‘ട്രോളുകൾ ഇഷ്ടം, സെർച്ച് ചെയ്താൽ വരുന്നത് ഫാൻ പേജുകൾ’; ‘റീൽസി’ലെ സ്റ്റൈലിഷ് നിവേദ്യയുടെ വിശേഷങ്ങൾ
Mail This Article
തിരുവനന്തപുരം നെയ്യാറ്റിൻകരയിലുള്ള ഒരു പത്താംക്ലാസ്സുകാരി പെൺകുട്ടിക്ക് എന്താ ഇത്ര പ്രത്യേകത? അതറിയണമെങ്കിൽ നിവേദ്യ ആർ ശങ്കർ എന്ന പതിനഞ്ചു വയസ്സുകാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നോക്കിയാൽ മതി. 3 മില്യന്‍ ഇഷ്ടമാണ് ഇൻസ്റ്റഗ്രാം കുടുംബത്തിന് ഈ പെൺകുട്ടിയോട്. ടിക്ടോക്കിൽ വിഡിയോകൾ പോസ്റ്റ് ചെയ്ത് തുടങ്ങുമ്പോൾ നിവേദ്യയ്ക്ക് പ്രായം 13. പിന്നീട് ടിക്ടോക്ക് നിരോധിച്ചപ്പോഴും നിവേദ്യയോടുള്ള ആളുകളുടെ ഇഷ്ടം കുറഞ്ഞില്ല. ഇൻസ്റ്റഗ്രാം റീലുകളിലൂടെ വീണ്ടും നിവേദ്യ കുട്ടിത്താരമായി. 3.1 മില്യൻ ഫോളോവേഴ്സുള്ള നിവേദ്യയുടെ റീലുകൾ മാത്രമല്ല, ഫാഷൻ സെൻസും സമൂഹ മാധ്യമ ലോകത്തെ സംസാരവിഷയമാണ്. നിവേദ്യയുടെ ‘സ്റ്റൈലൻ ഇഷ്ടങ്ങൾ’ എന്തൊക്കെയെന്നു നോക്കാം...
സ്കൂളിൽ ഫാഷൻ നോ നോ
‘സ്കൂളിൽ കാഷ്വൽസ് ഒന്നും ഇടാൻ പറ്റില്ല. അവിടെ യൂണിഫോം മാത്രമേ പറ്റൂ. എന്തെങ്കിലും ഫങ്ഷൻ ഒക്കെ വരുമ്പോഴും കാര്യമായിട്ട് ഡ്രസ് ചെയ്യാനൊന്നും പറ്റാറില്ല. എന്റെ ഫ്രണ്ട്സ് ഒക്കെ റീൽസിൽ കാണാറേ ഉള്ളൂ എന്നെ. റീൽസിൽ എന്റെ ഡ്രെസ്സിങ് സ്റ്റൈൽ ഒക്കെ കണ്ടിട്ട് എന്നോട് ചോദിക്കാറുണ്ട് വീട്ടിലൊക്കെ സപ്പോട്ട് ആണോ എന്ന്. വീട്ടുകാർ എല്ലാത്തിനും സപ്പോട്ട് ആണ്. അവരാണ് എല്ലാ ഷൂട്ടിനും കൂടെ വരുന്നതും സോഷ്യൽ മീഡിയ ഹാൻഡിൽ മാനേജ് ചെയ്യുന്നതുമെല്ലാം. അവർ കാരണമാണ് ഞാൻ ഇപ്പോൾ ഇങ്ങനെ ഇരിക്കുന്നതും. 13 വയസ്സിലാണ് ഫാഷനെപ്പറ്റിയും ഡ്രെസ്സിങ്ങിനെപ്പറ്റിയുമെല്ലാം കാര്യമായി ചിന്തിച്ചു തുടങ്ങിയത്. എനിക്ക് ഓവർസൈസ്ഡ് ടീഷർടും ബാഗി ജീൻസും ഒക്കെ ട്രൈ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ എനിക്കത് ചേരൂല എന്നാണ് തോന്നുന്നത്. എന്നാലും ഇട്ടു നോക്കണം.’
