ആരുടെ കൊച്ചാണിത്, നീ വേലക്കാരിയാണോ എന്നൊക്കെയാണ് ചോദ്യം, എന്തിനാണ് ദ്രോഹിക്കുന്നത്: ഡിവൈൻ
Mail This Article
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഡിംപിൾ റോസ്. ഡിംപിളിന്റെ സഹോദരൻ ഡോണിന്റെ ഭാര്യ ഡിവൈനും സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രശസ്തയാണ്. നടി മേഘ്‌ന വിൻസെന്റുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമാണ് ഡോൺ ഡിവൈനെ വിവാഹം കഴിച്ചത്. അതിന്റെ പേരിൽ ഡോണിനെ വിമർശിക്കുന്നവർ ഇന്നും നിരവധിയാണ്. ഡിവൈൻ പങ്കുവെക്കുന്ന വിഡിയോകൾക്ക് അടക്കം മോശം കമന്റുകളുമായി നിരവധി പേരാണ് എത്താറുള്ളത്. അടുത്തിടെയാണ് ഇരുവർക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. അതിനു പിന്നാലെയും പല രീതിയിലുള്ള വിമർശനങ്ങളും ഇരുവരും നേരിട്ടിരുന്നു. ഇപ്പോഴിതാ ചില കമന്റുകൾ വല്ലാതെ വേദനിപ്പിച്ചന്ന് പറഞ്ഞിരിക്കുകയാണ് ഡിവൈൻ.
മകനെ പറ്റി പലരും മോശമായി കമന്റുകൾ പറയുന്നത് വല്ലാത്ത വിഷമമുണ്ടാക്കുന്നുണ്ടെന്ന് ഡിവൈൻ പറഞ്ഞു. ‘എനിക്ക് അറിയില്ല എന്തിന്റെ പേരിലാണ് ഇങ്ങനെ കമന്റ് ചെയ്യുന്നത്. നൂറിൽ 90 പേരും കൂടെയുണ്ട്, എന്നാൽ പത്തുപേർ പറയുന്നത് നമുക്ക് കൊള്ളും. ഞാൻ ആ വ്യക്തികാരണമാണ് ഫേമസ് ആയതെന്നാണ് ചിലർ പറയുന്നത്. ഞാൻ ആ വ്യക്തിയുടെ പേര് എടുത്തുപറയുന്നില്ല. കാരണം ഞാൻ അവരെ ബഹുമാനിക്കുന്നു. പക്ഷേ അതിന്റെ പേരിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് എന്നെ വേദനിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ല.
ആരെ വേണമെങ്കിലും പറഞ്ഞോട്ടെ പക്ഷെ മക്കളെ പറ്റി പല തരത്തിലുള്ള കമന്റ് പറയുന്നത് വളരെ മോശമാണ്. റിയാക്റ്റ് ചെയ്യരുതെന്നാണ് ഞാൻ ഇത്രയും നാൾ കരുതിയത്. എന്നെയോ ഡോൺ ചേട്ടനെയോ പറ്റി പറയുമ്പോൾ ഞാൻ മാക്സിമം മിണ്ടാതിരിക്കാറുണ്ട്. എന്നാൽ മകനെ ( ചാക്കോച്ചനെ) പറ്റി പറയുന്നത് കേട്ടിട്ടാണ് സങ്കടം.
നീ വേലക്കാരിയോണോ? ചാക്കോച്ചി ആരുടെ കൊച്ചാണ് എന്നൊക്കെയാണ് ചിലർ ചോദിക്കുന്നത്. ആരുടെ കൊച്ചാണെന്ന് അറിയാൻ എന്റെ വീട്ടിലെക്ക് വന്നാൽ മതി ഞാൻ പറഞ്ഞു തരാം ആരുടെ കൊച്ചാണെന്ന്. എനിക്ക് അറിയാം എന്റെ കൊച്ച് ആരുടേതാണെന്ന്. അച്ഛൻ, അമ്മ എന്ന നിലയിൽ നിങ്ങൾ ചിന്തിക്കൂ. നിങ്ങളുടെ വീട്ടിൽ വന്ന് ഇങ്ങനെ ആരെങ്കിലും പറഞ്ഞാൽ സഹിക്കുമോ? കുറ്റം പറയാൻ മാത്രം വരുന്നവരാണെങ്കിൽ വിഡിയോ കാണാതിരുന്നൂടെ. ഞാൻ ഒരു മനുഷ്യരെയും ദ്രോഹിക്കുന്നില്ല. എന്ത് കമന്റ് വന്നാലും പോട്ടെ എന്നുവെക്കുന്ന ആളാണ്.
