കൂട്ടം തെറ്റിയ കറുപ്പ് ആട്ടിൻ കുട്ടി, ഡയാനയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റർ ലേലത്തിന്
Mail This Article
ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റർ ലേലത്തിലൂടെ വിൽക്കാനൊരുങ്ങുന്നു. ന്യൂയോർക്ക് ആസ്ഥാനമായ സോത്ത്ബീസ് എന്ന ആർട്ട് കമ്പനിയാണ് ലേലം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ഓഗസ്റ്റ് 31നും സെപ്തംബർ 14നും ഇടയ്ക്കാണ് ലേലം നടക്കുക. 65 ലക്ഷം രൂപയാണ് ആദ്യ വില. 'ഞങ്ങള്‍ പഴയ ചില വിശിഷ്ടമായ ഡിസൈനുകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു. ഇതിനിടെയാണ് ഡയാന രാജുമാരിയുടെ ബ്ലാക്ക് ഷീപ് സ്വറ്റര്‍ ഞങ്ങളുടെ കൈവശമെത്തുന്നത്. 1981ലാണ് ഇത് ഡയാന രാജകുമാരി ആദ്യമായി അണിഞ്ഞത്. സാലി മ്യൂര്‍, ജൊവാന്ന ഒസ്ബോണ്‍ എന്നീ ഡിസൈനേഴ്സാണ് ഈ സ്വറ്റര്‍ ഡിസൈൻ ചെയ്തത്...' സോത്ത്ബീസ് പറഞ്ഞു.
പത്തൊമ്പതാമത്തെ വയസ്സിൽ ചാൾസ് രാജാവിനൊപ്പം ഒരു പോളോ മത്സരത്തിന് എത്തിയപ്പോഴാണ് ഡയാന ഈ സ്വറ്റര്‍ ധരിച്ചത്. ഇരുവരും തമ്മിലുള്ള വിവാഹത്തിന് ഒരുമാസം മുമ്പായിരുന്നു അത്. ചുവപ്പിൽ നിറയെ വെളുത്ത ആട്ടിൻകുട്ടിൻ കുട്ടികളാണ് സ്വറ്ററിലുള്ളത്. എന്നാൽ അതിൽ ഒരു ആട്ടിൻകുട്ടി കറുപ്പ് നിറത്തിലാണ്. രാജകുടുംബാംഗങ്ങളിൽ നിന്ന് എപ്പോഴും വ്യത്യസ്തമായിരുന്ന ഡയാനയുടെ വ്യക്തിത്വമാണ് ഡിസൈന്റെ പിന്നിലെ കഥ.
ആദ്യം ഡയാന ധരിച്ച സ്വറ്ററിന് 1983ൽ കേടുപാടുകൾ പറ്റിയതിനെ തുടർന്ന് അത് ശരിയാക്കാനായി ഡിസൈനർമാർക്ക് തിരിച്ചയച്ചിരുന്നു. എന്നാൽ പുതിയ സ്വറ്ററാണ് അന്ന് രാജകുടുംബത്തിലേക്ക് അയച്ചത്. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ഡയാന അന്നു അയച്ചു തന്ന സ്വറ്റർ കണ്ടെത്തിയത്. ഡിസൈനർമാർ ഒരു പെട്ടിയിൽ സൂക്ഷിച്ചു വച്ച ഈ സ്വറ്ററാണ് ഇപ്പോൾ ലേലത്തിന് വച്ചത്.