ മാർഗ്ഗങ്ങളാവുന്നതിനുമുൻപ്, എഴുതി തയാറാക്കുന്ന തിരഞ്ഞെടുപ്പ് സാമഗ്രികളുടെ ഒരുകാലം കേരളത്തിനുണ്ടായിരുന്നു. അച്ചടിച്ച ബിറ്റ് നോട്ടീസുകളും അഭ്യർഥനകളും ബ്രോഷറുകളും ആശംസാ കാർഡുകളും പോസ്റ്ററുകളും രാഷ്ട്രീയം പറഞ്ഞിരുന്ന കാലം.

ആ തിരഞ്ഞെടുപ്പ് എഴുത്തിന് കോട്ടയത്ത് ഒരു ആശാനുണ്ട്. താൻ ഭാഗഭാക്കായവയുടെ വൻശേഖരംതന്നെ ഇനംതിരിച്ച് നിധിപോലെ സൂക്ഷിക്കുന്ന ഒരാൾ. കേരളത്തിലെ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഇടം നേടിയ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ പടംവെച്ച ആദ്യത്തെ പോസ്റ്ററിനും കളർ പോസ്റ്ററിനും ആശംസാ കാർഡിനും പിന്നിലുണ്ടായിരുന്നയാൾ.

മൂന്നര പതിറ്റാണ്ടായി മധ്യതിരുവിതാംകൂർ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ പിന്നണിയിൽ സജീവമാണ് കൂട്ടുകാർക്കിടയിൽ വാൽമീകി എന്നറിയപ്പെടുന്ന കോട്ടയം മണർകാട് കരിമ്പനത്തറ വീട്ടിലെ കുര്യൻ തോമസ്. സർവകലാശാലാ പ്രസിദ്ധീകരണ വിഭാഗം മുൻ മേധാവി. കോട്ടയത്തെ രാകേന്ദു സംഗീതോത്സവത്തിന്റെ അടക്കം ഒരുപിടി സാംസ്‌കാരിക പരിപാടികളുടെ മുഖ്യ സംഘാടകരിൽ ഒരാൾ. ലൈബ്രറി സയൻസിലെ  മാസറ്റർ ബിരുദവും അനുഭവജ്ഞാനവുംകൊണ്ട് പ്രൊഫഷണലിസത്തിലൂടെ അടുക്കും ചിട്ടയും കാട്ടിയ വ്യക്തി.

അഭ്യർഥനകൾ ആ വൻശേഖരത്തിലുണ്ട്. സ്വന്തം സ്ഥാനാർത്ഥിയെ പുകഴ്ത്താനും എതിർ സ്ഥാനാർഥിയെ രാഷ്ട്രീയമായി കടന്നാക്രമിക്കാനും ഉള്ളവ അതിലുണ്ട്. അണികളെ ആവേശം കൊള്ളിക്കാനും എതിരാളികളുടെ ആത്മവിശ്വാസം തകർക്കാനും തയ്യാറാക്കിയവ ഉണ്ട്. പത്രവാർത്തകളുടെ പുനപ്രസിദ്ധീകരണങ്ങൾ, ആശംസകൾ, അവകാശവാദങ്ങൾ. അങ്ങനെ നീളുന്ന ആ ശേഖരം.

മധ്യതിരുവിതാംകൂറിലെ അഞ്ചു തലമുറയിലെ മിക്ക ഇടതുപക്ഷ നേതാക്കളുടെയും തിരഞ്ഞെടുപ്പ് നോട്ടീസുകളിലും പോസ്റ്ററുകളുടെ തലവാചകങ്ങളിലും വാൽമീകിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. 1987 മുതൽ തുടർച്ചയായ മൂന്നു തിരഞ്ഞെടുപ്പുകൾ കോട്ടയത്ത് മത്സരിച്ച മന്ത്രി ടി.കെ രാമകൃഷ്ണനും പിന്നെ വൈക്കം വിശ്വനും കെ.ജെ തോമസും ഒക്കെ അടങ്ങുന്നതാണ് ആദ്യ രണ്ടു തലമുറ. തുടർന്ന് തോമസ് ഐസക്കും വി.എൻ വാസവനും സുരേഷ് കുറുപ്പും മാത്യു റ്റി. തോമസും വറുഗീസ് ജോർജും ചെറിയാൻ ഫിലിപ്പും സി.കെ ജീവനും അഡ്വ. വി.ബി ബിനുവുമൊക്കെ അടങ്ങുന്ന മൂന്നാം തലമുറ. നാലാം തലമുറയിൽ കൃഷ്ണൻ കുട്ടിനായരും അഡ്വ പി. ഷാനവാസും അഡ്വ കെ. അനിൽ കുമാറും. പുതുപ്പള്ളിയിലെ ഇടതുസ്ഥാനാർഥി ജെയിക്ക്‌ സി. തോമസാണ് ഇളമുറക്കാരൻ. 