നിങ്ങൾ കമന്റ് ചെയ്യുന്ന ഓരോ വാക്ക് കാണുമ്പോഴും മുകളിൽ ഒരാൾ അത് കാണുന്നുണ്ട്. കേസ് കൊടുക്കാനൊന്നും ഞാൻ പോകുന്നില്ല. ഇങ്ങനൊരു പ്ലാറ്റ്ഫോമിൽ എന്തും നമ്മള്‍ നേരിടണം, കാരണം പലരും പല രീതിയിൽ പെരുമാറും. അതെല്ലാം മനസ്സിലാക്കിയാണ് ഞാൻ ഇവിടെ നിൽക്കുന്നത്. ഞാൻ ഒരാളുടെയും പിന്തുണയില്ലാതെ കയറിവന്ന ഒരാളാണ്. എന്റെ വിഡിയോ കണ്ട് സപ്പോർട്ട് ചെയ്യുന്നവരൊക്കെയുണ്ട്. അത് ഇല്ലെന്നല്ല, പക്ഷെ എന്റെ വീഡിയോ ഇഷ്ടമല്ലാത്തവരാണെങ്കിൽ എന്നെ ബ്ലോക്ക് ചെയ്യുക. അല്ലാതെ എന്നെ മോശം പറയുന്നതുകൊണ്ട് എന്താണ് കിട്ടുന്നത്. നിങ്ങൾ എന്നെ ചീത്ത വിളിച്ചാൽ ഞാൻ ഡോൺ ചേട്ടനെ ഇട്ടിട്ട് പോകുമെന്ന് തോന്നുന്നുണ്ടോ? ഒരിക്കലുമില്ല. എന്റെ മക്കൾ എന്റെ ഭർത്താവ് എന്ന നിലയ്ക്ക് ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. എനിക്ക് എന്റെ ജീവിതം എന്ന് പറയുന്നത് ഡോൺ ചേട്ടനാണ്. അപ്പനും അമ്മയുമൊക്കെ കുറച്ചുകാലമേ കാണൂ. നമുക്കൊപ്പം എന്നുമുണ്ടാവുക ഭർത്താവാണ്. എനിക്ക് ഡോൺ ചേട്ടൻ കഴിഞ്ഞിട്ടേ എന്തുമുള്ളു.
ഞാൻ ഒന്നിനും മറുപടി പറയാത്തത് ഞാൻ എന്തെങ്കിലും പറഞ്ഞാൽ അതിൽ ഡോൺ ചേട്ടന്റെ പേര് വരും എന്നതുകൊണ്ടാണ്. കൊച്ചിനെ ഇങ്ങനെ വലിച്ചിടുന്നത് വളരെ വിഷമമാണ്. മക്കളെ പറ്റി ആരെങ്കിലും എന്തെങ്കിലും പറയുന്നത് എനിക്ക് ഇഷ്ടമല്ല. എന്നെ എന്തുവേണമെങ്കിലും പറഞ്ഞോളു. കൊച്ചിനെ പറയുമ്പോൾ സൂക്ഷിച്ച് പറയുക. എനിക്ക് വിഷമമുണ്ട്. എനിക്ക് വിഷമമുണ്ടെങ്കിൽ ദൈവം എനിക്ക് അതിന് ഉത്തരം തരും. എന്റെ മനസ്സ് വേദനിച്ചു. അതുകൊണ്ട് നിങ്ങൾക്ക് അതിനുള്ള ഉത്തരം ദൈവം തരും. ഇനി മേലാൽ അങ്ങനെ ചെയ്യാതിരിക്കുക. ആരെയും വേദനിപ്പിക്കാതിരിക്കുക’. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ ഡിവൈൻ പറഞ്ഞു.