പ്രിയപ്പെട്ട നായകൾ, മക്കളുടെയും പേരക്കുട്ടികളുടെയും പേരുകൾ; കാമിലയുടെ ആ ഗൗണിന് പ്രത്യേകതകൾ ഏറെ
Mail This Article
ബ്രിട്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങ്. ചാൾസ് മൂന്നാമന്റെയും ഭാര്യ കാമിലയുടെയും കിരീടധാരണം കഴിഞ്ഞെങ്കിലും ഫാഷൻ ലോകമിപ്പോഴും ചർച്ച ചെയ്യുന്നത് ചരിത്ര മുഹൂർത്തത്തിൽ കാമില ധരിച്ച വസ്ത്രത്തെപ്പറ്റിയാണ്. നിരവധി പ്രത്യേകതകളുള്ള ആ ഓഫ്‍വൈറ്റ് ഗൗണിൽ കാമിലയുടെ പ്രിയപ്പെട്ട നായകളായ ബ്ലൂബെൽ, ബെത്ത് എന്നിവരുടെ ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. ഗൗണിനു താഴെയായി ഇരുവശങ്ങളിലുമാണ് നായകളുടെ ചിത്രം എംബ്രോയ്ഡറി ചെയ്തത്.
ബ്രിട്ടിഷ് ഡിസൈനർ ബ്രൂസ് ഓൾഡ്ഫീൽഡാണ് വസ്ത്രം ഡിസൈൻ ചെയ്തത്. ഓഫ്‍വൈറ്റ് നിറത്തിൽ പൂർണമായും എംബ്രോയ്ഡറി ചെയ്തെടുത്ത ഗൗണാണത്. ഗൗണിന് ഏറ്റവും താഴെ ഗോൾഡൻ നിറത്തില്‍ ഡിസൈൻ ചെയ്ത പൂക്കളാണ് ഹൈലൈറ്റ്. ഇതിന് തൊട്ടു മുകളിലായാണ് കാമിലയ്ക്ക് ഏറെ ഇഷ്ടപ്പെട്ട നായകളുടെ ചിത്രം. 2017 ഫെബ്രുവരിയിൽ ബാറ്റർസീ ഡോഗ്‌സ് ആൻഡ് ക്യാറ്റ്‌സ് ഹോമിൽ നിന്നാണ് ബ്ലൂബെലിനെയും ബെത്തിനെയും ദത്തെടുത്തത്.
നായകൾ മാത്രമല്ല, രാജ്ഞി അണിഞ്ഞ ഗൗണിന് ഇനിയും പ്രത്യേകതകളുണ്ട്. യുണൈറ്റഡ് കിങ്ഡത്തിലെ നാല് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന റോസാപ്പൂവ്, മുൾപടർപ്പ്, ഡാഫോഡിൽ, ഷാംറോക്ക് എന്നിവ മുൻവശത്ത് ഉണ്ട്. കൂടാതെ, രാജ്ഞിയുടെ കുട്ടികളുടെയും പേരക്കുട്ടികളുടെയും പേരുകളും വസ്ത്രത്തിൽ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്.
1858 ൽ വിക്ടോറിയ രാജ്ഞിക്കു വേണ്ടി നിർമിച്ച, ‘കൊറോണേഷൻ നെക്‌ലേസ്’ എന്നറിയപ്പെടുന്ന നെക്‌ലേസാണ് കാമില രാജ്ഞി ഉപയോഗിച്ചത്. 26 വജ്രങ്ങൾ കൊണ്ടാണ് ഇതു നിർമിച്ചത്. ലഹോർ രത്നം എന്നറിയപ്പെടുന്ന ഈ വജ്രങ്ങൾ 1851 ൽ വിക്ടോറിയ രാജ്ഞിക്കു സമ്മാനമായി ലഭിച്ചതാണ്.
Content Summary: Queen Camilla’s coronation gown specialities