സുരേഷ് കുറുപ്പിന്റെ ആദ്യ കോളേജ് യുണിയൻ തിരഞ്ഞെടുപ്പ് മുതൽ മൂന്നു കോളജ് യൂണിയൻ ഇലക്‌ഷൻ, രണ്ടു സർവകലാശാല യൂണിയൻ ഇലക്ഷൻ, ഏഴ് ലോകസഭാ,  ഏറ്റുമാനൂരിൽ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകൾ. ഇങ്ങനെ കുറുപ്പിന്റെ തിരഞ്ഞെടുപ്പു മത്സരങ്ങളിലെ ഒൻപത് ജയങ്ങളിലും നാല് തോൽവികളിലും പ്രസിദ്ധീകരണങ്ങൾ ഒരുക്കാൻ വാൽമീകി മുന്നിലുണ്ടായിരുന്നു. സുഹൃത്ത് ഐക്യ ജനാധിപത്യ മുന്നണിയിലെ ജോസഫ് എം. പുതുശ്ശേരി മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും ഈ ചുമതല ഇദ്ദേഹത്തിനായിരുന്നു. സുരേഷ് കുറുപ്പിനും പുതുശ്ശേരിക്കുമൊക്കെ വാൽമീകി ഒരു വിശ്വാസമായിരുന്നു. എന്തു ചെയ്താലും അവരിരുവർക്കും അവസാനമായി ഒരു വാക്കുണ്ടാവും, “അവനെ ഒന്ന് കാണിച്ചേക്കണം”.

1984 സുരേഷ് കുറുപ്പ് കോട്ടയത്ത് മത്സരിക്കുമ്പോഴാണ് സിപിഐ എം സ്ഥാനാർത്ഥിയുടെ പടം വെച്ച പോസ്റ്ററും അധ്യാപകർ വിദ്യാർഥിക്കായി വോട്ടു ചോദിക്കുന്ന കത്തും ക്രിസ്തുമസ് ആശംസ കാർഡുമൊക്കെ തിരഞ്ഞെടുപ്പിൽ ആദ്യമായി പരീക്ഷിക്കപ്പെട്ടത്. ആർട്ടിസ്റ്റ് എസ്. രാജേന്ദ്രൻ രൂപകൽപന ചെയ്ത്‌ കറുത്ത താടിയും വളർന്ന മുടിയുമുള്ള സുരേഷ് കുറുപ്പിന്റെ ചിത്രമുള്ള പോസ്റ്റർ പാർട്ടിയുടെ പ്രത്യേക അനുമതിയോടെയാണ് അച്ചടിച്ചത്. അതിനുകാരണക്കാർ അന്ന് ചാർജുണ്ടായിരുന്ന എൻഎസ് എന്ന് എല്ലാവരും വിളിച്ചിരുന്ന കൊല്ലത്തെ എൻ.ശ്രീധറും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.പി ജോണും. സിഎംഎസ് കോളേജിലെ 56 അധ്യാപകർ സുരേഷ് കുറുപ്പിനായി തയ്യാറാക്കിയ അവരുടെ ഒപ്പോടുകൂടിയ നോട്ടീസ്‌  ന്യൂസ് പ്രിന്റിൽ കോൺഗ്രസ് നേതാവായിരുന്ന പാലാ കെ.എം മാത്യുവിൻറെ മകൻ രാജൻ നടത്തിയിരുന്ന അർച്ചന പ്രസ്സിലെ ട്രെഡിൽ മെഷീനിലായിരുന്നു അച്ചടിച്ചത്. ആ ക്രിസ്തുമസ് കാലത്ത് അതേ ലെറ്റർ പ്രസ്സിൽ ദീർഘചതുരാകൃതിയിലുള്ള വെള്ളക്കടലാസിൽ ഓറഞ്ച് നിറത്തിൽ അച്ചടിച്ചതായിരുന്നു തിരഞ്ഞെടുപ്പു ചരിത്രത്തിലെ ആദ്യ ആശംസകാർഡ്. ഒരു പുറത്ത് സ്ഥാനാർഥിയുടെ പേരും ക്രിസ്തുമസ് പുതുവത്സര ആശംസയും. മറുപുറത്ത് ഇടത്തുനിന്ന് വലത്തോട്ട് ചരിഞ്ഞ് സ്ഥാനാർഥിയുടെ പേരും ചിഹ്നവും. അക്ഷരങ്ങളും ചിഹ്നവും വെള്ളനിറത്തിൽ. ശേഷിച്ച് ഇടങ്ങൾ ഓറഞ്ചു നിറത്തിൽ. അച്ചടിയിലെ അന്നത്തെ റിവേഴ്‌സ് സാങ്കേതികവിദ്യ.

