വസ്ത്രങ്ങൾ വാങ്ങാം ആവശ്യത്തിന്; ഉപയോഗിക്കാം വീണ്ടും: ഫാഷന്‍ സുസ്ഥിരമാകട്ടെ
Mail This Article
നമ്മള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് കാലാവസ്ഥാ വ്യതിയാനം. ഇതിൽ ടെക്സ്റ്റൈൽ മേഖലയ്ക്കും വലിയ പങ്കുണ്ട്. അതുകൊണ്ടാണ് സുസ്ഥിരത ഉറപ്പാക്കിയുള്ള ഫാഷൻ എന്ന ആശയത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നത്. ഓരോ വ്യക്തിക്കും പല രീതിയിൽ ഈ ആശയത്തിന്റെ ഭാഗമാകാം. അതിനായി ചെയ്യാവുന്ന ചില കാര്യങ്ങൾ ഇതാ.
∙ പഴയതല്ല പ്രീ ലവ്ഡ്
സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങളെ ചുറ്റിപ്പറ്റി ചില മുൻവിധികൾ നിലനിൽക്കുന്നുണ്ട്. നിലവാരം ഇല്ലാത്ത വസ്ത്രം, മറ്റൊരാൾ ഉപയോഗിച്ചത് എന്നിങ്ങനെയുള്ള എന്ന ചിന്തകളിൽനിന്നു മാറി, മുൻപ് മറ്റൊരാളുടെ പ്രിയപ്പെട്ട വസ്ത്രം എന്ന രീതിയിലേക്ക് ആ കാഴ്ചപ്പാട് മാറിയിരിക്കുന്നു. പണം ലാഭിക്കുന്നതിനൊപ്പം സുസ്ഥിര ഫാഷൻ എന്ന ആശയത്തിലേക്ക് നിങ്ങളെ എത്തിക്കാൻ ഇത്തരം വസ്ത്രങ്ങൾക്ക് കഴിയും. സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ, ചാരിറ്റി ഷോപ്പുകൾ എന്നിവയിൽനിന്നും വസ്ത്രങ്ങൾ വാങ്ങുന്നത് നിങ്ങളുടെ ആഗ്രഹങ്ങളെ സഫലീകരിക്കാൻ സഹായിക്കുന്നതോടൊപ്പം അനാവശ്യമായി പണം ചെലവഴിച്ചു എന്ന കുറ്റബോധം ഒഴിവാക്കാനും സഹായിക്കും.
∙ വസ്ത്രങ്ങൾ വാടകയ്ക്ക്
വസ്ത്രങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന കടകൾക്ക് സ്വീകാര്യത കൂടി വരുന്നുണ്ട്. വിശേഷ ദിവസങ്ങളിൽ ഒരു തവണ ധരിക്കാനായി വസ്ത്രങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകാൻ ഇത് സഹായിക്കും. നിങ്ങളുടെ വസ്ത്രങ്ങൾ പരമാവധി ഉപയോഗിക്കാനും പ്രകൃതി സൗഹൃദമായി ജീവിക്കാനും ഇതുവഴി കഴിയും.
∙ ഇടകലർത്താം
കൈവശമുള്ള വസ്ത്രങ്ങളിൽനിന്നും പരമാവധി ലുക്കുകൾ സൃഷ്ടിച്ചെടുക്കുന്നതു വഴി കൂടുതൽ വസ്ത്രങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കാം. നിങ്ങളുടെ പഴയ വസ്ത്രങ്ങൾ ഉപയോഗിച്ച് പുതിയ ഔട്‍ഫിറ്റുകൾ ഉണ്ടാക്കുക, പെയറുകൾ മാറ്റി ധരിക്കുക എന്നതെല്ലാം ഇതിനായി ചെയ്യാവുന്ന കാര്യങ്ങളാണ്.
ചെറിയ ചില കാര്യങ്ങൾക്ക് വലിയ മാറ്റങ്ങൾക്ക് കാരണമായേക്കാം. അതുകൊണ്ട് സുസ്ഥിര ഫാഷന്റെ ഭാഗമായി പ്രകൃതിയിലും സമൂഹത്തിലും വലിയ മാറ്റങ്ങൾക്ക് തുടക്കമിടാം.