ഓറഞ്ചു തൊലി വെറുതെ കളയാനുള്ളതല്ല, വസ്ത്രങ്ങളൊരുക്കാം; ഫാഷൻ ലോകത്ത് മാറ്റത്തിന്റെ കാറ്റ്
Mail This Article
ഓറഞ്ച് അല്ലികൾ കഴിച്ചുതീർത്താൽ ബാക്കിയുള്ള തൊലിയെന്തു ചെയ്യും? ചിലർ അവ കളയും, ചിലരെങ്കിലും സൗന്ദര്യപരിചരണത്തിന് ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാറുമുണ്ട്. പക്ഷേ ഓറഞ്ചു തൊലി വെറുതെ കളയാനുള്ളതല്ല, കയ്യിൽകിട്ടിയാൽ അതു വസ്ത്രവുമാക്കാം എന്ന നിലപാടിലാണ് സുസ്ഥിര ഫാഷൻ രംഗം. പ്രകൃതിയെ നശിപ്പിക്കാത്ത ഫാഷൻ എന്ന ഭാവിയിലേക്കുള്ള ചുവടുകൾക്ക് ഉറപ്പേകാൻ പുതിയ ഫാബ്രിക് സൃഷ്ടിക്കുകയാണു വേണ്ടതെന്ന തിരിച്ചറിവിൽ ഒട്ടേറെ പരീക്ഷണങ്ങളാണ് ഈ രംഗത്തു നടക്കുന്നത്. വല്ലഭനു പുല്ലും ആയുധം എന്ന രീതിയിൽ ഓറഞ്ചു തൊലിയിൽ നിന്നുള്ള തുണിത്തരവും ഒരുക്കിക്കഴിഞ്ഞു ടെക്സ്റ്റൈൽ വിദഗ്ധർ.
2014ൽ തുടക്കമിട്ട ഇറ്റാലിയൻ ടെക്സ്റ്റൈൽ ഇന്നവേഷൻ കമ്പനിയായ ‘ഓറഞ്ച് ഫൈബറാ’ണ് ഓറഞ്ചും വുഡ് പൾപ്പും ചേർത്ത് പുതിയ തുണിനാരുകൾ ഒരുക്കിയത്. സിട്രസ് ഉപോത്പന്നങ്ങൾ ഉപയോഗിച്ചു തുണിത്തരം നിർമിക്കുന്നതിൽ പേറ്റന്റ് നേടിയിട്ടുണ്ട് കമ്പനി. ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡ് സാൽവതോർ ഫെരാഗ്മോ, സ്വീഡിഷ് ലേബലായ എച്ച് ആൻഡ് എം എന്നിവയും ഓറഞ്ച് ഫൈബറുമായി ചേർന്ന് സുസ്ഥിര ഫാഷൻ വസ്ത്രങ്ങൾ വിപണിയിലെത്തിച്ചിട്ടുണ്ട്.
ഓസ്ട്രിയൻ ഫൈബർ നിർമാതാക്കളായ ലെൻസിങ് ഗ്രൂപ്പുമായി ജൂലൈയിൽ കരാർ ഒപ്പുവച്ചതോടെയാണ് ഓറഞ്ച് ഫൈബർ വീണ്ടും ശ്രദ്ധനേടിയത്. ഓറഞ്ച് ഫൈബറിന്റെ പേറ്റന്റഡ് വൈദഗ്ധ്യവും ലെൻസിങ്ങിന്റെ ‘ടെൻസൽ’ എന്ന റയോണിനു സമാനമായ ഫൈബറും ചേർന്നുള്ള കലക്ഷനാണ് പുതിയ പങ്കാളിത്തത്തിലൂടെ ഫാഷൻ ലോകത്തിനു ലഭ്യമാകുക.
‘‘ഓറഞ്ചുതൊലി പോലുള്ള മാലിന്യത്തിൽ നിന്ന് പ്രകൃതി സൗഹൃദ തുണിത്തരം സൃഷ്ടിക്കുന്നതിലൂടെ സുസ്ഥിര ഫാഷന്റെ ഭാവിയിലേക്കുള്ള ശ്രദ്ധേയമായ ചുവടുവയ്പാണ് ഞങ്ങൾ സാധ്യമാക്കുന്നത്, ലെൻസിങ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ഗെർട്ട് ക്രോണർ പറഞ്ഞു. പുതിയ ഫാബ്രിക്ക് ഉൾപ്പെടുത്തിയ ആദ്യ ലിമിറ്റഡ് എഡിഷൻ കലക്‌ഷൻ ഒക്ടോബറിൽ രാജ്യാന്തര വിപണിയിലെത്തുമെന്നാണു പ്രതീക്ഷ.
English Summary : Sustainable and innovative fabrics for fashion