പ്ലാസ്റ്റിക് റാപ്പറിൽ നിന്ന് സൺഗ്ലാസ്, വാഴയിൽ നിന്ന് ബാഗ്; ട്രെന്റിനൊപ്പം സസ്റ്റൈനബിൾ ഫാഷനും
Mail This Article
ഈ വർഷത്തെ ലാക്മേ– എഫ്ഡിസിഐ ഫാഷൻ വീക്ക് ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് അരങ്ങേറിയത് ‘ഭാവി സുസ്ഥിര ഫാഷന്റേത്’ എന്ന നിലപാടോടെയാണ്. ഇതു 11–ാം വർഷമാണ് ലാക്മേ ഫാഷൻ വീക്കിന്റെ ഭാഗമായി സുസ്ഥിര ഫാഷൻ ഡിസൈനുകൾക്കായി ഒരു ദിനം മാറ്റിവയ്ക്കുന്നത്. അമിത് ഗുപ്ത, സ്വാതി കപൂർ, കാവേരി, സ്വാതി വിജയ്‌വാർഗി, കരിഷ്മ ഷഹാനി ഖാൻ, അഞ്ജലി പട്ടേൽ മേത്ത, ഹിമാൻശു ഷാനി, പായൽ പ്രതാപ്, ഏബ്രഹാം ആൻഡ് ഠാക്കൂർ എന്നിങ്ങനെ ഇന്ത്യൻ ഫാഷൻ രംഗത്തു ശ്രദ്ധേയരായ ഡിസൈനർമാരാണ് ലാക്മേ വേദിയിൽ സുസ്ഥിര ഫാഷന്റെ പുതുമുഖം അവതരിപ്പിച്ചത്.
വസ്ത്രങ്ങളൊരുക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലുള്ള പരിസ്ഥിതി മലിനീകരണം, ഫാഷൻ അനുദിനം മാറുമ്പോൾ കുന്നുകൂടുന്ന മാലിന്യം, പ്രകൃതിയുടെയും ജീവജാലങ്ങളുടെയും അധ്വാനത്തിന്റെയും ചൂഷണം എന്നിങ്ങനെയുള്ള വെല്ലുവിളികൾക്കു പരിഹാരം തേടുകയാണ് സസ്റ്റൈനബിൾ ഫാഷൻ എന്ന സ്ലോ ഫാഷൻ. പരിസ്ഥിതി സൗഹൃദമായ ഡിസൈൻ– ഉൽപാദന– വിതരണ ശൃംഖല ഉറപ്പാക്കുകയാണ് ഇതിന്റെ അടിസ്ഥാനം.
ലോകത്ത് മലിനീകരണത്തിനിടയാക്കുന്ന വ്യവസായങ്ങളിൽ രണ്ടാം സ്ഥാനത്താണ് ക്ലോത്തിങ്. നിലവിലെ ഉപഭോക്തൃ സൂചിക അനുസരിച്ച് 15 കോടി വസ്ത്രങ്ങൾ 2050 ആകുമ്പോഴേക്കും മാലിന്യക്കൂമ്പാരത്തിലെത്തും എന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. അതുകൊണ്ടു തന്നെ എങ്ങനെയാണ് വസ്ത്രങ്ങളുണ്ടാകുന്നത്, അതിന്റെ വേസ്റ്റ് ഏതുരീതിയിൽ പുറന്തള്ളപ്പെടുന്നു എന്നീ കാര്യങ്ങളെക്കുറിച്ച് ഉപഭോക്താക്കളും ബോധവാന്മാരാകണം. ഉപയോഗിക്കുന്ന തുണി എന്തുതരം പ്രത്യഘാതമുണ്ടാക്കുന്നുവെന്നറിയണം. കോട്ടൺ മികച്ച തുണിത്തരമാണ്, പക്ഷേ അതുണ്ടാക്കുന്ന മലിനീകരണവും കൂടുതലാണ്. ഒരു ജോഡി ഡെനിം ട്രൗസർ നിർമിക്കുന്നതിന്റെ ഭാഗമായി പാഴാകുന്ന വെള്ളത്തിന്റെ കണക്ക് ആരെയും അമ്പരപ്പിക്കും. ഈ വെല്ലുവിളികൾക്കുള്ള ബദൽ മാർഗങ്ങൾ ഒരുകുടക്കീഴിൽ ഒരുമിക്കുന്നതാണ് സസ്റ്റൈനബിൾ ഫാഷൻ. അനുദിനം ട്രെൻഡ് മാറാതെ, കൂടുതൽ കാലം നിലനിൽക്കുന്ന ഉത്പന്നങ്ങൾ, അതു തയാറാക്കുന്നവർക്ക് മികച്ച തൊഴിൽ സാഹചര്യവും സുസ്ഥിരവരുമാനവും ഉറപ്പാക്കി വിപണിയിലെത്തിക്കുകയാണ് ഈ രംഗത്തുള്ളവർ.
