ADVERTISEMENT

താത്രിക്കുട്ടിയുടെ ജീവിതത്തിന്റെ സത്ത പിഴിഞ്ഞെടുത്ത നിറങ്ങളിലാണ് ഇന്ദു മേനോൻ തന്റെ ചിത്രപരമ്പരയൊരുക്കിയിരിക്കുന്നത്. ചുമർചിത്രകലയുടെ മാതൃകയിൽ അക്രിലിക് നിറങ്ങൾ ഉപയോഗിച്ചാണ് ചിത്രരചന. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടന്ന കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരവും ജീവിതസന്ദർഭങ്ങളുമാണു വരച്ചു ചേർത്തിരിക്കുന്നത്.

 

തൃശൂർ ആറങ്ങോട്ടുകരക്കാരിയായിരുന്ന താത്രിക്കുട്ടിയുടെ അയൽ ഗ്രാമമായ വരവൂരായിരുന്നു ഇന്ദുവിന്റെ ബാല്യം. നാട്ടിൽ പല നാവുകളിൽ നിന്നും കേട്ട താത്രിയുടെ കഥകളുടെ പൊട്ടും പൊടിയും  ഇന്ദുവിന്റെ മനസ്സിൽ പതിഞ്ഞിരുന്നു. കൂടുതൽ കഥകളറിയാനുള്ള കുട്ടിക്കൗതുകത്തോടെ ‘‘ആരാ ഈ താത്രിക്കുട്ടി’’ എന്നു അച്ഛമ്മയോട് ചോദിച്ചപ്പോൾ കിട്ടിയത് നല്ലൊന്നാന്തരം ശകാരം! ‘‘ആ പേരു കേട്ടാൽ കുളിക്കണം, ചീത്ത സ്ത്രീയാണവർ.’’ - കുട്ടികൾ ഒന്നുമറിയേണ്ടതില്ല എന്ന മറുപടിയിൽ ചോദ്യവും ഉത്തരവുമെല്ലാം ഉരച്ചുകളഞ്ഞു.  എന്നാലും ഇന്ദുവിന്റെ മനസ്സിൽ ആ പേര് കല്ലിച്ചുകിടന്നു. വളരും തോറും താത്രിക്കുട്ടിയെപ്പറ്റി കൂടുതൽ അറിയാനലഞ്ഞു. അപ്പോഴാണ് താത്രിക്കുട്ടിയുടെ ദുരവസ്ഥയുടെ നേർചിത്രം മനസ്സിലാക്കാനായത്. ചിത്രകാരിയായപ്പോൾ താത്രിക്കുട്ടിയുടെ ജീവിതം ചിത്രങ്ങളാലെഴുതി വയ്ക്കാനായി ശ്രമം. 3 വർഷത്തോളം നീണ്ട പഠനത്തിനും പരീക്ഷണങ്ങൾക്കുമൊടുവിലാണു താത്രിക്കുട്ടിയുടെ  ജീവിതം മുഴുവൻ ഇന്ദു വരച്ചു തീർത്തത്.  

 

indu-menon
താത്രിക്കുട്ടി ചിത്ര പരമ്പരയ്ക്കൊപ്പം ഇന്ദു മേനോൻ. ചിത്രം – ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ

∙ താത്രീചിത്രം ഒരുക്കാൻ...

 

താത്രിക്കുട്ടിയുടേതായ ചിത്രങ്ങളോ രൂപരേഖകളോ ഒന്നും ലഭ്യമല്ലായിരുന്നു.അവരുടെ മുഖം ഒരുക്കുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഇന്ദു മേനോൻ പറയുന്നു. ആ മുഖമൊരുക്കാൻ ചിത്രകാരിയെടുത്ത പ്രയത്നം കുറച്ചൊന്നുമല്ല. താത്രിക്കുട്ടിയെ പറ്റി കേട്ടറിവുകൾ മാത്രം. മുട്ടോളം മുടിയുണ്ട്, കുറിയ ശരീരമാണ്, നല്ല പാലപ്പൂവിന്റെ നിറമാണ്. മുഖസൗന്ദര്യത്തിനൊപ്പം വിവേകം തുളുമ്പുന്ന ഭാവങ്ങളുണ്ട് എന്നിങ്ങനെ  കുറച്ച് വിവരണങ്ങൾ മാത്രമായിരുന്നു ആകെയുള്ള അറിവുകൾ.

