ശവസംസ്കാരത്തിനുള്ള സാരികളോ? മോഡലുകളുടെ ആറ്റിറ്റ്യൂഡ് അൽപം കൂടി, സബ്യസാചി കലക്ഷന് വിമർശനം
Mail This Article
ലഹങ്കകളിലും വിവാഹ വസ്ത്രങ്ങളിലുമെല്ലാം വ്യത്യസ്തത കൊണ്ടു വരുന്ന സബ്യസാചി മുഖർജിയുടെ ഡിസൈനുകൾക്ക് ഏറെ ആരാധകരുണ്ട്. ബോളിവുഡ് താരങ്ങളുടെയടക്കം ഇഷ്ട ബ്രാന്റായ സബ്യസാചി കഴിഞ്ഞ ദിവസമാണ് പുത്തൻ ബ്രൈഡൽ കലക്ഷൻ പുറത്തിറക്കിയത്. എന്നാൽ പുത്തൻ ഹെറിറ്റേജ് ബ്രൈഡൽ കലക്ഷൻ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
ഹെറിറ്റേജ് ബ്രൈഡൽ കലക്ഷനിലുള്ള വസ്ത്രങ്ങളുടെ വിഡിയോ പുറത്തുവിട്ടതോടെ സാരി ധരിച്ചെത്തിയ മോഡലുകളെ ചുറ്റിപറ്റിയാണ് പുത്തൻ ചർച്ച. വിവാഹ വസ്ത്ര ശേഖരത്തിന്റെ വിഡിയോയിലെത്തിയ മോഡലുകൾക്ക് അൽപ്പം ഗൗരവം കൂടിപ്പോയെന്നാണ് ആളുകൾ പറയുന്നത്. ഡിസൈൻഡ് സാരിയിൽ 4 മോഡലുകളാണ് എത്തിയത്. 4 പേരും തികഞ്ഞ ആറ്റിറ്റ്യൂഡിലാണ്. എല്ലാവരുടെയും മുഖത്ത് ദേഷ്യവും ശോകവുമാണ്. ഏറെ മനോഹരമായ ഒരു ചടങ്ങിന് ധരിക്കുന്ന വസ്ത്രത്തിന്റെ പരസ്യത്തിന് ഒരൽപ്പമെങ്കിലും ചിരിക്കാമായിരുന്നു എന്നാണ് വിമർശനം. കൂടാതെ ഒരു ഡാർക്ക് മോഡാണ് മോഡലുകൾക്ക് നല്‍കിയതെന്നും പൊട്ട് ധരിക്കാത്തതും പ്ലെസന്റ് അല്ലാത്ത ലിപിസ്റ്റിക് ഷേഡുമെല്ലാം അരോചകമായെന്നും വിമർശനങ്ങളുയർന്നു.
എല്ലാവരും ശവസംസ്കാര ചടങ്ങിന് പോവുകയാണോ? ചിരിച്ചാൽ നിങ്ങൾക്ക് വേദനിക്കുമോ? ഫാഷന്റെ പേരിൽ എന്തിനിത്ര സങ്കടപ്പെട്ട മുഖങ്ങൾ എന്നെല്ലാം കമന്റുകളുണ്ട്. സബ്യസാചി പോലെ വിലപിടിപ്പുള്ളതു പോലും നിങ്ങൾക്ക് സന്തോഷം നൽകില്ലെന്ന് മനസ്സിലായില്ലേ എന്നും പലരും പറയുന്നുണ്ട്.
ഹെറിറ്റേജ് ബ്രൈഡൽ കലക്ഷനിൽ നിറയെ ഹെവി വർക്കുകളോടു കൂടിയ സാരി ശേഖരമാണ് സബ്യസാചി അവതരിപ്പിച്ചത്. 4 കളറുകളിലുള്ള സാരികളിലും ബോർഡറിലാണ് കൂടുതൽ ഡിസൈൻ നൽകിയത്. ഹെവി ഡിസൈൻഡ് ബ്ലൗസാണ് മാച്ച് ചെയ്തത്. വളകളും മാലകളുമടക്കമുള്ള ആക്സസറീസും ബാഗുകളുമെല്ലാം ഹെവി ലുക്കാണ് നൽകുന്നത്. കൂളിങ് ഗ്ലാസും മോഡലുകൾ പെയർ ചെയ്തിട്ടുണ്ട്.
നേരത്തെയും മോഡലുകളുടെ മുഖഭാവത്തിന്റെ പേരിൽ സബ്യസാചിയുടെ വസ്ത്ര കലക്ഷൻ വിമർശനങ്ങൾ നേരിട്ടിരുന്നു.