200 മണിക്കൂർ, തുന്നിച്ചേർത്തത് അൻപതിനായിരത്തിലധികം ക്രിസ്റ്റലുകൾ; വൈറൽ വിവാഹഗൗണിന് ഗിന്നസ് റെക്കോർഡ്
Mail This Article
ഒരു വിവാഹ വസ്ത്രത്തിൽ എത്രത്തോളം ക്രിസ്റ്റലുകൾ പിടിപ്പിക്കാൻ കഴിയുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ആയിരമോ പതിനായിരമോ എന്നൊക്കെ നമ്മൾ ചിന്തിച്ചു കാണും... പക്ഷേ, അൻപതിനായിരത്തോളം ക്രിസ്റ്റലുകൾ പിടിപ്പിച്ച ഒരു വിവാഹ ഗൗണാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തരംഗമായി എന്ന് മാത്രമല്ല, ഏറ്റവുമധികം ക്രിസ്റ്റലുകൾ പിടിപ്പിച്ച വിവാഹ ഗൗൺ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് കൂടി സ്വന്തമാക്കി.
ഒരു ഫാഷൻ ഷോ വേദിയിലാണ് ഇറ്റാലിയൻ ബ്രൈഡൽ ഫാഷൻ ബ്രാൻഡായ മിഷേല ഫെറിറോ അൻപതിനായിരത്തിലധികം ക്രിസ്റ്റലുകളുള്ള വസ്ത്രം പ്രദർശിപ്പിച്ചത്. 50,890 സ്വരോസ്കി ക്രിസ്റ്റലുകളാണ് ഗൗണിലുള്ളത്. ട്രാൻസ്പരെന്റ് മെറ്റീരിയലിൽ നെക് ലെസായാണ് വസ്ത്രം ഡിസൈൻ ചെയ്തത്. നെക്‍ലൈനും സ്ലീവും മുഴുവനായി ക്രിസ്റ്റലുകളിലാണ് ഡിസൈൻ ചെയ്തത്. നാലുമാസത്തോളമെടുത്താണ് വസ്ത്രത്തിന്റെ ഡിസൈൻ ചർച്ചകൾ പൂർത്തിയാക്കിയത്. ഏകദേശം 200 മണിക്കൂറോളമെടുത്താണ് ഓരോ ക്രിസ്റ്റലുകളും വസ്ത്രത്തിൽ പിടിപ്പിച്ചത്.
മോഡൽ മാർച്ചെ ഗെലാനി കാവ്-അൽകാന്റെയാണ് വസ്ത്രം ധരിച്ച് റാംപിലെത്തിയത്. ഗിന്നസ് വേൾഡ് റെക്കോർഡിന്റെ നിയമങ്ങളനുസരിച്ച് കൃത്യതയും ഗുണനിലവാരവുമുള്ള ക്രിസ്റ്റലുകൾ മാത്രമേ വസ്ത്രത്തിൽ ഉപയോഗിക്കാൻ പാടുള്ളു. 2011ൽ 45,024 ക്രിസ്റ്റലുകൾ ഉപയോഗിച്ച വിവാഹ ഗൗൺ എന്ന റെക്കോർഡാണിപ്പോള്‍ മറികടന്നത്.
Content Summary: Sparkling wedding dress with over 50,000 crystals- Guinness World Record