പഴമയുടെ വീണ്ടെടുപ്പ്, പുതുമയോടെ
തനതു വസ്ത്രപാരമ്പര്യവും പ്രാദേശിക കൈത്തറികളും കൈവേലകളും വീണ്ടെടുക്കുന്നതിനൊപ്പം പുത്തൻ ആശയങ്ങളുടെയും പുതുരീതികളുടെയും കണ്ടെത്തലുമാണ്. ഖാദിയും കൈത്തറിയും ലിനനും ചന്ദേരിയും മഷ്റൂവും കാലാ കോട്ടണും ഉൾപ്പെടെയുള്ള ഇന്ത്യയുടെ കൈത്തറി സമ്പത്തും ബാന്ദ്നി, അജ്റക്, കലംകാരി തുടങ്ങിയ പരമ്പരാഗത കരകൗശലവിദ്യകളും ഡിസൈനർമാരുടെ ആശയത്തികവിൽ പുതുവസ്ത്രങ്ങളായി റാംപിലെത്തി.
ഖാദിയുടെ 11.11സാധ്യതകൾ
ഖാദി ഡെനിം ഉൾപ്പെടെ പൂർണമായും ഹാൻഡ്മെയ്ഡ് വസ്ത്രങ്ങളാണ് ഡിസൈനർ ഹിമാൻശു ഷാനിയുടേത്. കണ്ടംപററി ഫാഷൻരംഗത്തു ശ്രദ്ധേയമാണ് അദ്ദേഹത്തിന്റെ 11.11 എന്ന ബ്രാൻഡ്. സെൽഡിസൈൻ എന്ന ലേബലിന്റെ ഉപബ്രാൻഡായി ഡിസൈനർ മിയ മോരികവയോടൊപ്പം ഹിമാൻശു തുടക്കമിട്ട 11.11 എല്ലാ വസ്ത്രങ്ങളിലും അതൊരുക്കിയ കലാകാരന്റെ പേര് തുന്നിച്ചേർക്കുന്നു, വസ്ത്രം പൂർത്തിയാക്കിയ തീയതിയും അതിലുണ്ടാകും. 11.11 ഇത്തവണ ലാക്മേയിൽ അവതരിപ്പിച്ച ശേഖരം ആഘോഷിക്കുന്നത് ഇന്ത്യയിലെ നെയ്ത്തുകാരെയാണ്. 2018 പ്രളയകാലത്ത് ചേന്ദമംഗലത്തെ തറികൾ മുങ്ങിയപ്പോൾ നെയ്ത്തുകാരുടെ അതിജീവനത്തിനായി പ്രവർത്തിച്ച കൂട്ടായ്മയുടെ ഭാഗമായി ഹിമാൻശു കേരളത്തിലെത്തിയിരുന്നു.
ഒന്നും പാഴാക്കില്ല; കരിഷ്മയുടെ കാ–ഷാ
വസ്ത്രം മികച്ച ആശയവിനിമയ ഉപാധിയാണെന്നു പറയുന്നു, ഡിസൈനർ കരിഷ്മ ഷഹാനി ഖാൻ. ഖലിൽ ജിബ്രാന്റെ വരികളിൽ നിന്നുള്ള പ്രചോദനമാണ് കരിഷ്മ ലാക്മേയിൽ അവതരിപ്പിച്ച ‘മിലൻ’ എന്ന വസ്ത്രശേഖരം. സ്ത്രീകളുടെ ദൈനംദിന തിരക്കുകൾക്ക് അനുയോജ്യമായ, ചലനങ്ങൾക്കു തടസ്സമുണ്ടാക്കാത്ത, ഡിസൈനർ വസ്ത്രങ്ങളാണ് കരിഷ്മയുടെ ‘കാ–ഷാ’ എന്ന ബ്രാൻഡിന്റെ പ്രത്യേകത. ‘സീറോ വേസ്റ്റ്’ നയമാണ് കാ–ഷായുടെ അടിസ്ഥാനം.