 

വരച്ചെടുക്കാൻ എത്ര ശ്രമിച്ചിട്ടും വരുതിക്കു വരാൻ മടിക്കുന്ന മുഖം!  ദിവസങ്ങളോളം മനസ്സിന്റെ  പരീക്ഷണശാലയിലിട്ട് ആറ്റിക്കുറുക്കിയെടുത്ത ചിന്തകളുടെ കൂട്ടുകൾ കൊണ്ട് യാതൊരു പ്രയോജനവുമുണ്ടായില്ല. പലകുറി വരച്ചിട്ടും എന്തോ ഒരു അപാകത. ആലോചിച്ചാലോചിച്ച് ഒടുവിൽ പണിപ്പുരയിൽ തളർന്നു കിടന്നുറങ്ങിപ്പോയ തന്നെ സ്വപ്നത്തിൽ വന്ന് താത്രിക്കുട്ടി വിളിക്കുകയായിരുന്നുവെന്ന് ഇന്ദു പറയുന്നു. മയക്കത്തിൽ നിന്നുണർന്ന്  വേഗം പകർത്തിവച്ച ആ മുഖമാണ് ഇന്ദുവിന്റെ ആദ്യ താത്രിക്കുട്ടി.

 

ആളുകൾക്കിടയിൽ നിന്ന് വിമർശനങ്ങൾ നേരിടേണ്ടി വന്നതും കുറച്ചൊന്നുമല്ല. ദേവതാ സങ്കൽപങ്ങൾക്ക് രൂപം പകരാൻ ഉപയോഗിക്കുന്ന ചുമർ ചിത്രകലാ സങ്കേതത്തിലെ നിറങ്ങളുപയോഗിച്ച് ഒരു അഭിസാരികയുടെ ചിത്രം വരയ്ക്കുന്നോ എന്നു ചോദിച്ചവരും ഉണ്ടെന്നു ഇന്ദു പറയുന്നു. അന്ധവിശ്വാസങ്ങളുടെ ചങ്ങലക്കെട്ടുകൾ വേറെയും.  താത്രിക്കുട്ടി ചിത്രപരമ്പരയിലെ പത്താമത്തെ ചിത്രം വരച്ചുകഴിഞ്ഞ ഉടനെ പാമ്പു കടിയേറ്റത് ശാപമാണെന്ന് വരെ ചില ആളുകൾ പറഞ്ഞു നടന്നു. എന്നാൽ ആ പാമ്പു കടി ഇന്ദുവിന് വരദാനമായി ഭവിച്ചു. വിഷചികിത്സയ്ക്കായി എത്തിയ മനയിൽ നിന്ന് താത്രിയുമായി ബന്ധപ്പെട്ട കൂടുതൽ കഥകളറിയാനായി. 

 

indu-menon-painting

താത്രിക്കുട്ടി എന്ന ചരിത്രകഥാപാത്രത്തിനോടുള്ള ആരാധനയാണ് ഇന്ദുവിന് വരയ്ക്കാനുള്ള പ്രേരണ. നൂറ്റാണ്ടുകൾക്കു മുൻപേ അവകാശങ്ങൾക്കായി ശബ്ദം ഉയർ‍ത്തിയ സ്ത്രീയാണവർ എന്ന് ചിത്രകാരിയും ചിത്രങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

 

∙ ഇന്ദുവിന്റെ പ്രിയ ചിത്രങ്ങൾ

 

താൻ വരച്ച താത്രിക്കുട്ടിയുടെ ജീവിതത്തിലെ ഓരോ ഏടുകളും പ്രിയപ്പെട്ടവയാണെങ്കിലും ചില ചിത്രങ്ങളോട് അൽപം ഇഷ്ടക്കൂടുതലുണ്ട്. ആദ്യമായി താൻ വരച്ച താത്രിയുടെ മുഖമാണ് അതിലൊന്ന്. സ്വപ്നത്തിൽ നിന്ന് ഇറങ്ങി വന്ന താത്രിയാണത്രേ അത്. സ്മാർത്ത വിചാര വേളയിൽ താത്രിയെ കാണാനെത്തിയ അവരുടെ അച്ഛന്റെ ചിത്രവും ചിത്രകാരിക്ക് ഏറെയിഷ്ടമാണ്. സ്വന്തം മകളെ ചെറു പ്രായത്തിൽ തന്നെ ശാരീരികമായി ദുരുപയോഗം ചെയ്ത ഒരച്ഛൻ അവളുടെ അരികിൽ വന്ന് തന്റെ പേര് വിളിച്ചുപറയരുത് എന്ന് യാചിക്കുന്ന ചിത്രമാണത്. 

