‘മനുഷ്യ പിശാച്’ ആകാൻ വിരലും മുറിച്ചു മാറ്റി; ബോഡി മോഡിഫിക്കേഷൻ തുടർന്ന് മൈക്കൽ പ്രാഡോ
Mail This Article
ബോഡി മോഡിഫിക്കേഷനിലൂടെ പ്രശസ്തനായ ബ്രസീലിയൻ പൗരൻ മൈക്കൽ ഫാരോ ഡോ പ്രാഡോ തന്റെ മോതിര വിരൽ മുറിച്ചു മാറ്റി. ബോഡി മോഡിഫിക്കേഷന്റെ അടുത്ത ഘട്ടം എന്ന നിലയിലാണ് മനുഷ്യ പിശാച് (Human Satan) എന്ന പേരിലറിയപ്പെടുന്ന ഇയാൾ ശസ്ത്രക്രിയയിലൂടെ വിരൽ നീക്കം ചെയ്തത്. മൂക്ക് മുറിച്ച് മാറ്റിയും കൊമ്പുകളും ദ്രംഷ്ടകളും വച്ചുപിടിപ്പിച്ചും മൈക്കൽ മുൻപും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.
പല മോഡിഫിക്കേഷനുകളും കഠിനമായി വേദനപ്പിക്കുന്നുണ്ടെങ്കിലും താൻ ആഗ്രഹിക്കുന്ന രീതിയിലുള്ള ശരീരത്തിനായി അതെല്ലാം സഹിക്കാൻ തയ്യാറാണെന്ന് വാർത്ത ഏജൻസിയായ ജാം പ്രസ്സിനോട് മൈക്കൽ പറഞ്ഞു.
കൃഷ്ണമണിയിൽ ഉൾപ്പടെ ശരീരത്തിന്റെ 80 ശതമാനം ഭാഗത്തും ടാറ്റൂ ചെയ്തിട്ടുണ്ട്. ശരീരത്തിൽ നിരവധി പിയേഴ്സിങ്ങുകളും ഉണ്ട്. നാവ് നേരത്തെ തന്നെ പിളര്‍ത്തി. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഇതിനായി പ്രാഡോ ഏകദേശം മുപ്പത്തഞ്ചോളം ശസ്ത്രക്രിയകൾക്ക് വിധേയനായി.
സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചാണ് ജീവിക്കുന്നതെന്നും ഇതെല്ലാം തനിക്ക് സന്തോഷം നൽകുന്ന കാര്യങ്ങളാണെന്നുമാണ് മൈക്കൽ ലൈഫ്സ്റ്റൈല്‍ മാസികയോട് പ്രതികരിച്ചത്. ബോഡി മോഡിഫിക്കേഷന്റെ ഭാഗമായി മൂക്ക് നീക്കം ചെയ്യുന്ന മൂന്നാമത്തെ വ്യക്തിയാണ് താനെന്നും ഇയാൾ അവകാശപ്പെടുന്നു. മൈക്കളിന് ഇൻസ്റ്റഗ്രാമിൽ 79,000 ഫോളോവേഴ്സ് ഉണ്ട്.
ടാറ്റൂ ആർട്ടിസ്റ്റ് ഇയാൾ 25 വർഷം മുമ്പാണ് സ്വന്തം ശരീരത്തിൽ മോഡിഫിക്കേഷൻ തുടങ്ങുന്നത്. ടാറ്റൂകളോടും പിയേഴ്സിങ്ങുകളോടും ആയിരുന്നു ആദ്യഘട്ടത്തിൽ ആകർഷണം. എന്നാൽ അതു പതിയെ ശസ്ത്രക്രിയകഴിലൂടെ രൂപമാറ്റം വരുത്തുന്നതിലേക്ക് മാറി.
പ്രഫഷനൽ ബോഡി മോഡിഫൈർ ആയ ഭാര്യയും ഏതാനും സുഹൃത്തുക്കളുമാണ് ഇയാളുടെ രൂപമാറ്റത്തിന് നേതൃത്വം നൽകുന്നത്. ഇനിയും ശരീരത്തിൽ മാറ്റങ്ങൾ വരുത്താനുണ്ടെന്ന് ഇയാൾ ജാം പ്രസ്സിനോട് പ്രതികരിച്ചു.
ടാറ്റൂ, പിയേഴ്സിങ്ങുകൾ, ഇംപ്ലാന്റുകള്‍, സർജറികൾ എന്നിവയിലൂടെ രൂപത്തിൽ മാറ്റങ്ങൾ വരുത്തുന്ന രീതിയാണ് ബോഡി മോഡിഫിക്കേഷന്‍. സംസ്കാരികവും പാരമ്പര്യവുമായ കാരണങ്ങളാൽ ചിലയിടങ്ങളില്‍ ബോഡി മോഡിഫിക്കേഷൻ നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ ശസ്ത്രക്രിയയിലൂടെ ബോഡി മോഡിഫിക്കേഷൻ നടത്തുന്ന പ്രവണത വർധിച്ചു വരികയാണ്.
English Summary : 'Human satan' cuts off finger in extreme body modification