സുരേഷ് കുറുപ്പ് പാർലമെൻറിൽ നടത്തിയ ഇടപെടലുകളുടെയും ശ്രദ്ധക്ഷണിക്കൽ പ്രമേയങ്ങളുടെയും അവതരിപ്പിക്കപ്പെട്ട  ചോദ്യങ്ങളുടെയും വിവരങ്ങൾ അടങ്ങിയ വിവിധ ബ്രോഷറുകൾ 1989 ലെ തെരഞ്ഞെടുപ്പിൽ പരീക്ഷിക്കപ്പെട്ടു. സമചതുര കടലാസിൽ വൃത്താകൃതിയിൽ സ്ഥാനാർഥിയുടെ ചിത്രവും ചുറ്റുമുള്ള റിങ്ങിൽ മാറ്ററുമായ പോസ്റ്റർ മൾട്ടി കളർ ഓഫ്സെറ്റ് പ്രിൻറിംഗ് സാങ്കേതിക വിദ്യയുടെ ആദ്യകാല ഉപയോഗമായിരുന്നു. സാഹിത്യകാരന്മാരായ ഒ.വി വിജയൻ, എം മുകുന്ദൻ, എം. കൃഷ്ണൻ നായർ, മാധ്യമ പ്രവർത്തകൻ ശശികുമാർ  അടക്കമുള്ളവരുടെ അഭ്യർഥനകൾ  ഒരു നോട്ടീസായി പുറത്തിറക്കി. അക്കാലംമുതൽ സുഹൃത്തതായ എസ്. രാധാകൃഷ്ണനും കോട്ടയത്തെ അദ്ദേഹത്തിന്റെ ഡിസൈൻ സ്ഥാപനമായ ക്രിയേറ്റീവ് മൈൻഡ്‌സിലെ   സഹപ്രവർത്തകരുമായിരുന്നു തിരഞ്ഞെടുപ്പ് സാമഗ്രികളുടെ രൂപകല്പനയുടെ പിന്നിൽ.

ലൈസർ പ്രിന്റുകളുടെ ആവിർഭാവത്തോടെ പോസ്റ്ററുകളുടെ നിലവാരം രൂപകൽപനയുടെ സമയത്തുതന്നെ വിലയിരുത്താനായി. സുഹൃത്ത് സി. കെ ജീവൻ പാലായിൽ കെ. എം മാണിക്കെതിരെ മത്സരിക്കുമ്പോൾ തയ്യാറാക്കിയ പോസ്റ്ററിൽ  സിനിമയിലെ പഞ്ച് ഡയലോഗുകളാണ് ഉപയോഗിച്ചത്. പോസ്റ്ററുകളിൽ അനാവശ്യ പദങ്ങൾ ഒഴിവാക്കി മാറ്ററിൻറെ വലിപ്പം കുറച്ച്‌ ആകർഷകമാക്കി. എന്നെന്നും നമ്മോടൊപ്പം, 24x7 കർമ്മനിരതൻ പോലെയുള്ള തലവാചകങ്ങൾ കൂട്ടായ കൂടിയാലോചനകളിലൂടെ പിറവിയെടുത്തവയാണ്

എഴുത്തിന്റെ തിരഞ്ഞെടുപ്പുകാല ഓർമകളിൽ കഥകൾ ഒട്ടനവധിയാണ്. പാട്ടും നോട്ടീസ് എഴുത്തുമായി കവി അൻവറും ഗിരീഷ് കുമാറുമായി കൂടിയ 1989-ലെ പാർലമെന്റ് തിരഞ്ഞെടുപ്പുകാല രാത്രികൾ. തിരഞ്ഞെടുപ്പിൽ സംസ്ഥാന കമ്മിറ്റിയുടെ ചാർജുമായി കോട്ടയത്തെത്തിയ ഡോ. തോമസ് ഐസക് വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഭക്ഷണപ്രിയനായ ഐസക് കുട്ടികൾ മീരക്കും താരക്കും ഇഷ്ട മീൻവിഭവങ്ങളുടെ വലിയ കടലാസു കൂടുകളുമായി കടന്നുവരുമായിരുന്നു.

