ADVERTISEMENT

ട്രാൻസ്ജെൻഡർ വ്യക്തി‌കളെ മോഡലുകളാക്കി രവിവർമ ചിത്രങ്ങളുടെ മാതൃകയിൽ നടത്തിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. പൊതു സൗന്ദര്യസങ്കൽപങ്ങളെ തിരുത്തിയെഴുതുകയെന്ന ഉദ്ദേശ്യത്തോടെ ഫൊട്ടോഗ്രഫർ ഷാരോണ്‍ ആണു ഷൂട്ട് ഒരുക്കിയത്. ശീതൾ ശ്യാം, സാന്ദ്ര, ഹണി എന്നിവരാണ് മോഡലുകൾ‌. രാജാ രവിവർമയുടെ ദ് മിൽക്ക് മെയ്ഡ്, പ്രേമപത്രം, ലേഡി വിത് ലാംപ്, ശകുന്തള, ലേഡി ടേക്കിങ് ബാത്, വില്ലേജ് ബെല്ലെ, രിവേറിയ എന്നീ പെയിന്റിങ്ങുകളാണ് പുനരാവിഷ്കരിച്ചത്. 

ravi-vrama-paintings-tran-models-1

വെളുപ്പു നിറമുള്ള, നിശ്ചിത ആകാരത്തിലുള്ള സ്ത്രീകളാണ് രവിവർമ ചിത്രങ്ങളിലുള്ളതെന്നും ഈ സൗന്ദര്യസങ്കൽപം പൊതുബോധത്തിൽ ശക്തമായി ഇന്നും നിലകൊള്ളുന്നുവെന്നും ഇതു സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ ചോദ്യം ചെയ്യാനായിരുന്നു ശ്രമമെന്നും ഷാരോൺ പറയുന്നു. കല, സാഹിത്യം, പരസ്യം, ടെലിവിഷൻ, ചിത്രങ്ങൾ, സിനിമ, ഫോട്ടോഗ്രഫി എന്നീ മാധ്യമങ്ങൾ ഈ പൊതു സൗന്ദര്യബോധം ഊട്ടിയുറപ്പിച്ചു. അതുമൂലം ഇരുണ്ട നിറമുള്ളവരും ലൈംഗിക ന്യൂനപക്ഷങ്ങളും പരിഹാസ്യരാവുന്ന സാഹചര്യം ഇന്നും നിലനിൽക്കുന്നു. ഇതാണ് രവിവർമ ചിത്രങ്ങൾ പുനരാവിഷ്കരിക്കുമ്പോൾ ട്രാൻസ്ജെൻഡർ വ്യക്തികളെ മോഡലുകളാക്കാം എന്ന ചിന്തയിലേക്ക് നയിച്ചതെന്നും ഷാരോൺ പറയുന്നു. ‘‘രവിവർമ ചിത്രങ്ങൾ മുൻപും പല രീതിയിൽ പുനരാവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. യഥാർഥ ചിത്രങ്ങളിലെ സൗന്ദര്യ സങ്കൽപങ്ങളോട് ചേർന്നു നിൽക്കാനായിരുന്നു അതിൽ മിക്കവയും ശ്രമിച്ചത്. മാറ്റങ്ങളല്ല, മറിച്ച് പൊതുബോധം ഊട്ടിയുറപ്പിക്കലാണ് അതിലൂടെ സംഭവിക്കുന്നത്. വെളുപ്പ് മാത്രമല്ല സൗന്ദര്യമെന്നും സ്ത്രീ, പുരുഷൻ എന്നിങ്ങനെയല്ലാതെ വേറെയും ജെൻഡറുകൾ നമുക്കിടയിൽ ഉണ്ടെന്നും എന്നും ഓർമിപ്പിച്ചു െകാണ്ടിരിക്കേണ്ട സാമൂഹിക സാഹചര്യത്തിൽ അത്തരം പൊതുബോധത്തെ വെല്ലുവിളിക്കേണ്ടതുണ്ട്.’’– ഷാരോൺ പറഞ്ഞു.

ravi-vrama-paintings-tran-models-2

മിൽക്ക് മെയ്ഡ്, പ്രേമ പത്രം, ലേഡി വിത് ലാംപ് എന്നീ ചിത്രങ്ങൾക്ക് ശീതൾ ശ്യാമാണ് മോഡൽ. ശകുന്തള, ലേഡി ടേക്കിങ് ബാത് പെയിന്റിങ്ങുകൾ ഹണിയും വില്ലേജ് ബെല്ലെ, റെവേരി എന്നിവ സാന്ദ്രയും അവതരിപ്പിച്ചു. ആക്റ്റിവിസ്റ്റ് പുരുഷൻ ഏലൂരിന്റെ വീടാണ് ലൊക്കേഷന്‍. മനു ഗോപാലും ടെൽബിൻ പി.കെയുമാണ് എഡിറ്റിങ്. കോഓർഡിനേറ്റർ ജംഷീന മുല്ലപ്പാട്ട്. ആരതി ദാസും ആഷാ സുന്ദരവും ചേർന്നാണ് മേക്കപ്പും സ്റ്റൈലിങ്ങും.

ravi-vrama-paintings-tran-models-3
(ഇടത്) ഷാരോണ്‍‌
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com