മരണസമയത്ത് പൂണൂൽ ഇടേണ്ട രീതിയിൽ മറുവശത്തേക്ക് തിരിഞ്ഞ് തെറ്റായ രീതിയിലാണ് ചിത്രകാരി അയാളുടെ പൂണൂൽ വരച്ചിട്ടുള്ളത്. മകളെ മരിച്ച നിലയിലാക്കിയ ആ അച്ഛനെ പ്രതിനിധീകരിക്കാൻ ഇതിലും നല്ല മാർഗം ഇല്ലെന്ന് ഇന്ദു പറയുന്നു. ഭഗവതിയുടെ കൽപ്രതിമയിൽ നോക്കി നിൽക്കുന്ന താത്രിയുടെ ചിത്രമാണ് ഇന്ദുവിന്റെ മറ്റൊരു പ്രിയചിത്രം. താത്രിക്കുട്ടിയുടെ സൗന്ദര്യം മുഴുവൻ ആവാഹിച്ച് ദൈവീക ചൈതന്യത്തോടെ വരച്ച ചിത്രമാണത്രേ ഇത്.

 

∙ താത്രിക്കുട്ടിയുടെ കഥ

 

കുറിയേടത്ത് താത്രി എന്ന പേരിലറിയപ്പെട്ടിരുന്ന അന്തർജനത്തിന്റെ  കഥ കേരളത്തിലെ സ്മാർത്ത വിചാര ചരിത്രങ്ങളിലെ വ്യത്യസ്തമായ ഒരു ഏടാണ്. പുരുഷാധിപത്യ സമൂഹത്തിന്റെ മുഖത്തേറ്റ ചൂടുള്ള പ്രഹരമാണ് താത്രിക്കുട്ടിയുടെ ജീവിതം. ആറങ്ങോട്ടുകരയിലെ കൽപകശേരി ഇല്ലത്ത് അഷ്ടമൂർത്തി നമ്പൂതിരിയുടേയും ഓക്കി മഹളുടേയും മകളായിട്ടാണ് താത്രിക്കുട്ടിയുടെ ജനനം. തന്റെ ഒൻപതാം വയസ്സു മുതൽ ലൈംഗിക അതിക്രമങ്ങൾക്ക് താത്രിക്കുട്ടി ഇരയായിരുന്നു. അച്ഛനും അമ്മാവനുമുൾപ്പെടെയുള്ള ഉറ്റബന്ധുക്കൾ വരെ ആ പട്ടികയിലുണ്ടായിരുന്നു.

 

പിന്നീട് കുറിയേടത്ത് മനയിലേക്ക് വിവാഹം ചെയ്ത് അയച്ചതിനു ശേഷവും താത്രിയുമായി പലർക്കും അടുപ്പമുണ്ടായി. വ്യഭിചാര ശങ്ക ആരോപിച്ച് സമുദായം താത്രിക്കുട്ടിയെ ക്രൂശിക്കാൻ  ആരംഭിച്ചപ്പോൾ ഭയമേതും കൂടാതെ അതിനെ നേരിടാനും കുറ്റക്കാരായവരെ കൂടി വെളിച്ചത്തേക്ക് കൊണ്ടുവരാനും അവർക്കായി. സ്മാർത്ത വിചാരവേളയിലെ ചോദ്യം ചെയ്യലിൽ താനുമായി ബന്ധപ്പെട്ട സകല പുരുഷന്മാരുടേയും ശാരീരിക പ്രത്യേകതകളും അടയാളങ്ങളും ഓർത്തിരുന്നു പറഞ്ഞ് അവരെയും സമുദായത്തിൽ നിന്ന് ഭ്രഷ്ടരാക്കാനുള്ള ധൈര്യം താത്രിക്കുട്ടി കാണിച്ചു. 

