അവസാനിക്കാതെ ഡയാന തരംഗം, പ്രശസ്തമായ പർപ്പിൾ ഗൗൺ ലേലത്തിന്; പ്രതീക്ഷ 95 ലക്ഷം!
Mail This Article
ബ്രിട്ടിഷ് രാജകുമാരി ഡയാന വിടവാങ്ങിയിട്ട് 25 വർഷം കഴിഞ്ഞു. എന്നാൽ ഇന്നും ഡയാന സൃഷ്ടിച്ച അലയൊലികൾ അടങ്ങിയിട്ടില്ല. ഫാഷൻ ലോകത്തുൾപ്പെടെ ഡയാന ഇന്നും സജീവ ചർച്ചാ വിഷയമാണ്. രാജകുടുംബത്തിലെ ഇപ്പോഴത്തെ അംഗങ്ങൾ പോലും ഡയാനയുടെ അന്നത്തെ ഫാഷൻ ചോയ്സുകളോടാണ് മത്സരിക്കുന്നത്. ഇപ്പോഴിതാ ഡയാന വീണ്ടും വാർത്തകളിൽ നിറയുകയാണ്. അവസാന ഫോട്ടോഷൂട്ടിൽ ധരിച്ച ഗൗൺ ആണ് ഡയാനയെ വീണ്ടും ചർച്ചകളിൽ നിറയ്ക്കുന്നത്.
ഡീപ് പർപ്പിൾ സിൽക് വെൽവറ്റ് ഡ്രസ്സ് ആണ് അവസാന ഫോട്ടോഷൂട്ടിൽ ഡയാന ധരിച്ചത്. ബ്രിട്ടീഷ് ഡിസൈനർ വിക്ടർ എഡൽസ്റ്റൈനാണ് ഈ ബോൾ ഗൗൺ ഒരുക്കിയത്. ഈ വസ്ത്രം ലേലം ചെയ്യുന്നുവെന്ന വാർത്തയാണ് ഫാഷൻ ലോകത്ത് തരംഗം തീർക്കുന്നത്.
വിക്ടറിന്റെ 1989 ലെ ശരത്കാല കലക്‌ഷനിൽ ഭാഗമായ ഈ ഗൗൺ ധരിച്ചാണ് 1991 ലെ ഛായാചിത്രത്തിന് ഡയാന നിന്നത്. 1997ലെ വാനിറ്റി ഫെയർ ഫോട്ടോഷൂട്ടിലും ഡയാന ഈ വസ്ത്രത്തിൽ തിളങ്ങി. ഇതായിരുന്നു കാറപടകത്തിൽ ജീവൻ പൊലിയുന്നതിനു മുമ്പ് ഡയാന നടത്തിയ അവസാന ഫോട്ടോഷൂട്ട്.
ജനുവരി 27ന് ആണ് സോത്ബേ ഓക്‌ഷൻ ഹൗസ് ലേലം സംഘടിപ്പിക്കുന്നത്. 65 ലക്ഷം മുതൽ 97 ലക്ഷം രൂപയ്ക്ക് ഈ ഗൗൺ വിറ്റുപോകും എന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഡയാനയുടെ അനശ്വരമായ സൗന്ദര്യവും പ്രൗഢിയും ഈ വസ്ത്രത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് സോത്ബേസ് ഗ്ലോബൽ ഡയറക്ടർ ക്രിസ്റ്റീന വാൽക്കർ പറഞ്ഞു. ലേലത്തെ ആകാംക്ഷയോടെയാണ് ഫാഷൻ ലോകം കാണുന്നത്. വസ്ത്രം ലേലത്തുകയിൽ സംഘാടകരുടെ കണക്കൂട്ടലുകൾ തെറ്റിച്ച് കുതിക്കുമോ എന്നാണ് ഡയാനയുടെ ആരാധകർ ഉറ്റുനോക്കുന്നത്.
Content Summary: Princess Diana's 'Iconic Gown' is going up for Auction