കട്ട്പീസ് പോലും ഇവർ മറ്റൊരു ഉൽപ്പന്നമായി മാറ്റുന്നു. കുയിലിന്റെ കഥ പറഞ്ഞ് ‘പെരോ’
എവിടെയും വേറിട്ടു നിൽക്കുന്നവരെ ആഘോഷമാക്കി ഡിസൈനർ അനീത് അറോറ പുതിയ കലക്‌ഷൻ ലാക്മേ വേദിയിലെത്തിച്ചു. ക്രോഷെറ്റ്, ലേസർകട്ട്, ബീഡ് വർക്ക്, സ്റ്റംപ് വർക്ക്, പാച്ച് വർക്ക്, ആപ്ലിക്, കട്ട് വർക്ക് എന്നിങ്ങനെ കരകൗശലവിദ്യകൾ ഒരുമിക്കുന്ന ഈ വസ്ത്രശേഖരത്തിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള കലാകാരന്മാരുടെ അധ്വാനവുമുണ്ട്. ഹിമാചൽ വനിതകളുടെയും അഫ്ഗാനിസ്ഥാനിലെ അഭയാർഥി സ്ത്രീകളുടെയും കൈത്തുന്നലുകൾ ഇതിന്റെ ഭാഗമാണ്.
എന്തു പ്രശ്നത്തിനും പരിഹാരമുണ്ട്, ഇവിടെ
ചിപ്സ് പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക് റാപ്പർ പുനരുപയോഗിച്ചാൽ അതിൽ നിന്ന് സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആക്കാവുന്ന മികച്ച ‘ഐ വെയർ’ ഒരുക്കാമെന്നു തെളിയിച്ചു അനീഷ് മാൽപനി. ഇതുപോലെ പല പരിസ്ഥിതി പ്രശ്നങ്ങൾക്കുമുള്ള ഉത്തരങ്ങളുമായാണ് ലാക്മേ ഫാഷൻ വീക്കിന്റെ ‘സർക്കുലാർ ഡിസൈൻ ചാലഞ്ച്’ ഇത്തവണ പൂർത്തിയായത്.
മത്സരാധിഷ്ഠിത പ്രദർശനമായ ‘സർക്കുലർ ഡിസൈൻ ചാലഞ്ച്’ (സിഡിസി) ഇക്കുറി ലോകഭൂപടത്തിലേക്കു ചേർത്തു വയ്ക്കുകയാണ് സംഘാടകർ. സിഡിസിയുടെ അഞ്ചാം പതിപ്പിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ആർഎലൻ എന്ന ഫാബ്രിക് ബ്രാൻഡും യുഎന്നുമായി സഹകരിച്ചാണ് ലോകമെമ്പാടും നിന്നുള്ള സുസ്ഥിര ഫാഷൻ മാതൃകകളുടെ മത്സരത്തിന് ഇന്ത്യ വേദിയൊരുക്കിയത്. പ്ലാസ്റ്റിക് റാപ്പറിൽ നിന്നു സൺഗ്ലാസ് ഒരുക്കിയ അനീഷ് മാൽപനിയുടെ ‘വിതൗട്ട്’ എന്ന ബ്രാൻഡ് പുരസ്കാരം നേടി.
ഇന്ത്യയിൽ ഓരോ വർഷവും വാഴക്കൃഷിയുടെ ഭാഗമായുണ്ടാകുന്ന ഏതാണ്ട് 80 മില്യൻ ടൺ മാലിന്യത്തിനുള്ള പരിഹാരമായി പ്ലാന്റ് ലെതർ ബാഗും വേദിയിലെത്തി. ജിനാലി മോഡിയുടെ ‘ബനോഫി’ അരുന്ധതി കുമാറിന്റെ ആക്സസറി ബ്രാൻഡ് ‘സ്റ്റുഡിയോ ബീജ് എന്നിവ ചേർന്നാണ് ഈ ബാഗ് ഒരുക്കിയത്. ഇവരുൾപ്പെടെ ആറു പേരാണ് മത്സരത്തിന്റെ അവസാനഘട്ടത്തിലെത്തിയത്.