തിരഞ്ഞെടുപ്പുകാലത്ത് നോട്ടീസുകൾ തയ്യാറാക്കാനുള്ള മാറ്ററുകൾനിറച്ച പ്ലാസ്റ്റിക് കൂടുമായി രാതി ബസിൽ കവലയിൽ വന്നിറങ്ങുമ്പോൾ സ്ഥലത്തെ ആസ്ഥാന നോട്ടീസ് എഴുത്തുകാരനോട് നാട്ടിലെ പാർട്ടിക്കാരന്റെ ചോദ്യം ഉണ്ടാവും, "സാറേ, നല്ല നോട്ടിസുകൾ ഈ തിരഞ്ഞെടുപ്പിലും ഉണ്ടല്ലോ അല്ലേ...'   എതിരാളികളെ രാഷ്ട്രീയമായി ആക്രമിക്കുന്ന, അണികളിൽ ആവേശം പകരുന്ന. നോട്ടീസുകളെ പറ്റിയുള്ള ചോദ്യം. എല്ലാ തിരഞ്ഞെടുപ്പിലുമുണ്ടാവും. ‘‘അവസരവാദ രാഷ്ട്രീയത്തിന് സാക്ഷിപത്രം അഥവാ വ്യക്തിഗത നേട്ടത്തിന് വികൃതമുഖം’’ പോലെ തലക്കെട്ടുകളുമായി ഒന്നിലേറെ  നോട്ടീസുകൾ.

തിരഞ്ഞെടുപ്പായാൽ മണർകാട്ടെ കരിമ്പനത്തറ വീട്ടിൽ ആളായി, അരങ്ങായി. രാത്രികൾ പകലുകൾ ആയി. ചർച്ചകൾ ആയി. തർക്കങ്ങൾ ആയി. വീട്ടിലെ എഴുത്തുമുറി തിരഞ്ഞെടുപ്പുകാല മ്യൂസിയം എങ്കിൽ വീടിന്റെ വടക്കുകിഴക്കേ മൂലയിലെ ആർച്ചുകൾ വാതിലുകളായ രാജിയാന്റിയുടെ അടുക്കള ആ ഉത്സവകാല ഊട്ടുപുരയാവും. അവിടെ  വിഭവങ്ങളുടെ രുചിക്കൂട്ടുകൾ നിശ്ചയിക്കുക വന്നെത്തുന്നവരായിരുന്നു.

വാല്മീകിക്ക് തിരഞ്ഞെടുപ്പു കാലത്തെ ഇടപെടലുകൾ ഒരു ലഹരിയായിരുന്നു. ഒരു പാഷൻ. പ്രതിഫലം വാങ്ങാത്ത പണി. വാല്മീകി പറയുന്നു, ആരോടും കൂലി വാങ്ങിയിട്ടില്ല അതുകൊണ്ടുതന്നെ കൂലി എഴുത്തുകാരൻ എന്ന് വിളി തനിക്കിണങ്ങില്ല. സാഹിത്യവും പാണ്ഡിത്യവും വിശേഷണങ്ങളും ഒന്നുമല്ല നോട്ടീസുകളെ വ്യത്യസ്ഥമാക്കുക. 17 വയസ്സുകാർ മുതൽ പ്രായമായവർവരെ ആരെ ടാർജെറ്റ് ചെയ്യുന്നുവോ അവരുമായി വേഗത്തിൽ സംവദിക്കുകയാണ് വേണ്ടത്.

വാല്മീകിയുടെ ഓർമകൾ മൂന്നര പതിറ്റാണ്ടിലേറെക്കാലത്തെ തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളുടെ ശേഖരവും ചരിത്രവുമാണ്. തിരഞ്ഞെടുപ്പ് സാമഗ്രികളിൽ, അവയുടെ ഭാഷയിലും സാങ്കേതികവിദ്യയിലും രൂപകല്പനയിലും ഉണ്ടായ മാറ്റങ്ങളുടെയും പുരോഗതിയുടെയും ചരിത്രമാണിത്. എഴുത്തിനൊപ്പം ഫേസ് ബുക്കു പോലുള്ള സമൂഹ മാധ്യമങ്ങളും വോയിസ് ടെക്സ്റ്റിംഗ് പോലെയുള്ള സാങ്കേതികവിദ്യയുമായി ഈ പുതിയകാലത്തും വാല്മീകി തെരഞ്ഞെടുപ്പു സാമഗ്രികളൊരുക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com