സ്വർണത്തിൽ ‘കുളിച്ച്’ ഉർവശി; അറബ് ഫാഷൻ വീക്കില്‍ തിളങ്ങിയത് 40 കോടി രൂപയുടെ വസ്ത്രത്തിൽ
Mail This Article
ആഡംബരം കൊണ്ട് ഫാഷൻ ലോകത്ത് വിസ്മയം തീർക്കുന്നതാണ് ബോളിവുഡ് സുന്ദരി ഉർവശി റൗട്ടേലയുടെ സ്റ്റൈൽ. അറബ് ഫാഷൻ വീക്കിലും ഇക്കാര്യം തെളിയിച്ചിരിക്കുകയാണ് താരം. ഫാഷൻ വീക്കിന്റെ ഷോസ്റ്റോപ്പർ ആയി റാംപിലെത്തിയ ഉർവശി ധരിച്ച വസ്ത്രത്തിന്റെ വില 40 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ.
ഈജിപ്തിന്റെ രാഞ്ജിയായിരുന്ന, ലോകത്തെ ഏറ്റവും സുന്ദരി എന്നു വിശേഷണമുള്ള ക്ലിയോപാട്രയെ ആയിരുന്നു ഉർവശിയുടെ തീം. ഗോള്‍ഡൻ ഗൗൺ ആണ് താരം ധരിച്ചത്. സ്വര്‍ണവും വജ്രവും ഉപയോഗിച്ചാണ് ഗൗണിന്റെ നെക്‌ലൈൻ തയാറാക്കിയിരിക്കുന്നത്. ‘V’ ആകൃതിയിലുള്ള ഈ നെക്‌ലൈൻ കാണുമ്പോൾ നെക്‌ലേസ് ധരിച്ചിരിക്കുന്നതു പോലെ തോന്നും. ഗൗണിലെ ഹൈ സ്ലിറ്റുകൾ ഗ്ലാമറസ് ലുക്ക് നൽകുന്നു. സ്വർണ നൂലിഴകളാണ് ഗൗൺ തയാറാക്കാൻ ഉപയോഗിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ബലൂണ്‍ സ്ലീവുകളുള്ള ഒരു മേലങ്കി പെയർ ചെയ്തിട്ടുണ്ട്. സ്വർണം കൊണ്ടുണ്ടാക്കിയ ആഭരണം (headgear) ആണ് തലയിലുള്ളത്. ഔട്ട്ഫിറ്റിന് അനുയോജ്യമായ രീതിയിൽ ബോൾഡ് ആന്‍ഡ് ഹെവി മേക്കപ് ആണ് ചെയ്തത്.
ഫർണെ വൺ അമറ്റോ ആണ് ഉർവശിക്കായി ഔട്ട്ഫിറ്റ് ഒരുക്കിയത്. അറബ് ഫാഷൻ വീക്കിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ഉർവശി. രണ്ടു തവണ മിസ് ഇന്ത്യ യൂണിവേഴ്സ് നേടിയ ഉർവശി ‘സാബ് ദി ഗ്രേറ്റ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. മിസ് യൂണിവേഴ്സ് 2021 ന്റെ വിധികർത്താക്കളിൽ ഒരാളായിരുന്നു.
English Summary : Urvashi Rautela wears Rs 40 cr worth Cleopatra real gold and diamond ensemble on ramp