 

64 പുരുഷന്മാരുടെ പേരുകളാണ് താത്രിക്കുട്ടി വിളിച്ചുപറഞ്ഞത്. സ്വന്തം ശരീരത്തെ ആയുധമാക്കി സമുദായത്തിലെ കൊള്ളരുതായ്മകളെ പുറത്തുകൊണ്ടുവരികയായിരുന്നു അവർ. വി.ടി. ഭട്ടതിരിപ്പാടിന്റെ വാക്കുകൾ കടമെടുത്താൽ ‘ഒരു കാലത്തു നിലനിന്നിരുന്ന പുരുഷ മേധാവിത്വത്തിന്റെ ലൈംഗികമായ അരാജകത്വത്തിനെതിരെ അതേ ആയുധം കൊണ്ടു ബോധപൂർവം നടത്തിയ സമരമായിരുന്നു കുറിയേടത്തു താത്രിയുടെ ജീവിതമെന്ന് പറയാം’

 

∙ സ്മാർത്തവിചാരം

 

കേരളത്തിലെ നമ്പൂതിരി സമുദായങ്ങൾക്കിടയിൽ നിലനിന്ന സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമായ ദുരാചാരമായിരുന്നു സ്മാർത്തവിചാരം. അടുക്കളദോഷം അഥവ വ്യഭിചാര ശങ്ക തോന്നിയാൽ അന്തർജനങ്ങളെ സ്മാർത്തന്റെ നേതൃത്വത്തിൽ പൊതുവിചാരണ നടത്തി കുറ്റം തെളിയിച്ച് സമുദായത്തിൽ നിന്ന് പുറത്താക്കുന്ന  സമ്പ്രദായമാണിത്.

 

വീട്ടിലെ സ്ത്രീകളുടെ സ്വഭാവശുദ്ധിയിൽ ഗൃഹസ്ഥനു സംശയം തോന്നിയാൽ പൊതുസഭകളിൽ അത് അറിയിക്കുകയാണ് ആദ്യ പടി. തുടർന്ന് അന്തർജനങ്ങളുടെ ദാസിമാരെ ചോദ്യം ചെയ്യുകയും കുറ്റാരോപിതയായ അന്തർജനത്തെ അഞ്ചാംപുര എന്ന ഇടത്താക്കുകയുമാണ് ചെയ്യും. അഞ്ചാംപുരയിലാക്കി കഴിഞ്ഞാൽ സ്ത്രീക്ക് വ്യക്തിത്വം പോലും നിഷേധിക്കുന്നു. പിന്നീടവർ ‘സാധനം’ എന്നാകും അറിയപ്പെടുക. തുടർന്ന് വേദങ്ങളിലും ശാസ്ത്രങ്ങളിലും പണ്ഡിതനായ ബ്രാഹ്മണന് സ്മാർത്തവിചാരം ചെയ്യാൻ ഭരണകൂടം അനുമതി നൽകുന്നു. സ്മാർത്തന്റെ നേതൃത്വത്തിൽ ഏതു വിധേനയും ‘സാധന’ത്തെക്കൊണ്ട് സത്യം പറയിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. അതിനായി പല മാർഗങ്ങളും ഉപയോഗിക്കും. മാനസികമായി അപമാനിച്ചും പീഡിപ്പിച്ചുമുള്ള ചോദ്യം ചെയ്യൽ മുതൽ ശാരീരിക ദണ്ഡനങ്ങളിലേക്കും അത് കടന്നേക്കാം.

 

കുറ്റം സമ്മതിച്ചുകഴിഞ്ഞാൽ പിന്നെ ജാരന്റെ പേരും സംസർഗത്തിന്റെ വിശദാംശങ്ങളും എല്ലാം പറയേണ്ടിവരും. വ്യഭിചാര ശങ്ക ആരോപിക്കപ്പെട്ട നാൾ മുതലുള്ള സംഭവങ്ങളുടെ വിവരണം തയാറാക്കിപ്പറയുന്ന സ്വരൂപം ചൊല്ലൽ എന്ന ചടങ്ങു കൂടി കഴിഞ്ഞാൽ ‘സാധന’വും അവരോട് ലൈംഗിക ബന്ധത്തിലേർപ്പെട്ടവരും  സമുദായത്തിൽ നിന്ന് ഭ്രഷ്ടരാകും. ഭ്രഷ്ടരാക്കപ്പെട്ട സ്ത്രീകളുടെ അവസ്ഥ അതിദാരുണമാണ്. പലരും ഏറ്റെടുക്കാനാരുമില്ലാത്തവരാകുന്നു. വീട്ടിലോ നാട്ടിലോ അവർക്ക് ഒരിക്കലും പ്രവേശനമുണ്ടാകില്ല.  

 

Content Summary: A picture series on the life of Kuriyedath Thathri             

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com