കൊറിയൻ ഡ്രാമകൾ ഇഷ്ടം; അവരുടെ സ്റ്റൈലും
‘എല്ലാവരെയും പോലെ എനിക്കും കൊറിയൻ ഡ്രാമകളും കെ–പോപുമെല്ലാം ഇഷ്ടമാണ്. അവരുടെ സ്റ്റൈല്‍ ആണ് കൂടുതൽ ശ്രദ്ധിക്കാറുള്ളത്. അതുപോലെ ഒക്കെ ഡ്രെസ് ചെയ്യാൻ ഇഷ്ടമാണ്. ഓൺലൈനിലൊക്കെ അതുപോലെ ഉടുപ്പുകൾ കാണുമ്പോൾ അമ്മയോട് പറഞ്ഞ് ഞാൻ ഓർഡർ ചെയ്യാറുണ്ട്. പിന്നെ മേക്കപ്പൊന്നും വലിയ കാര്യമായി അറിയില്ല. ഷൂട്ടിനു വേണ്ടി ഒക്കെയേ ചെയ്യാറുള്ളൂ. പിന്നെ സ്കിൻകെയറും അതുപോലെ തന്നെ. പെട്ടെന്ന് കുരു വരുന്ന ചർമമാണ് എന്റേത്. അതുകൊണ്ട് ഷൂട്ട് കഴിഞ്ഞെത്തിയാൽ നന്നായി മുഖം കഴുകും. പിന്നെ ‘സെൻഡേയ’ ആണ് എന്റെ സ്റ്റൈൽ ഐക്കൺ. ഒരു ആക്ട്രസ് എന്നതിലുപരി മോഡൽ എന്ന നിലയിലാണ് എനിക്ക് അവരെ കൂടുതൽ ഇഷ്ടം.
നിവേദ്യ എന്നു സെർച്ച് ചെയ്താൽ ആദ്യം വരുന്നത് ഫാൻ പേജുകൾ
‘സോഷ്യൽ മീഡിയയ്ക്കു പോസിറ്റീവുകളും നെഗറ്റീവുകളും ഉണ്ട്. ഞാൻ പക്ഷേ ഫോക്കസ് ചെയ്യുന്നത് പോസീറ്റീവുകളിൽ മാത്രമാണ്. ഈ ഒരു പ്ലാറ്റ്ഫോമിലൂടെയാണല്ലോ ഞാൻ അറിയപ്പെട്ടത്. ഇപ്പോൾ നിവേദ്യ എന്നു സെർച്ച് ചെയ്താൽ എന്റെ അക്കൗണ്ടിനും മുൻപേ വരുന്നത് എന്റെ ഫാൻ പേജുകളാണ്. അതൊക്കെ കാണുമ്പോൾ സന്തോഷമാണ്. അതുപോലെ ഒരുപാട് ഫേക്ക് അക്കൗണ്ടുകളും എന്റെ പേരിലുണ്ട്. ആദ്യമൊക്കെ ടിക്ടോക് ചെയ്യുന്ന സമയത്ത് എന്നെപ്പറ്റി ട്രോൾ വന്നപ്പോൾ എനിക്കു വിഷമമായിരുന്നു. അന്നത്തെ കമന്റുകളൊക്കെ കണ്ടപ്പോൾ എന്തോ പോലെ തോന്നുമായിരുന്നു. ഇപ്പോൾ പക്ഷേ അങ്ങനെയല്ല. എന്നെക്കുറിച്ച് വരുന്ന ട്രോളുകളൊക്കെ എനിക്ക് കാണാനിഷ്ടമാണ്. കണ്ട് ചിരിക്കാറുണ്ട്; ഞാൻ മാത്രമല്ല വീട്ടിലെല്ലാവരും അതൊക്കെ കണ്ട് ചിരിക്കാറുണ്ട്. കമന്റുകളെപ്പറ്റി എനിക്ക് അറിയില്ല, പക്ഷേ ട്രോളുകളൊക്കെ നല്ലതാണ്’
സ്വപ്നം സിനിമ; സമയമാകട്ടെ
‘ഒരുപാട് ബിഗ് സ്ക്രീൻ അവസരങ്ങളൊക്കെ വരുന്നുണ്ടെങ്കിലും ഇപ്പോൾ പഠിത്തമാണ് പ്രധാനം. ഭാവിയിൽ സിനിമ തന്നെയാണ് സ്വപ്നം; സമയമാകട്ടെ...’