കടമ്മനിട്ട ഗ്രാമത്തിനു ഇനി പടയണിയുടെ രാവുകൾ
Mail This Article
ഭക്തി പ്രകർഷത്തിൽ ചൂട്ടുവച്ചു . പച്ചത്തപ്പു കൊട്ടി ദേവിയെ കളത്തിലേക്ക് വിളിച്ചിറക്കി. കടമ്മനിട്ട ഗ്രാമത്തിനു ഇനി പടയണിയുടെ രാവുകൾ. മാടനും മറുതയും യക്ഷിയും പക്ഷിയും എല്ലാം ഇനിയും ദേവിയുടെ മുൻപിൽ തുള്ളി മറയുന്ന ദിനങ്ങൾ. ഭക്തർക്ക് ഉറക്കമില്ലാത്ത രാത്രികൾ. ദാരികാസുര വധം കഴിഞ്ഞും കോപം അടക്കാതെ കലിതുള്ളിയ ദേവിയെ ശിവനും ഭൂതഗണങ്ങളും ചേർന്ന് കോലം കെട്ടി തുള്ളി ശാന്തയാക്കി എന്നതാണ് സങ്കൽപം. അതിന്റെ ഓർമ പുതുക്കിയാണ് പടയണി. സംസ്ഥാനത്തെ ഏറ്റവും വലിയ പടയണി കടമ്മനിട്ടയാണ്.വലിയ പടയണി കാണാൻ ദൂരെ ദേശത്തുനിന്നു ധാരാളം ഭക്തരാണ് എത്തുന്നത്. വിദേശികളും പടയണി കാണാൻ എത്താറുണ്ട്. ദേവിക്ക് അഭിമുഖമായി പിന്നിലേക്ക് നടന്ന്.
പ്രസിദ്ധമായ കടമ്മനിട്ട പടയണിക്ക് ആഘോഷമായ തുടക്കമായിരുന്നു. രാത്രി 9ന് ചടങ്ങ് തുടങ്ങി. പാരമ്പര്യ അവകാശ പ്രകാരം നെടുവംപുറം കുടുംബത്തിൽ നിന്നു കെട്ടി കൊണ്ടുവന്ന ചൂട്ടിലേക്ക് മേൽശാന്തി കുഴിക്കാട്ട് ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ദീപം പകർന്നു. പടയണി ആശാൻ പാറയ്ക്കാട്ട് പി.പി.പ്രസന്നകുമാർ അത് ഏറ്റുവാങ്ങി ദേവിക്ക് അഭിമുഖമായി പിന്നിലേക്ക് നടന്ന് പടയണി കളത്തിലെ കല്ലിൽവച്ചു.
അഗ്നി സാക്ഷിയായി
കളത്തിൽ ആളിക്കത്തിയ ചൂട്ടിലെ ദീപജ്വാലകൾ മുകളിലേക്ക് ഉയർന്നു. തുടർന്നു അധികം അകലെ അല്ലാതെ പടയണി ആശാനും സംഘവും ഇരുന്നു. പച്ചത്തപ്പു കൊട്ടി. ദേവിയെ കളത്തിലേക്ക് വിളിച്ചിറക്കുന്ന സങ്കൽപ്പത്തിലായിരുന്നു തപ്പുകൊട്ട്. അതിന്റെ നാദം മുഴങ്ങിയതോടെ വായ്ക്കുരവ മുഴങ്ങി, ദേവിയെ കളത്തിലേക്ക് എഴുന്നള്ളിക്കുന്നതിന്റെ സങ്കൽപമായിരുന്നു അത്. രാശി നോക്കി ഫലം പറഞ്ഞ്
പാരമ്പര്യ അവകാശമുള്ള ഐക്കാട്ട് കുടുംബത്തിൽ നിന്നു കൊണ്ടുവന്ന നാളികേരം കാരണവർ രാധാകൃഷ്ണൻ നായർ മുറിച്ചു. അൽപം പോലും വെളളം പുറത്തു കളയാതെയാണ് തേങ്ങാമുറി വേർപെടുത്തി എടുത്തത്. എല്ലാവരും ദേവിയെ പ്രാർഥിച്ചു നിൽക്കവെ തേങ്ങാമുറിയിലെ വെള്ളത്തിലേക്ക് മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നെല്ല്, തുളസിക്കതിർ, ഉണക്കലരി എന്നിവ സമർപ്പിച്ചു. തേങ്ങാ വെള്ളത്തിൽ വീണ തുളസിയില കറങ്ങി നിന്ന ദിശ നോക്കി രാശി നിശ്ചയിച്ചു. കർക്കടകം രാശിയാണ് ലഭിച്ചത്. അതിനാൽ ശുഭ ലക്ഷണമാണെന്ന് മേൽശാന്തി അറിയിച്ചു. ഇന്നലെ വീണ്ടും പച്ചത്തപ്പ് കൊട്ടി.
കോലങ്ങൾ
പതിനാറ് മുതൽ കോലംതുള്ളൽ തുടങ്ങും.എല്ലാ ദിവസവും കൂട്ടക്കോലങ്ങളാണ് ഉള്ളത്. ഗണപതി,മറുത, യക്ഷി, കാലൻ, കാഞ്ഞിരമാല, ഭൈരവി എന്ന ക്രമത്തിലാണ് കോലങ്ങൾ തുള്ളുന്നത്. പച്ചപ്പാളയിലാണ് കോലങ്ങൾ എഴുതി ഉണ്ടാക്കുന്നത്. പ്രകൃതി ദത്തമായ നിറങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്.
കടമ്മനിട്ട പടയണിയുടെ പ്രത്യേകത
സുന്ദര യക്ഷി , കുറത്തി , പരദേശി , ആഴി അടവി , നായാട്ടും പടയും , 101പാള ഭൈരവി, കാഞ്ഞിരമാല എന്നിവയാണ് കടമ്മനിട്ട പടയണി യുടെ പ്രധാന ആകർഷണങ്ങൾ. പടയണി സംഗീതത്തിന്റെ ആലാപനത്തിൽ കടമ്മനിട്ടയിലെ പാട്ടുശൈലി വേറിട്ടു നിൽക്കുന്നു. കടമ്മനിട്ട ഗോത്രകലാകളരിയാണ് പടയണി അവതരിപ്പിക്കുന്നത്.
അടവി, ഇടപ്പടയണി
മേടം ആറിന് അടവി നടക്കും. കടമ്മനിട്ട പടയണിയുടെ പ്രത്യേകതയാണ് അടവി. പനമരമാണ് അടവിക്ക് കളത്തിൽ ഉയർത്തുന്നത്. വേറിട്ട ശൈലിയിലാണ് തുള്ളൽക്കാർ പനമരം കളത്തിൽ കൊണ്ടുവന്ന് പാട്ടിനൊപ്പം ഉയർത്തുന്നത്. . ഏഴാം ദിവസമാണ് ഇടപടയണി.
വലിയ പടയണി
എട്ടാം ദിവസമാണ് വലിയ പടയണി. ഇത്തവണ 21ന് ആണ് വലിയ പടയണി. എല്ലാ കോലങ്ങളും അന്ന് കളത്തിൽ ഇറങ്ങും. വെളുത്തുതുള്ളൽ, പൂപ്പട, കരവഞ്ചി, തട്ടുമ്മൽകളി എന്നിവയും ഉണ്ട്. കരവഞ്ചി ഇറക്കി തട്ടിന്മേൽ കളിയാകുമ്പോഴേക്കും പിറ്റേദിവസം നേരം വെളുക്കും. അതിനു ശേഷമേ വലിയ പടയണി തീരു,
കൊട്ടിക്കയറ്റം
പകൽ പടയണിക്കു ശേഷം പത്താം ദിവസം രാത്രി 12 മണിക്ക് ഭഗവതിയെ തപ്പു കൊട്ടി ക്ഷേത്രത്തിലേക്ക് തിരികെ കയറ്റും ഒരുവർഷത്തെ കരയുടെ രാശി ഫലം നോക്കി കരക്കാർ അടുത്ത പടയണി കാലത്തിനായി കാത്തിരിക്കും അതോടെ ഒരു വർഷത്തെ കാല വഴിപാട് സമാപിക്കും.
English Summary : Kadammanitta Padayani Festival Commences